ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പാക്കുക അദാലത്തുകളുടെ ലക്ഷ്യം : മന്ത്രി റോഷി അഗസ്റ്റിൻ
ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും പൂർണ്ണമായും ഉറപ്പാക്കുകയാണ് താലൂക്ക് തല അദാലത്തുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി : ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും പൂർണ്ണമായും ഉറപ്പാക്കുകയാണ് താലൂക്ക് തല അദാലത്തുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി താലൂക്ക് തല അദാലത്ത് ചെറുതോണി ടൗൺ ഹാളിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2023 ൽ ആരംഭിച്ച "കരുതലും കൈത്താങ്ങും" എന്ന താലൂക്ക് തല പരാതിപരിഹാഹാര അദാലത്ത് പദ്ധതി ജനങ്ങൾക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ജില്ലയിൽ പൂർത്തിയായ നാല് അദാലത്തുകളിലും പരമാവധി പരാതികളിൽ പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട്. പൊതുപ്രശ്നങ്ങൾക്കൊപ്പം വ്യക്തികളുടെ പ്രശ്നങ്ങളും സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. വകുപ്പുകൾ തമ്മിൽ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ പലപ്പോഴും പരാതികൾക്ക് സാഹചര്യമൊരുക്കുന്നു. ഇത്തരം വിഷയങ്ങളിൽ കൃത്യമായ പരിഹാരം കാണാൻ അദാലത്തുകൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ഗുണഭോക്താക്കൾക്ക് പതിനഞ്ച് അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളും ഒരു മുൻഗണനാ വിഭാഗം കാർഡും വിതരണം ചെയ്തുകൊണ്ടാണ് ഇടുക്കി അദാലത്തിന് തുടക്കമായത്.പരിപാടിയിൽ സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി വിഗ്നേശ്വരി ,ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് , എ ഡി എം ഷൈജു പി ജേക്കബ് ,കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ടോമി , ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് , കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ , വാഴോത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ , ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ , വാഴത്തോപ്പ് പഞ്ചായത്ത് അംഗം നിമ്മി ജയൻ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം: ഇടുക്കി താലൂക്ക് തല അദാലത്ത് ചെറുതോണി ടൗൺ ഹാളിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യുന്നു. സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ ,ജില്ലാ കളക്ടർ വി വിഗ്നേശ്വരി തുടങ്ങിയവർ സമീപം