പോലീസിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കും; ലഹരിമാഫിയയെ വേരറുക്കാൻ സേന മുന്നിട്ടിറങ്ങണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരള പോലീസിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഘട്ടംഘട്ടമായി 30 ശതമാനമായി ഉയർത്താനുള്ള ചരിത്രപരമായ തീരുമാനമാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

 

തൃശ്ശൂർ :കേരള പോലീസിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഘട്ടംഘട്ടമായി 30 ശതമാനമായി ഉയർത്താനുള്ള ചരിത്രപരമായ തീരുമാനമാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരള പോലീസ് അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 32-ബി ബാച്ചിലെ 89 സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ സംസ്ഥാനത്തെ 63 പോലീസ് സ്റ്റേഷനുകളിൽ വനിതാ ഉദ്യോഗസ്ഥരാണ് എസ്.എച്ച്.ഒമാരായി പ്രവർത്തിക്കുന്നത്. കഠിനാധ്വാനത്തിലും അർപ്പണബോധത്തിലും കുറ്റവാളികളെ പിടികൂടുന്നതിലുമെല്ലാം പുരുഷ ഉദ്യോഗസ്ഥർക്ക് സമാനമായ മികച്ച പ്രകടനമാണ് വനിതാ ഉദ്യോഗസ്ഥർ കാഴ്ചവെക്കുന്നതെന്ന് മന്ത്രി അഭിനന്ദിച്ചു.

ജനങ്ങളാണ് പോലീസിന്റെ യജമാനന്മാരെന്നും കോടതിയും പോലീസുമാണ് ജനങ്ങളുടെ അവസാനത്തെ ആശ്രയമെന്ന ബോധ്യത്തോടെ പ്രവർത്തിച്ച് ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ പുതിയ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഓരോ പോലീസ് സ്റ്റേഷനും ജനങ്ങൾക്ക് തങ്ങളുടേതാണെന്ന വിശ്വാസം ഉണ്ടാകുന്ന തരത്തിൽ പ്രവർത്തിക്കണം. സംസ്ഥാന സർക്കാർ ആരംഭിച്ച 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഈ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്. സങ്കടങ്ങളും പരാതികളുമായി സ്റ്റേഷനിലെത്തുന്ന ഓരോ വ്യക്തിയോടും മാന്യമായി പെരുമാറുകയും നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസം വളർത്തുകയും വേണം. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യവും അധികാരവും സംരക്ഷിക്കാനുള്ള ബാധ്യത പോലീസിനുണ്ട്. സബ് ഇൻസ്പെക്ടർമാർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ചുമതല കൂടി നൽകിയത് അവരിലുള്ള സർക്കാരിന്റെ വിശ്വാസത്തിന്റെ തെളിവാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

കുറ്റാന്വേഷണത്തിലും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിലും കേരള പോലീസ് രാജ്യത്തിന് തന്നെ മാതൃകയാണ്. എപ്പോഴും വിമർശനങ്ങൾക്ക് വിധേയമാകുന്ന സേനയാണ് പോലീസെങ്കിലും, കഴിഞ്ഞ ആറുമാസക്കാലത്തിനിടെ വിമർശനങ്ങൾക്കപ്പുറം പൊതുജനങ്ങളിൽ നിന്ന് അഭിനന്ദനങ്ങളും കയ്യടികളുമാണ് കേരള പോലീസിന് ലഭിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ആധുനിക വെല്ലുവിളികളെ നേരിടാൻ സേന സജ്ജമാണ്. എന്നാൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ മാത്രം പോലീസിന്റെ ഉത്തരവാദിത്തം ഒതുങ്ങുന്നില്ലെന്നും ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ സമൂഹത്തോടുള്ള ധാർമിക ഉത്തരവാദിത്തം നിർവഹിക്കാൻ പോലീസ് മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചുമാസമായി 'ഓപ്പറേഷൻ തൂഫാൻ' വിജയകരമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിമാഫിയയെ വേരറുക്കാനും യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനും പോലീസ് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം നിർദേശിച്ചു.