അധ്യാപകർ-ജീവനക്കാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക സർക്കാർ ലക്ഷ്യം: മന്ത്രി വി. ശിവൻകുട്ടി

വ്യവസായിക പരിശീലന രംഗത്തെ അധ്യാപകർക്കും ജീവനക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് സ്റ്റാഫ് ക്വാട്ടേഴ്‌സ് നിർമ്മാണത്തിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്  മന്ത്രി വി. ശിവൻകുട്ടി. കൽപ്പറ്റ ഗവ ഐ.ടി.ഐ കോളേജിൽ നിർമ്മിച്ച സ്റ്റാഫ് ക്വാട്ടേഴ്‌സ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

വയനാട് : വ്യവസായിക പരിശീലന രംഗത്തെ അധ്യാപകർക്കും ജീവനക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് സ്റ്റാഫ് ക്വാട്ടേഴ്‌സ് നിർമ്മാണത്തിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്  മന്ത്രി വി. ശിവൻകുട്ടി. കൽപ്പറ്റ ഗവ ഐ.ടി.ഐ കോളേജിൽ നിർമ്മിച്ച സ്റ്റാഫ് ക്വാട്ടേഴ്‌സ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  വ്യവസായിക പരിശീലന രംഗത്ത് സംസ്ഥാനത്തെ മികച്ച ഐ.ടി.ഐയായി കൽപ്പറ്റ ഗവ ഐ.ടി.ഐ മാറിയിട്ടുണ്ടെന്നും  മന്ത്രി കൂട്ടിച്ചേർത്തു.

കൽപ്പറ്റ ഗവ ഐ.ടി.ഐ വികസന മുന്നേറ്റം സൃഷ്ടിച്ച് വ്യവസായിക പരിശീലന രംഗത്ത് മികച്ച അംഗീകാരം നേടിയതായി എം.എൽ.എ. ടി. സിദ്ദിഖ് പറഞ്ഞു. കൽപ്പറ്റ ഐ.ടി.ഐയിൽ നടന്ന പരിപാടിയിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപനത്തിലെ ജീവനക്കാരിൽ കൂടുതലും മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്. സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മാണം പൂർത്തീകരിച്ചതിലൂടെ അടിസ്ഥാന സൗകര്യ മേഖലയിലെ നേട്ടമാണെന്നും എം.എൽ.എ പറഞ്ഞു. സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്റെ ശിലാഫലകം എം.എൽ.എ അനാച്ഛാദനം ചെയ്തു.

2.20 കോടി വിനിയോഗിച്ച് 460 ചതുരശ്ര മീറ്ററിൽ  മൂന്ന് നിലകളിലായാണ് ക്വാർട്ടേഴ്‌സുകൾ നിർമ്മിച്ചത്. സംസ്ഥാനത്തെ മികച്ച ഐ.ടി.ഐ അവാർഡ്, മികച്ച പ്രിൻസിപ്പാൾ അവാർഡ്, എൻ.എസ്. എസ്യൂണിറ്റ് അവാർഡ്, അഖിലേന്ത്യ ട്രേഡ്‌ടെസ്റ്റിൽ ദേശീയതലത്തിൽ മൂന്ന് റാങ്കുകൾ, മൂന്ന് ട്രെയിനികൾക്ക് 600 /600 മാർക്ക് തുടങ്ങിയ അംഗീകാരങ്ങളും കോളേജ് കരസ്ഥമാക്കിയിട്ടുണ്ട്. കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്‌സൺ എം.സൗമ്യ, കൗൺസിലർ ആർ. രഞ്ജിത്ത്, ഐ.ടി.ഐ പ്രിൻസിപ്പാൾ എസ്.എൻ ശ്രീജ, പി.ടി.എ പ്രസിഡന്റ് ഇ. കെ സതീഷ് കുമാർ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഗിരീഷ് കോഴിക്കൽ, പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് സി.എസ് അമൃത, പാലക്കാട് ട്രെയിനിങ് ഇൻസ്ട്രക്ടർ എസ്. വികാസ്, ഐ.ടി.ഐ കോളേജ്  ചെയർമാൻ നിവേദ് സുരേന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.