എംജി സർവകലാശാലയിലെ മാധ്യമവിലക്ക് ജനാധിപത്യവിരുദ്ധം; ഉത്തരവ് അടിയന്തരമായി പിൻവലിക്കണം: മന്ത്രി റോജി എം. ജോൺ
എംജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഉത്തരവ് പിൻവലിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും റോജി എം ജോൺ പറഞ്ഞു.
കോട്ടയം: എംജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഉത്തരവ് പിൻവലിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും റോജി എം ജോൺ പറഞ്ഞു. ഏകാധിപത്യ പ്രവണതയുടെ ഭാഗമാണ് ഈ ഉത്തരവെന്നും ജനാധിപത്യവിരുദ്ധ സമീപനമാണ് ഉത്തരവിറക്കിയതിലൂടെ കണ്ടതെന്നും മന്ത്രി പറഞ്ഞു. മഹാത്മാ ഗാന്ധി സർവകലാശാലയിൽ വൈസ് ചാൻസിലറാണ് മാധ്യമങ്ങളെ വിലക്കിയത്.
സർവ്വകലാശാലകളിൽ ഏകാധിപത്യ നടപടികൾ അനുവദിക്കില്ല. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. സർവ്വകലാശാലയിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശിക്കുന്നതിനും വാർത്തകൾ ശേഖരിക്കുന്നതിനും വൈസ് ചാൻസലറുടെ മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. നടപടി ഏകാധിപത്യ പ്രവണതയാണ് വ്യക്തമാക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാൻ ആര് ശ്രമിച്ചാലും, അത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുക തന്നെ ചെയ്യുമെന്നും ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർവ്വകലാശാലാ അധികൃതർ തയ്യാറാകണമെന്നും റോജി എം ജോൺ ആവശ്യപ്പെട്ടു.
മന്ത്രി റോജി എം ജോണിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശിക്കുന്നതിനും വാർത്തകൾ ശേഖരിക്കുന്നതിനും വൈസ് ചാൻസലറുടെ മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് മാധ്യമ സ്വാതന്ത്ര്യം. പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതും, പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലെ സുതാര്യത ഇല്ലാതാക്കുന്നതുമായ ഇത്തരം നിയന്ത്രണങ്ങൾ ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്.
സർവ്വകലാശാലകൾ സ്വതന്ത്രമായ ചിന്തകളുടെയും ജനാധിപത്യ സംവാദങ്ങളുടെയും വേദികളാകേണ്ട ഇടങ്ങളാണ്. അവിടെ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ഏകാധിപത്യ പ്രവണതയാണ് വ്യക്തമാക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാൻ ആര് ശ്രമിച്ചാലും, അത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുക തന്നെ ചെയ്യും.
ജനാധിപത്യ വിരുദ്ധമായ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർവ്വകലാശാലാ അധികൃതർ തയ്യാറാകണം. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ മാത്രമല്ല, കേരളത്തിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരം ഏകാധിപത്യ നടപടികൾ നടപ്പിലാക്കാൻ സർക്കാർ അനുവദിക്കില്ല.