സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും  ഡിസ്പെൻസറികൾ ഒരുങ്ങുന്നു  : മന്ത്രി വീണാ ജോർജ്

എല്ലാ പഞ്ചായത്തിലും ഒരു ഡിസ്പെൻസറി എന്ന സ്വപ്ന സമാനമായ നേട്ടത്തിന് അരികെയാണ് കേരളം എന്ന് സംസ്ഥാന ആരോഗ്യ , വനിതാ ശിശു ക്ഷേമ വികസന വകുപ്പ് മന്ത്രി വീണാ ജോർജ്.

 

എല്ലാ പഞ്ചായത്തിലും ഒരു ഡിസ്പെൻസറി എന്ന സ്വപ്ന സമാനമായ നേട്ടത്തിന് അരികെയാണ് കേരളം എന്ന് സംസ്ഥാന ആരോഗ്യ , വനിതാ ശിശു ക്ഷേമ വികസന വകുപ്പ് മന്ത്രി വീണാ ജോർജ്.  സർക്കാർ പ്രകടന പത്രികയിൽ  നൽകിയിരുന്ന വാഗ്ദാനം ആയിരുന്നു ഇതെന്നും മന്ത്രി പറഞ്ഞു. കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ഗവ.ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിൻ്റെ ആയുഷ് പദ്ധതികൾ ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നവയാണ്. ഏത് മാനദണ്ഡം എടുത്ത് പരിശോധിച്ചാലും ഇപ്പോഴുള്ള കാലഘട്ടമാണ് ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്ന കാലഘട്ടം.  പുതിയ തസ്തികകൾ ആയുഷ് മേഖലയിൽ സൃഷ്ടിക്കാൻ സാധിച്ചു എന്നത്  സർക്കാരിൻ്റെ നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി.

2 കോടി 35 ലക്ഷം രൂപ വിനിയോഗിച്ചാണ്  കെട്ടിടം പൂർത്തിയാക്കിയത്.  26 കിടക്കകളാണ് പുതിയ ആശുപത്രി കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.  കൂടാതെ റിസപ്ഷൻ, പേഷ്യൻ്റ് വെയ്റ്റിംഗ് ഏരിയ, ഒ.പി റൂം, മെഡിക്കൽ ഓഫിസർ റൂം, ഫാർമസി, ട്രീറ്റ്മെൻ്റ് റൂം, ഫിസിയോ തെറാപ്പി യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നു. 

 വി. ശശി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രജിത ആർ, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ കെ.എസ്. പ്രിയ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശൈലജ ബീഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ജയശ്രീ പി. സി, കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ആർ. ശ്രീകണ്ഠൻ നായർ, ചീഫ് മെഡിക്കൽ ഓഫിസർ അജിത ഐ.റ്റി എന്നിവർ പങ്കെടുത്തു.