കേരള ഫയർ ആൻഡ് റെസ്‌ക്യൂ ടീം അഭിമാനകരമായ കർമ്മസേന : മന്ത്രി രമേശ് ചെന്നിത്തല


ഭാഷയ്‌ക്കോ ഏതൊരുതരത്തിലുള്ള വേർതിരിവുകൾക്കോ അപ്പുറം നിന്നുകൊണ്ട്, മനുഷ്യജീവനുവേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും അഭിമാനകരമായ ഒരു കർമ്മസേനയാണ് കേരള ഫയർ ആൻഡ് റെസ്‌ക്യൂ ടീമെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.

 


ഭാഷയ്‌ക്കോ ഏതൊരുതരത്തിലുള്ള വേർതിരിവുകൾക്കോ അപ്പുറം നിന്നുകൊണ്ട്, മനുഷ്യജീവനുവേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും അഭിമാനകരമായ ഒരു കർമ്മസേനയാണ് കേരള ഫയർ ആൻഡ് റെസ്‌ക്യൂ ടീമെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിയ്യൂർ കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് അക്കാദമിയിൽ നിന്നും അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ കേരളത്തിലെ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരുടെയും പുതുച്ചേരി ഫയർ സർവീസിൽ നിന്ന് പരിശീലനത്തിനെത്തിയ എക്‌സ്റ്റേണൽ ഫയർമാൻ കോഴ്‌സിലെ പരിശീലനാർത്ഥികളുടെയും സംയുക്ത പാസ്സിംഗ് ഔട്ട് പരേഡിൽ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു അപകടമുണ്ടാകുമ്പോൾ, ആളുകൾ പരിഭ്രാന്തരായി നിൽക്കുന്ന നിമിഷത്തിൽ, ഏറ്റവും വേഗത്തിൽ അവിടെ ഓടിയെത്തി ജീവന്റെ കാവലാളായി മാറുന്നവരാണ് കേരള ഫയർ ആൻഡ് റെസ്‌ക്യൂ ടീം.ആ വേഗതയും സമയബന്ധിതമായ ഇടപെടലുമാണ് ഈ സേനയുടെ ഏറ്റവും വലിയ കരുത്തെന്ന് മന്ത്രി പറഞ്ഞു. മറ്റാർക്കും എത്താൻ കഴിയാത്തിടത്തേക്ക് കടന്നുചെല്ലാനും, ആളുകളുടെ പ്രതീക്ഷയും ധൈര്യവുമായി മാറാനും തയ്യാറാകുന്നവരുടെ യൂണിഫോമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രകൃതിദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലുമെല്ലാം ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്ന വലിയ ദൗത്യം കൂടി ഏറ്റെടുക്കുന്നതുകൊണ്ടാണ്, കേരളം ഈ സേനയെ 'ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്' എന്ന് പുനർനാമകരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു.

പരിശീലന കാലയളവിൽ നേടിയ അറിവും നൈപുണ്യവും ആത്മവിശ്വാസവും അച്ചടക്കവും സേവനകാലം മുഴുവൻ ഫലപ്രദമായി വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. തീപിടിത്തങ്ങളിൽ മാത്രമല്ല, വിവിധ അപകടങ്ങളിലും ദുരന്തങ്ങളിലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വിഭാഗമാണ് ഫയർ ആന്റ് റെസ്‌ക്യൂ സർവീസെന്നും, ജനങ്ങൾ ദുരിതത്തിലും ഭയത്തിലും കഴിയുന്ന സാഹചര്യങ്ങളിൽ രക്ഷയുടെ കരങ്ങളായി സേനാംഗങ്ങൾ പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഫലപ്രദമായി ഉപയോഗിച്ച് സേവനമികവ് ഉയർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസസിൽ പുതുതായി ചേരുന്നവർക്കും പരിശീലനം പൂർത്തിയാക്കി പുതുച്ചേരി ഫയർ സർവീസിൽ സേവനമനുഷ്ഠിക്കുന്നവർക്കും മന്ത്രി ആശംസകൾ നേർന്നു.

വിയ്യൂർ കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് അക്കാദമിയിൽ നിന്നും അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 74 ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരും 16 ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) മാരും, പുതുച്ചേരി ഫയർ സർവീസിൽ നിന്ന് പരിശീലനത്തിനായി എത്തിയ 10-മത് എക്‌സ്റ്റേണൽ ഫയർമാൻ കോഴ്‌സിലെ 39 പരിശീലാനാർത്ഥികളും 11-മത് എക്‌സ്റ്റേണൽ ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കോഴ്‌സിലെ 12 പരിശീലനാർത്ഥികളും ഉൾപ്പെടെ ആകെ 141 പരിശീലനാർത്ഥികളുടെ സംയുക്ത പാസ്സിംഗ് ഔട്ട് പരേഡ് കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്നത്.

പരിപാടിയിൽ എം എൽ.എ രാജൻ ജെ. പല്ലൻ, കേരളം ഫയർ ആൽഡ് റെസ്‌ക്യൂ സർവീസസ്, സിവിൽ ഡിഫൻസ് ആൻഡ് ഹോംഗാർഡ്‌സ് ഡയറക്ടർ ജനറൽ ബൽറാം കുമാർ ഉപാധ്യായ, ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) അരുൺ അൽഫോൺസ്, തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ടി. നാരായണൻ, കേരള പോലീസ് അക്കാദമി ഡയറക്ടർ ഐ.ജി കെ. സേതുരാമൻ, ജില്ലാ പോലീസ് മേധാവി (സിറ്റി) നകുൽ രാജേന്ദ്ര ദേശ്മുഖ്, ജില്ലാ പോലീസ് മേധാവി (റൂറൽ) മുഹമ്മദ് നദീമുദ്ദീൻ, ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർമാരായ എം.എസ്. സുവി, അഷ്‌റഫ് അലി എന്നിവർ സന്നിഹിതരായിരുന്നു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ എസ്.എൽ. ദിലീപ് പരിശീലനാർത്ഥികൾക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

പാസ്സിംഗ് ഔട്ടിൽ പങ്കെടുക്കുന്ന 141 പരിശീലനാർത്ഥികളിൽ എം.എ യോഗ്യതയുള്ള 3 പേരും, എം.കോം യോഗ്യതയുള്ള 2 പേരും, എം.എസ്.സി യോഗ്യതയുള്ള 3 പേരും, എം.സി.എ, എം.എഡ്, എം.എസ്.ഡബ്ല്യു യോഗ്യതയുള്ള ഒരാൾ വീതവും ഉൾപ്പെടുന്നു. ബി.എ., ബി.കോം യോഗ്യതയുള്ള 26 പേർ വീതവും, ബി.എസ്.സി യോഗ്യതയുള്ള 22 പേരും, ബി.ടെക് യോഗ്യതയുള്ള 20 പേരും, ബി.സി.എ യോഗ്യതയുള്ള 6 പേരും, ഡിപ്ലോമ യോഗ്യതയുള്ള 7 പേരും, ഐ.ടി.ഐ യോഗ്യതയുള്ള 7 പേരും, പ്ലസ് ടു യോഗ്യതയുള്ള 16 പേരും പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി.

പരിശീലനത്തിന്റെ ഭാഗമായി അഗ്‌നിശമന പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനം, അടിയന്തര സാഹചര്യങ്ങളെ നേരിടൽ, വിവിധ രക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, ഫയർഫൈറ്റിംഗ് സാങ്കേതികവിദ്യകൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവയിൽ പരിശീലനാർത്ഥികൾക്ക് പ്രായോഗികവും സാങ്കേതികവുമായ പരിശീലനം നൽകി. ശാരീരികക്ഷമത, അച്ചടക്കം, സേവന മനോഭാവം എന്നിവ വളർത്തുന്നതിനും പരിശീലനത്തിൽ പ്രത്യേക പ്രാധാന്യം നൽകി.

കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് അക്കാദമിയിൽ അടിസ്ഥാന, ഇൻ-സർവീസ്, എക്‌സ്റ്റേണൽ പരിശീലനങ്ങളിലൂടെ അഗ്‌നിശമന, രക്ഷാപ്രവർത്തന മേഖലകളിലെ ആധുനിക സാങ്കേതികവിദ്യകൾക്കും പ്രായോഗിക പരിശീലനത്തിനും പ്രത്യേക പ്രാധാന്യം നൽകി വരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പരിശീലനാർത്ഥികൾക്ക് പരിശീലനം നൽകുന്നതിലൂടെ അക്കാദമി ദേശീയതലത്തിലുള്ള പരിശീലന കേന്ദ്രമായി പ്രവർത്തിക്കുന്നു.