സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിജിലൻസ് സേവനങ്ങളിലെ സുതാര്യത ഉറപ്പാക്കും: മന്ത്രി രമേശ് ചെന്നിത്തല

വിജിലൻസ് പ്രവർത്തനങ്ങളിലും സേവനങ്ങളിലും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുമെന്ന് ആഭ്യന്തര - വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.

 

വിജിലൻസ് പ്രവർത്തനങ്ങളിലും സേവനങ്ങളിലും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുമെന്ന് ആഭ്യന്തര - വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്വന്തമായി വികസിപ്പിച്ച സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോം ‘വിഎസിബി സ്യൂട്ട് 3.0’യുടെ ലോഞ്ചിംഗ് തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഡാറ്റ അധിഷ്ഠിതവും പ്രോ-ആക്ടീവുമായ സാങ്കേതിക പ്രവർത്തനങ്ങൾ ജനാധിപത്യ ഭരണസംവിധാനത്തോടുള്ള വിശ്വാസം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ‘വിഎസിബി സ്യൂട്ട് 3.0’ ലൂടെ കേസുകളുടെ അന്വേഷണ പുരോഗതിയും അനുബന്ധ വിവരങ്ങളും തത്സമയം പരിശോധിക്കാനാകും. ഫയലുകളിലെ കാലതാമസം ഒഴിവാക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ഡാറ്റാ സുരക്ഷിതത്വം ഉറപ്പാക്കാനും ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ കഴിയും.

മുപ്പത് വർഷത്തിന് ശേഷമാണ് വിജിലൻസ് മാനുവൽ സമഗ്രമായി പരിഷ്‌കരിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പിൽ സമഗ്രമായ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഏകദേശം ഒരു കോടിയിലധികം രൂപ ചെലവ് വരുമായിരുന്ന സംവിധാനമാണ് വിജിലൻസ് സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്തത്. വിജിലൻസിലെ സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരാണ് പുതിയ ആപ്ലിക്കേഷൻ പൂർണമായും വികസിപ്പിച്ചത് എന്നത് അഭിമാനകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അഴിമതിമുക്ത ഭരണത്തിനായി വിജിലൻസ് മികച്ച പദ്ധതികൾ നടപ്പാക്കിവരികയാണ്. ‘പ്രൊജക്ട് സീറോ’യിലൂടെ കഴിഞ്ഞ 114 ദിവസത്തിനിടെ 38 കേസുകൾ രജിസ്റ്റർ ചെയ്യുകയും 115 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. കൈക്കൂലി വാങ്ങിയ 12 പേരെ ട്രാപ്പ് ഓപ്പറേഷനിലൂടെ പിടികൂടി. ‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയിൽ 45 ലക്ഷം രൂപയുടെയും റേഷൻ ഗോഡൗൺ പരിശോധനയിൽ 18 ലക്ഷം രൂപയുടെയും സാമ്പത്തിക ക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.

വിഎസിബി സ്യൂട്ട് 3.0 യൂസർ മാനുവൽ പ്രകാശനം, വിജിലൻസ് ഉദ്യോഗസ്ഥർക്ക് മികച്ച സേവനത്തിനുള്ള ബാഡ്ജ് ഓഫ് ഓണർ, പുതുതായി രൂപകൽപ്പന ചെയ്ത യൂണിഫോം ജാക്കറ്റിന്റെ വിതരണം എന്നിവ ചടങ്ങിൽ മന്ത്രി നിർവഹിച്ചു. 

സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ അധ്യക്ഷനായ ചടങ്ങിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സ്വാഗതം ആശംസിച്ചു. മുൻ ഡിജിപി എ ഹേമചന്ദ്രൻ, വിജിലൻസ് ഹെഡ്ക്വാട്ടേഴ്‌സ് എസ് പി എസ് ആർ. ജ്യോതിഷ് കുമാർ, വിജിലൻസ് ഇന്റലിജൻസ് എസ് പി ഉജ്ജ്വൽ കുമാർ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, വിജിലൻസ് വകുപ്പിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.