മിന്നൽ മച്ചാനും കൂട്ടാളികളും എംഡിഎംഎയുമായി പിടിയിൽ

 

കൊച്ചി: എണാകുളം ടൗണിലെ വിവിധ പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധയിൽ മയക്ക് മരുന്നുമായി നാല് യുവാക്കൾ പിടിയിലായി. എറണാകുളം ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തി വന്നിരുന്ന കാസർഗോഡ് തൃക്കരിപ്പൂർ നിലംബം ദേശത്ത്, വടക്കയിൽ വീട്ടിൽ, ഷാൻ മുഹമ്മദ് ഷെരീഫ് (27) ,ഇടുക്കി ഉടുമ്പഞ്ചോല താലൂക്കിൽ കാറ്റടിക്കവല ദേശത്ത് നാട്ടുവാതിൽ വീട്ടിൽ നന്ദു എസ് ആനന്ദ് (മിന്നൽ മച്ചാൻ) (24) , മൂവാറ്റുപുഴ വെള്ളൂർക്കുന്നം വില്ലേജ് പുളിഞ്ചോട് ദേശത്ത് കണിപ്ലാക്കൽ വീട്ടിൽ ആലിഫ് മുഹമ്മദ് സൈഫുദ്ദീൻ (26) , തൃശൂർ വൈലത്തൂർ ദേശത്ത് തലക്കോട്ടൂർ വീട്ടിൽ ഫിനു ജോൺസൻ (26) എന്നിവരാണ് എറണാകുളം സിറ്റി എക്സൈസ് റേഞ്ചിന്റെ പിടിയിലായത്. 

ഇവരിൽ നിന്നായി ആകെ 17 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. എറണാകുളം ഇന്റലിജൻസ് വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലൂർ സ്റ്റേഡിയത്തിന്റെ പരിസരത്ത് നിന്ന് ഷാൻ മുഹമ്മദ് ഷെരീഫ് എന്നയാൾ എംഡിഎംഎ യുമായി പിടിയിലാകുന്നത്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൻ സംഘത്തിന്റെ ചുരുൾ അഴിഞ്ഞ് വീണത്.  എറണാകുളം ടൗണിൽ 12 ലക്ഷത്തോളം വിലവരുന്ന ആഢംബര ബൈക്കിൽ (സൂപ്പർ ബൈക്ക് ) കറങ്ങി നടന്ന് മയക്ക് മരുന്ന് കൈമാറി ശരവേഗത്തിൽ കുതിച്ച് പായുന്ന നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം എന്ന മയക്ക് മരുന്ന് സംഘത്തിലെ മിന്നൽ മച്ചാന്റെയും (നന്ദു) കൂട്ടാളികളുടെയും സംഘത്തിൽ ഉള്ളതാണെന്ന് മനസ്സിലായത്.  

മിന്നൽ മച്ചാനെക്കുറിച്ചുള്ള വിവരം നേരത്തെ തന്നെ എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചിരുന്നു എങ്കിലും, സൂപ്പർ ബൈക്കിൽ വളരെ അപകടകരമായ രീതിയിൽ കുതിച്ച് പായുന്ന നന്ദു എസ് ആനന്ദിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിടിയിലായ യുവാവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുമായി ഫിനു ജോൺസൻ , നന്ദു എസ് ആനന്ദ് എന്നിവരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് പരിസരത്ത് നിന്നും, ആലീഫിനെ ഇടപ്പള്ളി ഒബ്റോൺ മാളിന് സമീപത്ത് നിന്നുമാണ്  പിടികൂടിയത്. പിടിക്കപ്പെടുമ്പോൾ മാരക ലഹരിലായിരുന്ന ഇവരെ നാലുപേരെയും നാട്ടുകാരുടെ കൂടി സഹായത്തോടെ ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്. 

ഇവർ മയക്ക് മരുന്ന് വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഒരു സൂപ്പർ ബൈക്കും രണ്ട് ന്യൂജനറേഷൻ ബൈക്കുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു. ആലിഫ് മുഹമ്മദിന്റെ സഹായത്തോടെ ബാംഗ്ലൂരിൽ നിന്ന് മയക്ക് മരുന്ന് നേരിട്ട് എറണാകുളത്ത് എത്തിച്ച ശേഷം നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം എന്ന പേരിൽ മിന്നൽ മച്ചാനും കൂട്ടാളികളും എറണാകുളം ടൗണിൽ വ്യാപകമായി മയക്ക് മരുന്ന് വിൽപ്പന നടത്തി വരുകയായിരുന്നു. "സ്പെഷ്യൽ മെക്സിക്കൻ മെത്ത് " എന്ന വ്യാജേന ഗ്രാമിന് 4000 മുതൽ  6000 രൂപ വരെയുള്ള നിരക്കിലാണ് ഇവർ എംഡിഎംഎ വിൽപ്പന നടത്തി വന്നിരുന്നത്. പിടിയിലായ ശേഷവും നിരവധി പേരാണ് ഇവരുടെ മൊബൈൽ ഫോണിലേക്ക് മയക്ക്മരുന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നത്. ഇവരുടെ കെണിയിൽ അകപ്പെട്ട യുവതിയുവാക്കളെ കണ്ടെത്തി എറണാകുളം  കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്സൈസിന്റെ സൗജന്യ ലഹരി വിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കും. 

പിടിയിലായ നാലു പേരുടെയും മയക്ക്മരുന്ന് ഇടപാടുകളെ സംബന്ധിച്ചും, മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ചും സമഗ്രമായ അന്വേഷണംe നടത്തുമെന്ന് അധികൃതർ അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം. എസ്. ഹനീഫ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത് കുമാർ, എസ്. സുരേഷ് കുമാർ സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ.ഡി.ടോമി, സിഇഒ ഫ്രെഡി ഫർണാണ്ടസ്, എ. സിയാദ്, ഡി.ജി. ബിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.