തൊഴിലാളികളുടെ ശക്തിയാണ് രാജ്യത്തിൻ്റെ പുരോഗതിയെന്ന കാര്യം എല്ലാവരും തിരിച്ചറിയണം:  മന്ത്രി വി ശിവൻകുട്ടി

തൊഴിലാളികളുടെ ശക്തിയാണ് രാജ്യത്തിൻ്റെ പുരോഗതിയെന്ന കാര്യം എല്ലാവരും തിരിച്ചറിയണമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. മൂന്നാറിൽ പുതുതായി നിർമ്മിച്ച ലേബർ കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

 

തൊഴിലാളികളുടെ ശക്തിയാണ് രാജ്യത്തിൻ്റെ പുരോഗതിയെന്ന കാര്യം എല്ലാവരും തിരിച്ചറിയണമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. മൂന്നാറിൽ പുതുതായി നിർമ്മിച്ച ലേബർ കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്നാർ മേഖലയിലെ ലയങ്ങളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നടത്തും. തൊഴിൽ മേഖലയിലെ സാങ്കേതിക വ്യാപനത്തിനനുസരിച്ച് തൊഴിലാളികളുടെ ക്രയശേഷി വർദ്ധിപ്പിക്കാനുള്ള പരിശീലനങ്ങൾ നൽകാൻ  തൊഴിലാളി സംഘടനകളും ക്ഷേമനിധി ബോർഡും ശ്രദ്ധ ചെലുത്തണം. പതിനാറ് തൊഴിലാളി ക്ഷേമനിധി ബോർഡുകളാണ് കേരളത്തിലുണ്ട് എന്നത് രാജ്യത്തിന് തന്നെ അഭിമാനമാണ്. പുതിയ ലേബർ കെട്ടിട സമുച്ചയത്തിൽ തൊഴിലാളികൾക്ക് സന്തോഷപൂർവ്വം കയറിവരാനുള്ള സാഹചര്യം സൃഷ്ടിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മന്ത്രി  പറഞ്ഞു.

മൂന്നാര്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന തൊഴില്‍വകുപ്പിന്റെ  ഓഫീസുകളായ ഡെപ്യൂട്ടി ലേബര്‍ ഓഫീസ്,പ്ലാന്റേഷന്‍ ഓഫീസ്,അസിസ്റ്റന്റ് ലേബര്‍ ഓഫീസ് എന്നിവ ഒന്നിച്ച് ഒരു കോംപ്ലക്സിനുളളില്‍,സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കുകയെന്ന ഉദ്യേശത്തോടെയാണ് മൂന്നാര്‍ ലേബര്‍ കോംപ്ലക്സ് നിർമ്മിച്ചിട്ടുള്ളത്.രണ്ട്  കോടി 37 ലക്ഷം രൂപയാണ് ആകെ  ചെലവ്. ചുറ്റുമതിലും അനുബന്ധകാര്യങ്ങളും  നിര്‍മ്മിക്കേണ്ടതുണ്ട്. കെട്ടിട ചുറ്റുമതില്‍ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൻ്റെ സിവില്‍ വിഭാഗം സമര്‍പ്പിച്ച 85 ലക്ഷം രുപയുടെ എസ്റ്റിമേറ്റിന് സര്‍ക്കാര്‍ ഭരണാനുമതി നൽകിയിട്ടുണ്ട്.

പരിപാടിയിൽ അഡ്വ. എ രാജ എം എൽ എ അധ്യക്ഷത വഹിച്ചു.ലേബർ കമ്മീഷണർ സഫ്ന നമ്പറുദ്ദീൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ജാക്വലിൻ മേരി, ഗ്രാമ പഞ്ചായത്തംഗം മാർഷ് പീറ്റർ, അഡീഷണൽ ലേബർ കമ്മീഷണർ കെ എം സുനിൽ തുടങ്ങിയവർ  പങ്കെടുത്തു.