വികസന പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണം: മന്ത്രി റോഷി അഗസ്റ്റിൻ

ജില്ലയിൽ നടന്നു വരുന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

ഇടുക്കി : ജില്ലയിൽ നടന്നു വരുന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡുകളുടെ അടക്കമുളള നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കാനുളള നടപടികൾ സ്വീകരിക്കണം. പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ചുള്ള റിപ്പോർട്ട് കളക്ടർ മുഖാന്തരം സർക്കാരിന് ലഭ്യമാക്കണമെന്നും വകുപ്പ് മേധാവികളോട് മന്ത്രി നിർദേശിച്ചു.

സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി ജില്ലയിലെ അൺഫിറ്റ് ആയ എല്ലാ സ്‌കൂൾ കെട്ടിടങ്ങളുടേയും വാല്യുവേഷൻ പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർദേശിച്ചു. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കളക്ടർ പറഞ്ഞു.

പ്രാഥമിക പരിശോധനയിൽ 43 സ്‌കൂൾ അനുബന്ധ കെട്ടിടങ്ങളാണ് അണ്ഫിറ്റാണ് എന്ന് അറിയിച്ചിരുന്നത്. വിശദ പരിശോധനയിൽ 24 കെട്ടിടങ്ങൾ മാത്രമേ അൺഫിറ്റായിട്ടുള്ളു എന്നും മറ്റുള്ളവ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ കഴിയുന്നതാണ് എന്നും കണ്ടെത്തിയിരുന്നു. അൺഫിറ്റായ കെട്ടിടങ്ങളിൽ 8 എണ്ണം എൽ.പി/യു.പി സ്‌കൂളുകളിലെ കെട്ടിടങ്ങളാണ്. അറ്റകുറ്റപ്പണികൾ നടത്തി  ഉപയോഗയോഗ്യമാക്കേണ്ട സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്തിട്ടുണ്ടെന്ന് എൻജിനീയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഇടമലക്കുടിയിലെ നിർമ്മാണം പൂർത്തിയാക്കാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ചുള്ള പരിശോധന  ജനുവരി ആദ്യ ആഴ്ച പൂർത്തിയാക്കി റിപ്പോർട്ട് ജനുവരി അഞ്ചിനകം സമർപ്പിക്കാൻ മൂന്നാർ ഡി. എഫ്.ഒയോട് കളക്ടർ നിർദേശിച്ചു. പട്ടികവർഗ വികസന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തേണ്ടത്.

ഇടമലക്കുടിയിൽ പൂർത്തിയാക്കാൻ ബാക്കിയുള്ള 3 കി.മീ റോഡ് അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് എ.രാജ എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിർദേശം കരാറുകാരന് നൽകിയിട്ടുണ്ടെന്നും പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും പൊതുമരാമത്ത് (നിരത്തുകൾ) വിഭാഗം എക്‌സി. എഞ്ചിനീയർ അറിയിച്ചു.

ഓഫ് റോഡ് ജീപ്പ് സഫാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിലെ ടൂറിസം പ്രവർത്തനങ്ങളെ മുഴുവൻ ഉൾപ്പെടുത്തിയുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുന്നുണ്ടെന്നും ഇത് നിലവിൽ വന്നാൽ സാഹസിക ടൂറിസം തുടങ്ങി എല്ലാ പ്രവർത്തനങ്ങൾക്കും വ്യക്തമായ മാർഗനിർദേശങ്ങൾ നിലവിൽ വരുമെന്ന് കളക്ടർ അറിയിച്ചു.

ജില്ലയിൽ ഇതുവരെ നിപ്പ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങൾ വൺ ഹെൽത്ത് നോഡൽ ഓഫീസറുടെ കീഴിൽ നിലവിൽ മാപ്പ് ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പ്രസ്തുത വിവരങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, വനം വകുപ്പ്, എന്നിവരെ അറിയിച്ചിട്ടുണ്ട്. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റുകൾ, ടൂറിസ്റ്റുകൾ കൂടുതലായി വരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നിപ്പ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കും.  

വന്യമൃഗ ശല്യം ഉള്ള സ്ഥലങ്ങളിൽ ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ഇതിൽ വരുമാന വർദ്ധനവ് ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.  ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രിൻസിപ്പൽ കൃഷി ഓഫീസർ, വനം വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസർ (ഐഎസ്എം)  കെ.എഫ്.ആർ. ഐ മുതലായവരെയും മറ്റ് സമാന ഏജൻസികളെയും വിദഗ്ധരെയും ഉൾപ്പെടുത്തി ജനുവരി ആദ്യവാരം യോഗം ചേരും.

സ്ഥലം ലഭ്യമല്ലാത്ത വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 61 അംഗനവാടികൾക്ക് സ്ഥലം ലഭ്യമാക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക യോഗം ജനുവരി എട്ടിന് ചേരാനും തീരുമാനിച്ചു.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി.ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, വിവിധ വകുപ്പ് ധേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.