നാലര വർഷത്തിനുള്ളിൽ മൂന്നര ലക്ഷത്തോളം വനിതകൾക്ക് തൊഴിൽ നൽകി: മന്ത്രി വീണാ ജോർജ്
ഈ നാലര വർഷത്തിനുള്ളിൽ വനിത വികസന കോർപറേഷൻ വഴി മൂന്നര ലക്ഷത്തോളം വനിതകൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴിൽ നൽകിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്.
തിരുവനന്തപുരം: ഈ നാലര വർഷത്തിനുള്ളിൽ വനിത വികസന കോർപറേഷൻ വഴി മൂന്നര ലക്ഷത്തോളം വനിതകൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴിൽ നൽകിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ജീവിതത്തിൽ പ്രതിസന്ധി വരുമ്പോൾ തളർന്ന് പോകേണ്ടതില്ല. ആരും ഒറ്റയ്ക്കാണെന്ന ചിന്ത വേണ്ട. സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ, ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയും. അതിനെതിരെ നിൽക്കുന്ന വ്യക്തികളെ ഒന്നിച്ച് ചെറുത്ത് തോൽപ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി. എസ്‌കലേറെ ദി വിമെൻ ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വനിതകളുടെ ഉത്‌സവമാണ് എസ്‌കലേറ വനിതോത്സവം. രണ്ട് വർഷമായി വലിയ ജനപങ്കാളിത്തത്തോടെ എസ്‌കലേറ നടത്തുന്നുണ്ട്. വനിതകൾക്ക് സംരംഭങ്ങൾ തുടങ്ങാൻ വനിത വികസന കോർപറേഷൻ ഒപ്പം ഉണ്ട്. ലോൺ നൽകുക മാത്രമല്ല കൺസൾട്ടൻസി സേവനം ഉൾപ്പെടെ നൽകുന്നുണ്ട്. ഇത്തരത്തിൽ സംരംഭത്തിലേക്ക് വന്ന കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വനിതകളുടെ കൂട്ടായ്മ കൂടിയാണിത്. മറ്റുള്ളവർക്ക് പ്രചോദനമാകാൻ കൂടിയാണ് ഈ മേള സംഘടിപ്പിക്കുന്നത്.
ഈ കാലഘട്ടത്തിൽ വനിതകളുടേയും കുട്ടികളുടേയും ക്ഷേമവും ശാക്തീകരണവും ഉറപ്പാക്കാൻ വനിത ശിശു വികസന വകുപ്പ് നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നു. വകുപ്പിന്റെ വൈഫർക്കേഷൻ നടത്തി. ജെൻഡർ ബജറ്റ് അവതരിപ്പിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യത്തിൽ മികച്ച മുന്നേറ്റമാണ് കേരളം നടത്തിയത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായും വലിയ പരിശ്രമം നടത്തിയതായി മന്ത്രി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു സമ്മാനദാനം നിർവഹിച്ചു. വനിത വികസന കോർപറേഷൻ മത്സര വിജയികൾ, പാർവ്വതരോഹകയായ ബിന്ദു ഒഎൻ തുടങ്ങിയവർക്കാണ് സമ്മാനം വിതരണം ചെയ്തത്.
വികെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി, വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ, മുൻ ഐപിഎസ് ഓഫീസർ ബി സന്ധ്യ, പ്ലാനിംഗ് ബോർഡ് മെമ്പർ മിനി സുകുമാരൻ, ടോണി ജോസ് (ഐഡിഐബി ബാങ്ക്), ബീനാ പോൾ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗ്രേസ് എംഡി, ഷീബ ലിയോൺ, ആർ ഗിരിജ, പെണ്ണമ്മ തോമസ് എന്നിവർ പങ്കെടുത്തു. വനിത വികസന വകുപ്പ് ചെയർപേഴ്‌സൺ കെസി റോസക്കുട്ടി സ്വാഗതവും മാനേജിംഗ് ഡയറക്ടർ ബിന്ദു വിസി നന്ദിയും രേഖപ്പെടുത്തി.
വനിത ശിശു വികസന വകുപ്പിന്റെ ശിശുവികസന മേഖലയുടെ ഐസിഡിഎസ് അവാർഡ് വിതരണം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വനിത ശിശു വികസന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വച്ച തൃശൂർ, വയനാട് ജില്ലാ ഭരണകൂടങ്ങൾക്കുള്ള പുരസ്‌ക്കാരം, ഐ.സി.ഡി.എസ് പദ്ധതി പ്രവർത്തനത്തിൽ മികവ് പുലർത്തിയവർക്കായുള്ള സംസ്ഥാനതല അവാർഡുകൾ എന്നിവയും വിതരണം ചെയ്തു.