സമാനതകളില്ലാത്ത ചെറുത്തുനിൽപ്പാണ് സ്വാതന്ത്ര്യം: മന്ത്രി ഷിബു ബേബി ജോൺ
സമാനതകളില്ലാത്ത ചെറുത്ത് നിൽപാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന് വനം, വന്യജീവി -നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ജീവനും ജീവിതവും രാജ്യത്തിനായി സമർപിച്ച അനേകരുടെ ത്യാഗത്തിന്റെ ഫലമായി
സമാനതകളില്ലാത്ത ചെറുത്ത് നിൽപാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന് വനം, വന്യജീവി -നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ജീവനും ജീവിതവും രാജ്യത്തിനായി സമർപിച്ച അനേകരുടെ ത്യാഗത്തിന്റെ ഫലമായി ലഭിച്ചതാണ് സ്വാതന്ത്ര്യം - ആശ്രാമം മൈതാനത്ത് 80-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനാധിപത്യവും മതേതരത്വവും മഹാവൃക്ഷ സമാനമായി രാജ്യത്ത് നിലനിൽക്കുന്നു. പ്രകൃതിദുരന്തങ്ങൾ വിട്ടുപോയിട്ടില്ലാത്ത പശ്ചാത്തലത്തിലെ സ്വാതന്ത്യദിനത്തിലും ദുരന്തങ്ങൾക്കെതിരെ മുൻകരുതലെടുക്കുകയാണ്. വന്യമൃഗ ഭീഷണിയിൽ നിന്ന് സംരക്ഷണം ഒരുക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ദുരന്തമുഖത്തേക്ക് സ്വമേധയാ രംഗത്ത് എത്തിക്കൊണ്ടിരിക്കുന്ന മത്സ്യ തൊഴിലാളികളിൽ പ്രതീക്ഷ അർപിക്കുകയാണ് നാട് എന്നും മന്ത്രി പറഞ്ഞു.
രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. മൈതാനത്തെത്തിയ മന്ത്രിയെ ജില്ലാ കലക്ടർ ആനി ജൂല തോമസ് സ്വീകരിച്ചു. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് ഉള്‍പ്പെടെ 23 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ജിഎച്ച്എസ് പൂയപ്പള്ളി, ക്രിസ്തുരാജ് എച്ച്എസ്എസ്, എസ്പിസി കൊല്ലം, ഇൻഫാന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് എന്നിവയിലെ ബാന്‍ഡ് പ്ലറ്റൂണുകൾ പരേഡിന് മികവേകി.
ജില്ലാ പോലീസ് ആസ്ഥാനം റിസർവ് ഇൻസ്പെക്ടർ കെ മഹേഷ് പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ വി. ദിനേശായിരുന്നു സെക്കന്റ് ഇന്‍ കമാൻടന്റ്. പരേഡിൽ പങ്കെടുത്ത പ്ലറ്റൂണുകള്‍ക്ക് മന്ത്രി മെമെന്റോ സമ്മാനിച്ചു. സർക്കാർ ടി.ടി.ഐയിലെ സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. പൂർണമായും ഹരിതച്ചട്ടവും പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
സിറ്റി പോലീസ് കമ്മിഷണർ ഹേമലത, റൂറൽ എസ് പി ഷാജി സുഗുണൻ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. മേയർ എ കെ ഹഫീസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി,സബ് കലക്ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി മേയർ ഡോ കരുമാലിൽ ഉദയാ സുകുമാരൻ, എഡിഎം എസ് സജീദ്, കൊല്ലം തഹസിൽദാർ എ.എസ്. അജിലാൽ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.