കെ സുധാകരന്റെ രാഷ്ട്രീയ ധര്‍മ്മികത  ജി സുധാകരനില്ല; രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍

ജി സുധാകരന്‍ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയന്‍ കുറ്റപ്പെടുത്തി

 

ആലപ്പുഴ: പാർട്ടിവിട്ട ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ജി സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തിയെന്ന് പറഞ്ഞ സജി ചെറിയാന്‍ കെ സുധാകരന്റെ രാഷ്ട്രീയ ധര്‍മ്മികത അദ്ദേഹത്തിനില്ലെന്നും വിമര്‍ശിച്ചു. ചേര്‍ത്തലയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.

'കെ സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷെ അദ്ദേഹം പാര്‍ട്ടിയെ ചതിച്ചില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ജി സുധാകരന്‍ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയന്‍ കുറ്റപ്പെടുത്തി. കെ സുധാകരന്‍ ആ വഞ്ചന കാണിച്ചില്ല. അതാണ് രാഷ്ട്രീയ ധാര്‍മികത. ചങ്കില്‍ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെതിരെയും സജി ചെറിയാന്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി. കോണ്‍ഗ്രസ് പിരിച്ചുവിടേണ്ട സമയമായെന്നും പാര്‍ട്ടിയില്‍ കഷ്ടപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക് വിലയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനും വിലയില്ലാത്ത അവസ്ഥയാണെന്നും സജി ചെറിയാന്‍ പരിഹസിച്ചു.