മന്ത്രി വി എൻ വാസവൻ രാജിവയ്ക്കണം ..! ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് വി എൻ വാസവന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച് 

മന്ത്രിയുടെ കോട്ടയം ഏറ്റുമാനൂരിലെ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്

 

ഷോൺ ജോർജ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേത്യത്വം നൽകിയത്

കോട്ടയം : ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി വി എൻ വാസവന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. മന്ത്രിയുടെ കോട്ടയം ഏറ്റുമാനൂരിലെ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്.ഷോൺ ജോർജ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേത്യത്വം നൽകിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച  പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചത്.

തിരുവനന്തപുരത്ത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കും ബിജെപി മാർച്ച് നടത്തി.മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.സ്വർണക്കൊള്ളയിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.

 അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഴുവൻ പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിൽ  ഇ ഡി പരിശോധന നടത്തി. പ്രതികളുടെ ആസ്തികൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ഇ ഡിയുടെ കൊച്ചി, കോഴിക്കോട്, ബെംഗളൂരു യൂണിറ്റുകളാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് മാത്രം മൂന്ന് ഇടങ്ങളിലാണ് പരിശോധന.