യുവജന പങ്കാളിത്തത്തിലൂടെ അഴിമതി രഹിത കേരളം സാധ്യമാക്കും: മന്ത്രി രമേശ് ചെന്നിത്തല

​​​​​​​

യുവജനതയുടെ സജീവ പങ്കാളിത്തത്തിലൂടെ അഴിമതി രഹിത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു

 

യുവജനതയുടെ സജീവ പങ്കാളിത്തത്തിലൂടെ അഴിമതി രഹിത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന 'പ്രോജക്ട് സീറോ' പദ്ധതിയുടെ വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ പൂർണമായും അഴിമതി വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'പ്രോജക്ട് സീറോ' നടപ്പാക്കുന്നത്. സർക്കാർ ഓഫീസുകളിൽ എത്തുന്ന സാധാരണക്കാർക്ക് ആത്മാഭിമാനത്തോടെ കാര്യങ്ങൾ നിർവഹിക്കാൻ കഴിയണം. ഫയലുകൾ അനാവശ്യമായി വെച്ചുതാമസിപ്പിക്കുന്നതും അഴിമതിയുടെ ഭാഗമാണെന്നും സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജനങ്ങളുടെ സേവകരാണെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

അഴിമതിക്കെതിരായ പോരാട്ടത്തിൽ യുവജനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് 'വിജിലൻസ് കമാൻഡോ' ക്യാമ്പയിൻ തുടങ്ങുന്നത്. വിവിധ കോളേജുകളിലും സ്‌കൂളുകളിലും നിന്നുള്ള വിദ്യാർഥികളെയും യുവജനങ്ങളെയും ഉൾപ്പെടുത്തി അഴിമതിക്കെതിരെ ശക്തമായ ജനകീയ സേന രൂപീകരിക്കും. മയക്കുമരുന്നിനെതിരായ 'ഓപ്പറേഷൻ തൂഫാൻ' ജനങ്ങൾ ഏറ്റെടുത്തതുപോലെ 'പ്രോജക്ട് സീറോ'യും വലിയ വിജയമാകുമെന്ന് മന്ത്രി പറഞ്ഞു.

അഴിമതിക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി, കൈക്കൂലി വാങ്ങുന്നതിനൊപ്പം കൊടുക്കുന്നതും ശിക്ഷാർഹമാണെന്ന് വ്യക്തമാക്കി. കൈക്കൂലി നൽകി കാര്യം സാധിച്ചെടുത്ത ഫയലുകൾ വീണ്ടും പരിശോധിക്കുകയും നിയമവിരുദ്ധമായി നേടിയ ഉത്തരവുകൾ റദ്ദാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

കാര്യക്ഷമതയും താൽപര്യവുമുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രമേ പ്രത്യേക പരീക്ഷയിലൂടെ ഇനി വിജിലൻസിലേക്ക് നിയമിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. സഹപ്രവർത്തകരുടെ അഴിമതി തുറന്നുകാട്ടുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ 'വിസിൽ ബ്ലോവേഴ്‌സ്' ആയി അംഗീകരിച്ച് പാരിതോഷികം നൽകും. ജനപ്രതിനിധികൾ ഉൾപ്പെടെ ആരുടെ അഴിമതിയായാലും തുറന്നുപറയാൻ ജനങ്ങൾ തയ്യാറാകണമെന്നും അഴിമതിയെ പൂജ്യത്തിലെത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഈ ജനകീയ മുന്നേറ്റത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ച് ചലച്ചിത്ര നടൻ നിവിൻ പോളിയെ സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ ആയി മന്ത്രി പ്രഖ്യാപിച്ചു. തുടർന്ന് വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് കമാൻഡോ ബാഡ്ജ് കൈമാറി. നിവിൻ പോളി വിദ്യാർഥികൾക്ക് യൂത്ത് ഇന്റഗ്രിറ്റി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ വി മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഐജി പി തോംസൺ ജോസ് സ്വാഗതം ആശംസിച്ചു. വിജിലൻസ് ഡയറക്ടർ ഡിജിപി മനോജ് എബ്രഹാം ആമുഖപ്രഭാഷണം നടത്തി. ഗവർണറുടെ സെക്രട്ടറി ഡോ. കെ വാസുകി, ലയോള ഇൻസ്റ്റിറ്റിയൂഷൻസ്  ഡയറക്ടറും മാനേജരുമായ ഫാ. സണ്ണി കുന്നപ്പള്ളിൽ, ഡയറക്ടറും സ്‌കൂൾ പ്രിൻസിപ്പലുമായ ഫാ. ഡോ സാൽവിൻ അഗസ്റ്റിൻ, ലയോള കോളേജ് പ്രിൻസിപ്പൽ ഡോ പ്രകാശ് പിള്ള എന്നിവർ ആശംസകൾ അറിയിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ് പി എസ് ആർ ജ്യോതിഷ് കുമാർ നന്ദി പറഞ്ഞു.