'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം : മഴക്ക് മുന്നേ ദൗത്യം പൂർത്തിയാക്കാൻ വനംവകുപ്പ് 

ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യത്തിന്റെ രണ്ടാം ദിനത്തിൽ പുരോഗതി.

 

 ഇടുക്കി : ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യത്തിന്റെ രണ്ടാം ദിനത്തിൽ പുരോഗതി. രാവിലെ കാട്ടാനയെ വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റ് ഭാഗത്താണ് നിലവിൽ കാട്ടാനയുള്ളത്. ട്രാക്കിങ് ടീം ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഡ്രോൺ ഉപയോഗിച്ചും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്. രാവിലെ എട്ടിന് മുമ്പായി ആനയെ കണ്ടെത്തുക എന്നതായിരുന്നു ദൗത്യസംഘത്തിന്റെ ലക്ഷ്യം. തുടർന്ന്, മയക്കുവെടി വെക്കുന്നതിനായുള്ള ഡാർട്ടിങ് ടീം മേഖലയിലെത്തും.

ഉച്ചക്ക് ശേഷം പ്രദേശത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ പെയ്താൽ ദൗത്യം നീട്ടിവയ്‌ക്കേണ്ടി വരും. ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുല്ലും, ശക്തമായ കാറ്റും, കാഴ്ച മറക്കുന്ന കനത്ത മഞ്ഞും ദൗത്യസംഘത്തിന് വെല്ലുവിളിയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മേഖലയിലെ ആറു വാർഡുകളിൽ ഇന്നും നിരോധനാജ്ഞ തുടരുകയാണ്. ദൗത്യത്തിന്റെ ആദ്യ ദിനമായ ഇന്നലെ വൈകീട്ട് ആനക്കു നേരെ മയക്കുവെടി വെച്ചിരുന്നു. എന്നാൽ, മയങ്ങാതെ നിന്ന കൊമ്പൻ കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. പിന്നീട് ചിന്നക്കനാൽ കുടി സെറ്റിൽമെന്റ് ഭാഗത്താണ് ആനയെ അവസാനമായി കണ്ടത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ചെമ്പകത്തൊഴുകുടി ഭാഗത്ത് ആനയെ വീണ്ടും കണ്ടെത്തിയത്.

അതേസമയം, ഇന്നലെ അതിരാവിലെ ദൗത്യം തുടങ്ങിയിരുന്നുവെങ്കിലും ആന ഡാമിനോട് ചേർന്നുള്ള മേഖലയിൽ തുടരുകയാണ്. മയക്കുവെടിവെക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ ദൗത്യം മാറ്റി. ചക്കക്കൊമ്പൻ പുലർച്ചെ ജലാശയത്തിൽ എത്തിയെങ്കിലും മറുകരയിലേക്ക് നീന്തിക്കയറുകയായിരുന്നു. നിലവിൽ മയക്കുവെടി വെക്കാനാവാത്ത സ്ഥലത്താണ് ആനയുള്ളത്. കാട്ടാനയെ നിരീക്ഷിച്ച് ദൗത്യസംഘം പ്രദേശത്ത് തുടരുകയായിരുന്നു. ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതും ദൗത്യമേഖലയിലേക്ക് പോകുന്നതും ഒഴിവാക്കണമെന്നും വനംവകുപ്പ് അറിയിച്ചു.

വനംവകുപ്പ്, പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും ദൗത്യം നടക്കുന്ന സ്ഥലത്തേക്കോ സുരക്ഷാ ഉദ്യോഗസ്ഥർ നിശ്ചയിച്ചിട്ടുള്ള നിയന്ത്രിത മേഖലയിലേക്കോ പ്രവേശിക്കാൻ പാടില്ലെന്നും ജില്ലാ കലക്ടർ ഉത്തരവിറക്കിയിട്ടുണ്ട്.