കേരളത്തെ കാൻസർ ചികിത്സയുടെ ഹബ്ബാക്കി മാറ്റി : മന്ത്രി വീണ ജോർജ്
കാൻസർ ചികിത്സയുടെ ഹബ്ബാക്കി കേരളത്തെ മാറ്റാൻ കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കാൻസർ ചികിത്സയുടെ ഹബ്ബാക്കി കേരളത്തെ മാറ്റാൻ കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2025 ഫെബ്രുവരി 4ന് സംസ്ഥാനത്ത് ആരംഭിച്ച ഏറ്റവും വലിയ ജനകീയ കാൻസർ പ്രതിരോധ കാമ്പയിനായ 'ആരോഗ്യം, ആനന്ദം, അകറ്റാം അർബുദ'ത്തിലൂടെ ഒരുവർഷത്തിൽ 2,27,348 പേർ കാൻസർ സ്‌ക്രീനിങ്ങിന് വിധേയരായെന്നും ഇതിൽ 885 പേർക്ക് രോഗം സ്ഥിരീകരിച്ച് ചികിത്സ ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു.
മിക്കപ്പോഴും നാലോ അഞ്ചോ ഘട്ടങ്ങളിൽ എത്തുമ്പോഴാണ് കാൻസർ തിരിച്ചറിയുന്നത്. ഇത് ചികിത്സ സങ്കീർണ്ണമാക്കുന്നു. രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുക എന്നതായിരുന്നു ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം. സ്ത്രീകളുടെ കാൻസർ രോഗനിർണ്ണയത്തിനാണ് കാമ്പയിൻ മുൻഗണന നൽകിയത്. കുടുംബാരോഗ്യകേന്ദ്രങ്ങൾ മുതലാണ് കാൻസർ സ്‌ക്രീനിങ് ആരംഭിച്ചത്. ഐടി പാർക്കുകൾ, സെക്രട്ടേറിയറ്റ്, മാധ്യമ പ്രവർത്തകർ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവിടങ്ങളിലും സ്‌ക്രീനിങ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും കാൻസർ ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്. കാമ്പയിന്റെ തുടർച്ചയായി ഏതൊരാൾക്കും വീടിന്റെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഇനിയും കാൻസർ സ്‌ക്രീനിങ് നടത്താമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ഗർഭാശയ കാൻസർ തടയുന്നതിനായി 11, 12 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്‌സിൻ നൽകുന്ന പദ്ധതിയും ആരോഗ്യ വകുപ്പ് ആരംഭിച്ചു.
കുട്ടികൾക്കായുള്ള പദ്ധതികൾ
കുട്ടികൾക്കായി മൂന്ന് പദ്ധതികൾ ആരോഗ്യ വകുപ്പ് ആരംഭിക്കുകയാണ്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ വളർച്ചാ വൈകല്യങ്ങൾ കണ്ടെത്തുന്നതിനായി ആരോഗ്യ, വനിതാ ശിശുവികസന വകുപ്പുകൾ സംയുക്തമായി 'ചുവടുകൾ' പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി 26 ലക്ഷം കുട്ടികളെ ഇതിനോടകം സ്‌ക്രീൻ ചെയ്തു. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിയായ 'അക്ഷരം ആരോഗ്യം' പദ്ധതിയും തുടങ്ങുകയാണ്. ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും കൗൺസിലിംഗിനുമായി 104 എന്ന നമ്പറിൽ ഡെഡിക്കേറ്റഡ് ഹെൽപ്പ് ലൈൻ സേവനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ മേഖലയിൽ 2600 കോടി രൂപയുടെ വികസന പദ്ധതികൾ
ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ മാസം മാത്രം 2600 കോടി രൂപയുടെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിൽ 643 കോടി രൂപയുടെ പദ്ധതിയായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സ്ഥാപിക്കുന്നതിനുള്ള തറക്കല്ലിടലും ഉൾപ്പെടുന്നു. ബാക്കി എല്ലാ പദ്ധതികളും നിർമാണം പൂർത്തീകരിച്ചവയാണ്. കണ്ണൂരിലെ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം, കോട്ടയം മെഡിക്കൽ കോളേജിലെ 257 കോടി രൂപയുടെ സർജിക്കൽ ബ്ലോക്ക്, ആലപ്പുഴ ഹോംകോയിലെ വികസനം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരത്ത് 242.42 കോടി രൂപ ചിലവിൽ 14 നിലകളുള്ള ആർ.സി.സിയുടെ പുതിയ കെട്ടിടം പൂർത്തിയായി. ഇതോടെ ബെഡുകളുടെ എണ്ണം 500-ൽ നിന്ന് 1000 ആയി വർദ്ധിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷനു കിഫ്ബി മുഖേന ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.