ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്, സുഖമില്ല എന്നറിഞ്ഞാൽ സൈഡാക്കി കളയാമെന്ന ചിന്തയാണ് : ഡോ. എം കെ മുനീർ
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീർ. ആരോഗ്യമില്ലെന്നറിഞ്ഞാൽ നിങ്ങളെ സൈഡാക്കുമെന്നും മുനീർ പറഞ്ഞു. പണ്ട് ആരോഗ്യമില്ലെങ്കിൽ എമ്പതിയുണ്ടായിരുന്നു.
കോഴിക്കോട് : ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീർ. ആരോഗ്യമില്ലെന്നറിഞ്ഞാൽ നിങ്ങളെ സൈഡാക്കുമെന്നും മുനീർ പറഞ്ഞു. പണ്ട് ആരോഗ്യമില്ലെങ്കിൽ എമ്പതിയുണ്ടായിരുന്നു. അയാളെ സഹായിക്കണം എന്നൊരു ചിന്തയുണ്ടാകും. പിന്നെയത് സിംപതിയായി മാറി, അയാൾക്ക് അങ്ങനെ സംഭവിച്ചല്ലോയെന്ന്. പക്ഷേ ഇന്ന് സുഖമില്ല എന്നറിഞ്ഞാൽ സൈഡാക്കി കളയാമെന്ന ചിന്തയാണ്. അസുഖം വരാതെ നോക്കുക എന്നതാണ് പുതിയ തലമുറയോട് തനിക്ക് പറയാനുള്ളത്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്നും അദ്ദേഹം പറഞ്ഞു.
രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് സെപ്റ്റംബറിൽ എം കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഒരു മാസത്തോളം അദ്ദേഹം ചികിത്സിയിലായിരുന്നു. ഈ സമയത്ത് രാഷ്ട്രീയം മറന്ന് വിവിധ പാർട്ടി നേതാക്കന്മാരും സാധാരണക്കാരും തന്റെ വിവരങ്ങൾ അന്വേഷിക്കുകയും പ്രാർത്ഥനയോടെ കൂടെ നിൽക്കുകയും ചെയ്തുവെന്ന് എം കെ മുനീർ പറഞ്ഞിരുന്നു.
വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ പെട്ടവർ അന്ന് തന്നെ കാണാൻ വന്നിരുന്നുവെന്ന് എം കെ മുനീർ വെളിപ്പെടുത്തിയിരുന്നു. ഐസിയുവിലായിരുന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടോ മൂന്നോ തവണ തൻ്റെ കുടുംബത്തെ വിളിച്ച് ആരോഗ്യസ്ഥിതിയെക്കുറിച്ച് തിരക്കി. പ്രതിപക്ഷ നേതാവും ബിജെപി നേതാക്കളും ഉൾപ്പെടെ തന്റെ ആരോഗ്യാവസ്ഥയെപ്പറ്റി അന്വേഷിച്ചു. അവരൊക്കെ രാഷ്ടട്രീയം പറയാറുണ്ടെങ്കിലും അതിനപ്പുറം ഒരു മനുഷ്യനായി തന്നെ പരിഗണിച്ചുവെന്നതാണ് വലിയ പാഠം. അതിന് ശേഷം രാഷ്ട്രീയം പറയാമെങ്കിലും ഒരു വ്യക്തിയെ തേജോവധം ചെയ്യുന്ന തരത്തിലേക്ക് പോകാൻ പാടില്ലെന്ന രാഷ്ട്രീയ സത്യം താൻ മനസിലാക്കിയെന്ന് എം കെ മുനീർ നേരത്തെ റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.