വയോജന കമ്മീഷന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ രൂപീകരിക്കും: മന്ത്രി ആര്‍ ബിന്ദു

വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്ന പരിഹാരങ്ങള്‍ക്കുമായി സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ വയോജന കമ്മീഷന് രൂപം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കമ്മീഷന്‍ നിലവില്‍ വരുന്നതോടെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്

 


കോഴിക്കോട് : വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്ന പരിഹാരങ്ങള്‍ക്കുമായി സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ വയോജന കമ്മീഷന് രൂപം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കമ്മീഷന്‍ നിലവില്‍ വരുന്നതോടെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍ പരിഹാരം കാണാനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു.

ജില്ലാതല വയോജന കമ്മിറ്റി അംഗങ്ങള്‍ക്കായുള്ള ഏകദിന പരിശീലനം കോഴിക്കോട് ഐഎംജിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉപയോഗിച്ച് വലിച്ചെറിയുകയെന്ന ഡിസ്‌പോസിബ്ള്‍ സംസ്‌ക്കാരവും കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റവും വയോജന സംരക്ഷണത്തില്‍ വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചതായും ഇത് പരിഹരിക്കുന്നതിന് സര്‍ക്കാരും സമൂഹവും സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ആരോഗ്യ മേഖലയില്‍ നാം നേടിയ പുരോഗതി കാരണം കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലായതിനാല്‍ സംസ്ഥാനത്ത് വയോജനങ്ങളുടെ എണ്ണം കൂടിവരികയാണ്. അടുത്ത വര്‍ഷത്തോടെ ജനസംഖ്യയുടെ കാല്‍ഭാഗം വയോജനങ്ങളായി മാറുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ടു തന്നെ വയോജനങ്ങളുടെ സംരക്ഷണത്തിനായി സമഗ്ര പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും മന്ത്രി അറിയിച്ചു.

വയോജനങ്ങളെ സംരക്ഷിക്കുകയെന്നത് ധാര്‍മിക ഉത്തരവാദിത്തം മാത്രമല്ല, അത് നിയമപരമായ ബാധ്യത കൂടിയാണെന്ന ബോധം പുതിയ തലമുറയില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അവരുടെ സംരക്ഷണം ഏറ്റെടുക്കാത്തവര്‍ക്കെതിരേ ശക്തമായ ശിക്ഷാ നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ രാജ്യത്തുണ്ടെന്നും അവര്‍ പറഞ്ഞു.

വയോജന സംരക്ഷണത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളെ കൂടുതലായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികള്‍ വരേണ്ടതുണ്ടെന്നും വയോജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ സാക്ഷരത ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, വയോജനങ്ങളുടെ വൈകാരിക ആരോഗ്യം ശക്തിപ്പെടുത്തുന്നതിന് തലമുറകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം. വയോജനങ്ങളുടെ നൈപുണ്യവും അനുഭവങ്ങളും സമൂഹത്തിന് ഉപയോഗപ്പെടുത്താന്‍ പാകത്തിലുള്ള സംവിധാനം ഒരുക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ സംസ്ഥാന വയോജന കൗണ്‍സില്‍ കണ്‍വീനര്‍ അമരവിള രാമകൃഷ്ണന്‍ അധ്യക്ഷനായി. കൗണ്‍സില്‍ അംഗങ്ങളായ പ്രഫ. കെ എ സരള, വി എ എന്‍ നമ്പൂതിരി, സാമൂഹ്യനീതി ഡയരക്ടര്‍ എച്ച് ദിനേശന്‍ സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഞ്ജു മോഹന്‍ നന്ദിയും പറഞ്ഞു.

പരിശീലന പരിപാടിയില്‍ വിവിധ വിഷയങ്ങളിൽ എല്‍എസ്ജിഡി അസിസ്റ്റന്റ് ഡയരക്ടര്‍ കെ സരുണ്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലിസ് എ ഉമേഷ്, കോഴിക്കോട് ജനറല്‍ ആശുപത്രിയിലെ ഡോ. ജമീല്‍ ഷജീര്‍, കണ്‍സിലിയേഷന്‍ ഓഫീസര്‍ അഡ്വ. പി മോഹനന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബി രാജീവ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.