ചരിത്രസൂക്ഷിപ്പുകളുടെ സംരക്ഷണത്തിന് ശക്തമായ നടപടികള്‍ വേണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

 

കോഴിക്കോട് : അമൂല്യ ചരിത്രരേഖകള്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അതിനായി ശക്തമായ നടപടികള്‍ ആവശ്യമാണെന്നും രജിസ്‌ട്രേഷന്‍ മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. 2023-ലെ കേരള പൊതുരേഖാ ബില്ലുമായി ബന്ധപ്പെട്ട് സെലക്ട് കമ്മിറ്റി കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ തെളിവെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്ര യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്ന വര്‍ത്തമാന കാലത്ത് പുരാരേഖകളും പുരാവസ്തുക്കളും സംരക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്. പുരാവസ്തുക്കളുടെ വലിയ ശേഖരം നമ്മുടെ സംസ്ഥാനത്തുണ്ട്. അവ ശരിയായ രീതിയില്‍ ശേഖരിച്ച് സംരക്ഷിക്കാന്‍ കൂടുതല്‍ സമഗ്രമായ നടപടികള്‍ ആവശ്യമാണ്. കേരളത്തിലെ ജനങ്ങള്‍ പൊതുവെ പ്രബുദ്ധരാണെങ്കിലും പുരാവസ്തു സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വേണ്ടത്ര അവബോധമില്ലെന്നും അദ്ദേഹം പറഞ്ഞു. പുരാരേഖ സംരക്ഷണത്തില്‍ ചരിത്രപരമായ ദൗത്യമാണ് പുതിയ ബില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

പൊതുരേഖകളുടെ സൂക്ഷിപ്പുമായി ബന്ധപ്പെട്ട ഭരണനിര്‍വഹണം, നടത്തിപ്പ്, മേല്‍നോട്ടം, നിയന്ത്രണം എന്നീ കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാരിനുള്ള അധികാരം, പൊതുരേഖകള്‍ സംസ്ഥാനത്തിനു വെളിയില്‍ കൊണ്ടു പോകുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍, റിക്കാര്‍ഡ് ഓഫീസര്‍മാരുടെ ചുമതലകള്‍, പൊതുരേഖകള്‍ നശിപ്പിക്കലും തീര്‍പ്പാക്കലും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍, സ്വകാര്യ സ്രോതസ്സുകളില്‍ നിന്നും രേഖകള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ബില്ലിന്റെ ഭാഗമാണ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ശാശ്വത മൂല്യമുള്ള രേഖകള്‍ 25 വര്‍ഷം കഴിയുമ്പോള്‍ പുരാരേഖ വകുപ്പിന് കൈമാറണമെന്ന് വ്യവസ്ഥചെയ്യുന്ന ബില്ല്, പുരാരേഖകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

പുരോഖകളുടെ സമാഹരണം, അവയുടെ സൂക്ഷിപ്പ് ഉള്‍പ്പെടെ ബില്ലുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ യോഗത്തില്‍ പങ്കെടുത്തവര്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ തയ്യാറാക്കി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

യോഗത്തില്‍ സെലക്ട് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കമ്മിറ്റി അംഗങ്ങളും എംഎല്‍എമാരുമായ എം രാജഗോപാലന്‍, കാനത്തില്‍ ജമീല, എം വിന്‍സെന്റ്, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കേരള നിയമസഭ ഡെപ്യൂട്ടി സെക്രട്ടറി ഷീബ വര്‍ഗീസ്, ആര്‍ക്കൈവ്‌സ് ഡയരക്ടര്‍ ഇന്‍ചാര്‍ജ് പാര്‍വതി, എഡിഎം സി മുഹമ്മദ് റഫീഖ്, ജില്ലാ ആര്‍ക്കൈവിസ്റ്റ് വി വി രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.