ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിനെ ആധുനികവത്കരിക്കും : മന്ത്രി രമേശ് ചെന്നിത്തല

കേരളത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിനെ ആധുനികവത്കരിക്കുന്നതിന് കേന്ദ്രത്തില്‍നിന്ന് പ്രത്യേക ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

 

കോഴിക്കോട് : കേരളത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിനെ ആധുനികവത്കരിക്കുന്നതിന് കേന്ദ്രത്തില്‍നിന്ന് പ്രത്യേക ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നരിക്കുനി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

തീയണക്കല്‍ മാത്രം ചുമതലയുണ്ടായിരുന്ന സേന ഇപ്പോള്‍ ജനരക്ഷക്കുള്ള സേവന സംഘമായി മാറിയിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ഇവരുടെ സേവനം കേരളം കണ്ടതാണ്. നീന്തല്‍ പരിശീലനം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് നടത്തുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പി കെ ഫിറോസ് എം.എല്‍.എ അധ്യക്ഷനായി. എം കെ രാഘവന്‍ എം.പി മുഖ്യാതിഥിയായി. പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍ ശ്രീജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ നിധിന്‍ അഗര്‍വാള്‍, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി ലൈല, വൈസ് പ്രസിഡന്റ് ജൗഹര്‍ പൂമംഗലം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബാലാമണി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സ്മിതി അധ്യക്ഷര്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.