വിദേശ പഴവർഗ കൃഷി കാർഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
വിദേശ പഴവർഗ കൃഷി (എക്സോട്ടിക് ഫ്രൂട്ട്സ്) നൂതന കാർഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കുമെന്നും കാർഷിക മേഖലയെ ഉയർത്തിക്കൊണ്ടുവരാൻ സഹായകരമാകുമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്.
വയനാട് : വിദേശ പഴവർഗ കൃഷി (എക്സോട്ടിക് ഫ്രൂട്ട്സ്) നൂതന കാർഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കുമെന്നും കാർഷിക മേഖലയെ ഉയർത്തിക്കൊണ്ടുവരാൻ സഹായകരമാകുമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. സംസ്ഥാന കൃഷിവകുപ്പ്, കേര, വയനാട് ഹിൽസ് ഫാം പ്രൊഡ്യൂസർ കമ്പനി സംയുക്തമായി കളക്ടറേറ്റ് എ.പി.ജെ ഹാളിൽ സംഘടിപ്പിച്ച വിദേശ പഴവർഗ്ഗ കൃഷി വികസന ആശയ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദേശ രാജ്യങ്ങളിലെ അമൂല്യമായ കാർഷിക വിളകൾ, പഴങ്ങൾ തദ്ദേശീയമായി കൃഷി ചെയ്ത് വിജയിച്ച നിരവധി കർഷകരുണ്ട്. സംസ്ഥാനത്ത് ഇത്തരം ഫലങ്ങൾ കൃഷി ചെയ്ത് ഗുണനിലവാരവും ഉപയോഗ യോഗ്യതയും വർദ്ധിപ്പിച്ച് അന്താരാഷ്ട്ര വിപണികളിൽ സ്ഥാനം നേടിയെടുക്കാൻ നമുക്ക് കഴിയുമെന്നും അതിനായി കൃത്യമായ പ്രവർത്തനരേഖ തയ്യാറാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റു കാർഷിക വിളകളോടൊപ്പം വിദേശ പഴവർഗ്ഗ കൃഷി പ്രോത്സാഹിപ്പിക്കാൻ വിവിധ ക്ലസ്റ്ററുകളും കർഷക ഉത്പാദക സംഘടനകളും കമ്പനികളുമായി മുന്നോട്ട് പോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷകർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ വിദഗ്ധ കമ്മിറ്റി രൂപികരിച്ച് ആവശ്യമായ സാമ്പത്തിക സഹായം, അനുബന്ധ സൗകര്യങ്ങൾ ഉറപ്പാക്കും. കാർഷിക വിളകളിൽ കാണപ്പെടുന്ന രോഗ-കീട നിയന്ത്രണങ്ങൾതടയാൻ സംവിധാനങ്ങൾ ഒരുക്കുന്നതിന് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ സജ്ജീകരണങ്ങളുള്ള പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ കാർഷിക മേഖലയിലേക്ക് ഇടവിളകൾ, മറ്റ് കൃഷികൾ പരിചയപ്പെടുത്തും. കൃഷി ചെയ്യുന്നത് ലാഭകരമല്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ട എസ്റ്റേറ്റുകളിൽ കൃഷി ചെയ്യാനുള്ള പുതിയ സമീപനം സർക്കാർ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നഷ്ടത്തിലായിരിക്കുന്ന എസ്റ്റേറ്റുകൾ ലാഭകരമാക്കി മാറ്റും. പരിപാലിക്കപ്പെടാത്ത എസ്റ്റേറ്റുകളാണ് വന്യമൃഗങ്ങളുടെ വിശ്രമകേന്ദ്രങ്ങളായി മാറുന്നത്, ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ നടീൽ വസ്തുക്കൾ വികസിപ്പിച്ചെടുക്കുക സംസ്ഥാനത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആറ് മാസത്തിനകം കയറ്റുമതിക്കാരെ കേരളത്തിൽ എത്തിച്ച് എക്സ്പോർട്ടേഴ്സ് മീറ്റ് സംഘടിപ്പിച്ച് കർഷകരുമായി ബി ടു ബി കൂടിക്കാഴ്ച്ചയും ധാരണാപത്രം ഒപ്പുവെക്കലും ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എ.പി.ജെ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ എ. സുരേന്ദ്രൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.ജി സീമ, ഡബ്ല്യു.എച്ച്.എഫ്.പി.സി.എൽ. ചെയർമാൻ എം.ആർ സുനിൽകുമാർ, കേര ടെക്നിക്കൽ ഓഫീസർ എം.എസ്. പ്രമോദ് എന്നിവർ സംസാരിച്ചു.