തൊഴില്‍ മേഖല കണ്ടെത്താന്‍ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി റോഷി അഗസ്റ്റിൻ 

 

ഇടുക്കി : വിദ്യാര്‍ഥികള്‍ക്ക് പഠിക്കുമ്പോള്‍ തന്നെ താല്‍പര്യമുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അനുയോജ്യമായ തൊഴില്‍ മേഖല തിരഞ്ഞെടുക്കാനും സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായുള്ള സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററുകള്‍ പ്രയോജനപ്പെടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മൂലമറ്റം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററും പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ഇത്തരം പരിശീലനം ഭാവിയിലെ തൊഴില്‍ അവസരത്തിന് പ്രയോജനപ്പെടും. കുട്ടികളിലെ ലഹരിയുടെ സ്വാധീനം മറികടക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ നിരീക്ഷിക്കാന്‍ ഷാഡോ പൊലീസുകാരുണ്ടാകും. എല്ലാ സ്‌കൂളുകളിലും ഒരു ചീഫ് പൊലീസ് ഓഫീസറെ നിയോഗിച്ചുകൊണ്ടുള്ള പുതിയ കര്‍മ്മ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. സംശയം തോന്നിയാല്‍ കുട്ടികളെയും അധ്യാപകരെയും ആവശ്യമെങ്കില്‍ അവരുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടും പൊലീസ് ഓഫീസര്‍ കാര്യങ്ങള്‍ നിരീക്ഷിക്കും. സ്‌കൂള്‍ പരിസരത്തെ കടകള്‍, സ്ഥിരമായി വരുന്ന ആളുകള്‍, കുട്ടികള്‍ പോകുന്ന വഴികള്‍, കുട്ടികള്‍ താമസിച്ചു വീട്ടിലെത്തുന്നത് തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന ഒരു കമ്മിറ്റിയും സ്‌കൂളുകളില്‍ രൂപികരിക്കും. വരും തലമുറയെ നശിപ്പിക്കുന്ന ലഹരിക്കെതിരേ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ. ജേക്കബ്  മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷാ കേരള  ജില്ലാ പ്രോജക്റ്റ് കോ-ഓഡിനേറ്റര്‍ എ.എം. ഷാജഹാന്‍ പദ്ധതി വിശദീകരിച്ചു.മൂലമറ്റം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍, ഗ്രാഫിക്സ് ഡിസൈനര്‍ എന്നീ രണ്ടു കോഴ്സുകളാണ് ആരംഭിക്കുന്നത്. 

സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുഗുണമായ തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ആദ്യമായി സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. ജില്ലയില്‍ 11 സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്. 15 വയസ് മുതല്‍ 23 വയസ് വരെയുള്ള യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതയുടെ അറിവും നൈപുണ്യവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററുകള്‍ തുടങ്ങുന്നത്. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പവും ഏതെങ്കിലും സാഹചര്യങ്ങളില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ പരിശീലനം സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററുകളിലൂടെ സാധ്യമാകും.

യോഗത്തില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം സിനി തോമസ്, ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ സിനി സെബാസ്റ്റ്യന്‍, പി.ടി.എ പ്രസിഡന്റ് പ്രകാശ് ജോര്‍ജ്, അറക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സതീശ് ചന്ദ്രന്‍, മൂലമറ്റം ജി.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ശ്രീകല പി, മൂലമറ്റം ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ.നിസ, എസ്.ഡി.സി കോര്‍ഡിനേറ്റര്‍ ദില്‍ജ ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.