ബെംഗളൂരുവില്‍ ജീവനൊടുക്കിയ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ കുടുംബത്തെ കണ്ട് മന്ത്രി വി ശിവന്‍കുട്ടി

ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

നീതി ഉറപ്പാക്കും; ആദിത്യന്റെ കുടുംബത്തിനൊപ്പം

ബെംഗളൂരുവില്‍ ജീവനൊടുക്കിയ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ കുടുംബത്തെ കണ്ട് മന്ത്രി വി ശിവന്‍കുട്ടി. ആദിത്യന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. തന്റെ സഹപാഠികളുടെ ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നീതി ഉറപ്പാക്കും; ആദിത്യന്റെ കുടുംബത്തിനൊപ്പം

ബെംഗളൂരുവില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ ആദിത്യന്റെ വേര്‍പാട് അതീവ ദുഃഖകരവും ഒപ്പം വലിയ ആശങ്കയുണ്ടാക്കുന്നതുമാണ്. ഇന്ന് ആദിത്യന്റെ വസതി സന്ദര്‍ശിച്ചു കുടുംബാംഗങ്ങളെ നേരില്‍ കണ്ടു. ആ പ്രിയപ്പെട്ടവരുടെ വേദന വാക്കുകള്‍ക്ക് അപ്പുറമാണ്.

തന്റെ സഹപാഠികളുടെ ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ലഹരിക്കെതിരെ ഉറച്ച നിലപാടെടുത്ത ആദിത്യനെ മാനസികമായി പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു എന്നാണ് കുടുംബം ആരോപിക്കുന്നത്. കോളേജ് മാനേജ്‌മെന്റിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന കുടുംബത്തിന്റെ ഭയം ഗൗരവകരമാണ്.

ഈ സാഹചര്യത്തില്‍ കര്‍ണാടക പോലീസ് തികച്ചും നിഷ്പക്ഷമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രതികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. രാഷ്ട്രീയ ബന്ധങ്ങള്‍ നീതി നടപ്പാക്കുന്നതിന് ഒരു തരത്തിലും തടസ്സമാകരുത്. ആദിത്യന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ കേരള സര്‍ക്കാര്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കും.