ഇടുക്കി ഡാം എല്ലാ ദിവസവും തുറന്നു കൊടുക്കാൻ നടപടി സ്വീകരിക്കും: മന്ത്രി സണ്ണി ജോസഫ്

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടർ നടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്.

 

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടർ നടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംഘടിപ്പിക്കുന്ന ഓണോത്സവ് 2026 ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഡീൻ കുര്യാക്കോസ് എംപിയുടെയും റോയ് കെ. പൗലോസിന്റെയും അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ഓണത്തോടനബന്ധിച്ച് ഇടുക്കി ഡാം പത്ത് ദിവസത്തേക്ക് തുറക്കാൻ പ്രത്യേക ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ എല്ലാ ദിവസവും തുറക്കണമെന്നാണ് നാടിന്റെ ആവശ്യം. ഇതിനായി വൈദ്യുതി ബോർഡ് ചെയർമാനുമായും മറ്റ് ബോർഡംഗങ്ങളുമായിട്ട് സംസാരിച്ച് ഇടുക്കിക്കാരൻ എന്ന നിലയിൽ ഈ ആവശ്യത്തിനുവേണ്ടി ഉറച്ച നിലപാട് സ്വീകരിക്കും എന്ന് മന്ത്രി അറിയിച്ചു.  

ടൂറിസം രംഗത്തെ ഇടുക്കിയുടെ പ്രത്യേകതകൾ സംബന്ധിച്ച് ടൂറിസം വകുപ്പ് മന്ത്രിയെ ധരിപ്പിക്കും. ഇടുക്കി വൈദ്യുതി പദ്ധതി പ്രദേശത്ത് തന്നെ ടൂറിസം കേന്ദ്ര സഹ ഫണ്ടിന്റെ അടിസ്ഥാനത്തിൽ വികസിപ്പിക്കുന്ന ഒരു ബൃഹത്തായ പദ്ധതി സംബന്ധിച്ച് അതിവേഗം തുടർനടപടി സ്വീകരിക്കും. ഡാം സന്ദർശനവേളയിൽ ടൂറിസം മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും മന്ത്രി അറിയിച്ചു.

ഇടുക്കി ഡാം ഒരു മായാജാലമാണ്, അത്ഭുതമല്ല. 50 വർഷങ്ങൾക്ക് മുൻപ് ഇങ്ങനെ ഒരു എൻജിനീയറിങ്, ഇങ്ങനെ ഒരു ആർക്കിടെക്ചറൽ സ്‌കിൽ, ഇങ്ങനെ ഒരു കാഴ്ചപ്പാട്, അത് അതിന് നേതൃത്വം നൽകിയ നേതൃത്വത്തെയും എൻജിനീയറിങ് വിങ്ങിനെയും പ്രത്യേകമായും പ്രശംസിക്കാനും നന്ദിയും കടപ്പാടും അറിയിക്കാനും ആഗ്രഹിക്കുകയാണ്. അതിന്റെ നന്മ നിലനിർത്താൻ സാധിക്കണം.

ഇടുക്കി ജില്ലയുടെ പ്രകൃതിരമണീയത കേരളവും ലോകവും അംഗീകരിച്ചതാണ്. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോകം അംഗീകരിക്കുന്നതിൽ പ്രധാനപ്പെട്ടത് നമ്മളുടെ പ്രകൃതിസൗന്ദര്യമാണ്. നമ്മുടെ സസ്യലതാദികളും ജലസമ്പത്തും പുഴകളും തോടുകളും പച്ചപ്പുമാണ്. ഒരു ഘട്ടത്തിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 22% ആയിരുന്നു. കഴിഞ്ഞവർഷം 67% ഉള്ളിടത്തായിരുന്നു ഇത്. ഏതായാലും പ്രകൃതി നമ്മളെ കൈവിട്ടില്ല, കുറച്ചൊക്കെ മഴ കിട്ടി. ഇന്നിപ്പോൾ ജലനിരപ്പ് 57% ആയി ഉയർന്നത് ആശ്വാസമാണ്.

കേരളത്തിന്റെ പവർഹൗസായ ഇടുക്കി കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ജില്ലയാണ് എന്നതാണ് യാഥാർത്ഥ്യം. വയനാടിനെയും തിരുവനന്തപുരത്തെയും വിമാനത്താവളവും കപ്പൽത്താവളവും എല്ലാമുള്ള കൊച്ചിയെയും അപേക്ഷിച്ച് അഭ്യന്തര ടൂറിസ്റ്റുകൾക്കും വിദേശ ടൂറിസ്റ്റുകൾക്കും ഏറ്റവും ആകർഷകമായ, പ്രകൃതിരമണീയമായ, കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്ന ജില്ല ഇടുക്കി ആണ്. ഇടുക്കിയുടെ പ്രകൃതിരമണീയത നിലനിർത്താൻ സാധിക്കണം. ടൂറിസ്റ്റ് സാധ്യതകൾ നന്നായി വിനിയോഗിക്കാൻ സാധിക്കണം. ഇടുക്കി പദ്ധതി പ്രദേശത്ത് ജനങ്ങൾക്ക് സന്ദർശാനുമതി നിഷേധിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.  

ഇടുക്കിയിലെ ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കും. കാർഷിക മേഖലയിലെ യഥാർത്ഥ കൃഷിക്കാരന്റെ ഭൂമി സംബന്ധിച്ച അവകാശങ്ങൾ സർക്കാർ അംഗീകരിച്ച് അനുമതി നൽകും. റോഡ്, പാലങ്ങൾ  ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കും. വിദ്യാഭ്യാസ രംഗത്തെ ആവശ്യങ്ങൾ, മെഡിക്കൽ കോളേജിന്റെ വികസനം, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് മുൻഗണന നൽകും.

പാരിസ്ഥിതിക സ്ഥിതിവിശേഷങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ തന്നെ അത്തരം നിയമങ്ങൾ മനുഷ്യർക്ക്, കൃഷിക്കാർക്ക്, സ്ഥല ഉടമകൾക്ക്, അവിടെ താമസിക്കുന്നവർക്ക് പ്രതികൂലമാകാൻ പാടില്ല എന്ന നിലപാടിലും സർക്കാർ ഉറച്ചുനിൽക്കും.

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും കാലഘട്ടത്തിലേക്ക് കേരളത്തെ എത്തിക്കുന്നതിൽ ഇടുക്കിക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയുടെ മനോഹാരിത സംരക്ഷിക്കാൻ ഈ ഓണാഘോഷം കരുത്തുപകരട്ടെ എന്നും മന്ത്രി ആശംസിച്ചു.

സ്വദേശി ദർശൻ പദ്ധതിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് കേന്ദ്ര ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന അതിബൃഹത്തായ പ്രോജക്ട് ഇടുക്കിയിൽ യാഥാർഥ്യമാകും എന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. കേന്ദ്ര ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക ഫണ്ട് വിഹിതം ഉപയോഗപ്പെടുത്തിയാണ് ഇടുക്കി ഡാമിന്റെ ഇടതുവശത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഇക്കോ ലോഡ്ജും ലാൻഡ്‌സ്‌കേപ്പിംഗ് ഉൾപ്പെടെയുള്ള പദ്ധതികളും പൂർത്തീകരിച്ചിട്ടുള്ളത്. അതിനനുബന്ധമായാണ് പുതിയ പദ്ധതി നിർദേശവും സമർപ്പിക്കുന്നത്. ഡാം റിസർവോയറിന്റെ മുൻവശത്ത് മലമ്പുഴ ഉദ്യാനത്തിന് സമാനമായ വിധത്തിൽ അതിനേക്കാൾ മനോഹാരിതയോടെ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. പദ്ധതി നടപ്പിലാക്കാൻ കെഎസ്ഇബിയുടെയും വനവകുപ്പിന്റെയും സഹകരണം ആവശ്യമാണ്. കെഎസ്ഇബിയുടെ എൻഒസി ലഭിക്കണമെങ്കിൽ ഒട്ടേറെ കടമ്പകൾ ഉണ്ട്. കാരണം ഈ ഡാമിന്റെ നിയമം പ്രത്യേകിച്ചും കേന്ദ്ര ഡാം സേഫ്റ്റി അതോറിറ്റി ആക്ട് യാഥാർത്ഥ്യമായതിനുശേഷം അതിഭയങ്കരമായ നിയന്ത്രണമുണ്ട്. 500 മീറ്റർ ഭാഗത്ത് യാതൊരു തരത്തിലുമുള്ള നിർമ്മിതികളും പാടില്ല. എത്രയും പെട്ടെന്ന് കെഎസ്ഇബിയുടെയും വനവകുപ്പിന്റെയും അനുമതിയോടെ കേന്ദ്രസർക്കാരിനു മുൻപാകെ പദ്ധതി സമർപ്പിക്കാൻ കഴിയും എന്ന പൂർണ്ണവിശ്വാസമുണ്ടെന്നും എംപി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി ചെറുതോണിയിൽ വർണസബളമായ ഓണം വിളംബര ഘോഷയാത്രയും നടന്നു. റോയി കെ. പൗലോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പ്രൊഫ. ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംഞ്ചേരി, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സിജിമ്മി,  ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി ഉസ്മാൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.ഡി അർജുനൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കപറമ്പിൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജു നിള, ടെസ്സി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം കലേഷ് സി ജി, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ മണികണ്ഠൻ എ.,  
ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഭാഗ്യരാജ് കെ.ആർ, ഡിടിപിസി സെക്രട്ടറി  ജിതീഷ് ജോസ്, വിവിധ സംഘടനാ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.