സ്‌കൂൾ കലോത്സവം ബഹുജനസംഗമ വേദിയാകും : മന്ത്രി വി ശിവൻകുട്ടി
ജനുവരി 4 മുതൽ 8 വരെ നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ബഹുജന സംഗമ മേളയാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ജനുവരി 4 മുതൽ 8 വരെ നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ബഹുജന സംഗമ മേളയാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിവിധ കമ്മിറ്റി കൺവീനർമാരുമായും വിവിധ സംഘടനകളുമായും ശിക്ഷക് സദനിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡി കെ മുരളി എം എൽ എ അധ്യക്ഷത വഹിച്ചു.
കലോത്സവവുമായി ബന്ധപ്പെട്ട ചെലവുകളും സ്പോൺസർഷിപ്പ് ഉൾപ്പടെയുള്ളവയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ ചെക്കായി മാത്രം സ്വീകരിക്കണം. കമ്മിറ്റികൾ തമ്മിലുള്ള ഏകോപനം കൃത്യമാകണം. കമ്മിറ്റി കൺവീനർമാർക്ക് അവരുടെ മേഖലയിൽ പരിപൂർണ്ണമായ ഉത്തരവാദിത്തമുണ്ടെന്നും എല്ലാ വിഷയങ്ങളിലും കൺവീനർമാർ നേരിട്ട് ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന, സമാപന ചടങ്ങുകളിൽ മികച്ച പ്രാതിനിധ്യം ഉറപ്പുവരുത്തണം. കലോത്സവം തുടങ്ങിക്കഴിഞ്ഞാൽ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് എല്ലാ കമ്മിറ്റികളും യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം. എല്ലാ കമ്മിറ്റികളും സംഘടനകളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മേളയുടെ സമാപന ദിവസം വരെ ഇത് തുടരണമെന്നും മന്ത്രി പറഞ്ഞു.
യുവജന വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ സ്വർണക്കപ്പിന് സ്വീകരണം നൽകണം. കലോത്സവ മത്സരാർഥികളുടെ യാത്രയ്ക്കായി മിതമായ നിരക്കിൽ ഓട്ടോറിക്ഷ സേവനം ബന്ധപ്പെട്ട സംഘടനകൾ ഉറപ്പാക്കണം. കലോത്സവത്തിന് ഉചിതമായ പ്രചാരണം കൊടുക്കാനും മത്സരവേദികളിൽ കാണികളുടെ സാന്നിധ്യം ഉറപ്പാക്കാനും സംഘടനകൾ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.