ജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിലെ മന്ത്രിമാര്‍ ജനങ്ങളോട് വീട്ടുപകരണങ്ങള്‍ ഓഫ് ചെയ്യാന്‍ ഉപദേശിക്കുകയാണ് ; ഇത് ഭരണ പരാജയമെന്ന് രാജീവ് ചന്ദ്രശേഖര്‍
വൈദ്യുതി വിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിന് പകരം, സര്‍ക്കാര്‍ സാധാരണക്കാരായ കുടുംബങ്ങളെ പ്രതിക്കൂട്ടിലാക്കുകയാണ്.
ജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി നല്‍കാന്‍ കഴിയാത്ത ഒരു സര്‍ക്കാരിലെ മന്ത്രിമാര്‍, ജനങ്ങളോട് വീട്ടുപകരണങ്ങള്‍ ഓഫ് ചെയ്യാന്‍ ഉപദേശിക്കുന്നു!
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി. പതിറ്റാണ്ടുകളായുള്ള ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിലെ മന്ത്രിമാര്‍ ജനങ്ങളോട് വീട്ടുപകരണങ്ങള്‍ ഓഫ് ചെയ്യാന്‍ ഉപദേശിക്കുകയാണ്. ഇത് ഭരണനിര്‍വഹണമല്ല, ഭരണപരാജയം മറച്ചുവെക്കാനുള്ള കുതന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിവിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിന് പകരം, സര്‍ക്കാര്‍ സാധാരണക്കാരായ കുടുംബങ്ങളെ പ്രതിക്കൂട്ടിലാക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
''കോണ്‍ഗ്രസ്-ലീഗ് ഭരണത്തിന്റെ കഴിഞ്ഞ 120- ഓളം ദിവസങ്ങള്‍ തന്നെ, വരാനിരിക്കുന്ന നാല് വര്‍ഷങ്ങള്‍ എത്രമാത്രം ഭയാനകമായിരിക്കും എന്നതിന്റെ ഒരു മുന്നറിയിപ്പാണ്.
ജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി നല്‍കാന്‍ കഴിയാത്ത ഒരു സര്‍ക്കാരിലെ മന്ത്രിമാര്‍, ജനങ്ങളോട് വീട്ടുപകരണങ്ങള്‍ ഓഫ് ചെയ്യാന്‍ ഉപദേശിക്കുന്നു! ഇത് ഭരണനിര്‍വഹണമല്ല, സ്വന്തം ഭരണപരാജയം മറച്ചുവെക്കാനുള്ള ഒരു കുതന്ത്രം മാത്രമാണ്.
വൈദ്യുതി വിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിന് പകരം, സര്‍ക്കാര്‍ സാധാരണക്കാരായ കുടുംബങ്ങളെ പ്രതിക്കൂട്ടിലാക്കുകയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ് , പതിറ്റാണ്ടുകളായുള്ള ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് ഈ പ്രതിസന്ധിക്ക് കാരണം
സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത (Peak demand) 6,033 മെഗാവാട്ട് കടന്നിട്ടും, ആവശ്യമായ വൈദ്യുതിയുടെ 80 ശതമാനത്തിനായി ഇന്നും കേരളം ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.
കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാങ്ങല്‍ ചെലവ് 13,344 കോടി രൂപയായി കുതിച്ചുയര്‍ന്നു. അടിയന്തര ആവശ്യങ്ങള്‍ക്കായി യൂണിറ്റിന് 9 മുതല്‍ 15 രൂപ വരെ ഭീമമായ തുക നല്‍കിയാണ് ഇപ്പോള്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിക്കൂട്ടുന്നത്.
? മുന്‍കൂട്ടിയുള്ള ആസൂത്രണമില്ലാതെ കടന്നുപോയത് 20 വര്‍ഷങ്ങള്‍! വ്യക്തമായ ഒരു 'എനര്‍ജി മാസ്റ്റര്‍ പ്ലാന്‍' പോലുമില്ല, ഊര്‍ജ്ജ സ്വയംപര്യാപ്തതയും കൈവരിച്ചിട്ടില്ല. സന്ധ്യാസമയങ്ങളിലെ കടുത്ത വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ സംഭരണ സംവിധാനങ്ങള്‍ (Storage) ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു.
? ഇടുക്കി പദ്ധതിക്ക് ശേഷം മാറിമാറി ഭരിച്ച സിപിഎം, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍, വന്‍കിട ആഭ്യന്തര വൈദ്യുതോല്‍പ്പാദന പദ്ധതികളെ പൂര്‍ണ്ണമായും അവഗണിച്ചു.
ജനങ്ങള്‍ക്ക് വേണ്ടത് വളരെ ലളിതമായ കാര്യങ്ങളാണ്! പഠിക്കാനും, ജോലി ചെയ്യാനും, ഈ കൊടുംചൂടില്‍ സമാധാനത്തോടെ ഉറങ്ങാനും ആവശ്യമായ വൈദ്യുതി.
എന്നാല്‍ അവര്‍ക്ക് തിരികെ കിട്ടുന്നതോ, ഭരണാധികാരികളുടെ ഉപദേശങ്ങളും ലോഡ്‌ഷെഡ്ഡിംഗും മാത്രം!
ദീര്‍ഘവീക്ഷണമില്ലായ്മയിലും, പൊതുസംവിധാനങ്ങള്‍ തകര്‍ത്തതിലും, ജനങ്ങളെ ദുരിതത്തിലാക്കിയതിലും കോണ്‍ഗ്രസും സിപിഎമ്മും രണ്ടല്ല, ഒന്നാണ്!
ഈ ദുരവസ്ഥയ്ക്ക് കാരണക്കാരായവരെ വിചാരണ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.''