കേരളത്തെ ബഹിരാകാശ-പ്രതിരോധ വ്യവസായങ്ങളുടെ കേന്ദ്രമാക്കും:മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

ബഹിരാകാശ, വ്യോമയാന, പ്രതിരോധ വ്യവസായങ്ങളുടെ പ്രമുഖ ലക്ഷ്യസ്ഥാനമായി കേരളത്തെ വികസിപ്പിക്കുമെന്ന് വ്യവസായ, വാണിജ്യ, ഐടി വകുപ്പ് മന്ത്രി പി കെ  കുഞ്ഞാലിക്കുട്ടി പറഞ്ഞു

 

ബഹിരാകാശ, വ്യോമയാന, പ്രതിരോധ വ്യവസായങ്ങളുടെ പ്രമുഖ ലക്ഷ്യസ്ഥാനമായി കേരളത്തെ വികസിപ്പിക്കുമെന്ന് വ്യവസായ, വാണിജ്യ, ഐടി വകുപ്പ് മന്ത്രി പി കെ  കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ ബഹിരാകാശ വ്യാവസായിക അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനായി വ്യവസായ മേഖലയിലെ പ്രമുഖരുമായി തിരുവനന്തപുരത്ത് നടന്ന  കൺസൾട്ടേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പുതിയ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായ-അക്കാദമിക് രംഗങ്ങൾ തമ്മിലുള്ള സഹകരണത്തിനും സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി.

ബഹിരാകാശ-പ്രതിരോധ മേഖലകളിൽ കേരളത്തിനുള്ള വലിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർക്കാർ പൂർണസജ്ജമാണ്. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സാങ്കേതിക മുന്നേറ്റത്തിനുമായി ആവശ്യമായ എല്ലാ പിന്തുണയും നൽകും. ഈ ദൗത്യം വിജയകരമായി കൈവരിക്കുന്നതിന് പുതിയ സംരംഭങ്ങൾക്കായുള്ള വിശദമായ നിർദേശങ്ങൾ ബന്ധപ്പെട്ട അധികൃതരും വ്യവസായ പ്രമുഖരും സമർപ്പിക്കണം. ലഭിക്കുന്ന എല്ലാ വിലയേറിയ നിർദേശങ്ങളും സർക്കാർ ഗൗരവമായി പരിശോധിക്കുകയും സമയബന്ധിതമായി നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കരട് ബഹിരാകാശ വ്യവസായ നയം പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനായി പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് ഇലക്ട്രോണിക്സ് & ഐടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവറാവു പറഞ്ഞു. നയം കൂടുതൽ സമഗ്രവും നിക്ഷേപക സൗഹൃദവുമാക്കാൻ വ്യവസായ-വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ചു. കേരള സ്പേസ് പാർക്കിന്റെ കാഴ്ചപ്പാടും 'കേരള സ്പേസ് ഇക്കോണമി മിഷൻ' ഉൾപ്പെടെയുള്ള ഭാവി പദ്ധതികളും കെ-സ്പേസ് സിഇഒ ജി ലെവിൻ ചടങ്ങിൽ അവതരിപ്പിച്ചു.

വിഎസ്എസ്‌സി ഡയറക്ടർ ഡോ. യു പി രാജീവ്, എൽപിഎസ്‌സി ഡയറക്ടർ ഡോ.  എൻ ജയൻ, ഐഐഎസ്‌യു ഡയറക്ടർ ജോജി ചാമൻ, ഐഐഎസ്ടി വൈസ് ചാൻസലർ പ്രൊഫ. ദീപങ്കർ ബാനർജി, ബിഎടിഎൽ എംഡി ഡോ. എം  അറുമുഖം എന്നിവരും പ്രമുഖ എയ്റോസ്പേസ് കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും അൻപതോളം സിഇഒ മാരും ചർച്ചയിൽ പങ്കെടുത്തു. ഗഗൻയാൻ, ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ, ചന്ദ്രദൗത്യം, ന്യൂ ജനറേഷൻ ലോഞ്ച് വെഹിക്കിൾ തുടങ്ങിയ ഐഎസ്ആർഒ പദ്ധതികൾ മികച്ച അവസരങ്ങളാണ് തുറന്നുനൽകുന്നതെന്ന് ഐഎസ്ആർഒ സെന്റർ ഡയറക്ടർമാർ യോഗത്തിൽ അറിയിച്ചു.

ബഹിരാകാശ മേഖലയിലെ വൻ സാധ്യതകളും 400-ലധികം സ്റ്റാർട്ടപ്പുകളുടെ നേതൃത്വത്തിൽ സ്വകാര്യ മേഖല കൈവരിക്കുന്ന അതിവേഗ വളർച്ചയും ഐഎസ്ആർഒ കേന്ദ്ര ഡയറക്ടർമാർ യോഗത്തിൽ വിശദീകരിച്ചു. ഗഗൻയാൻ, ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ, ചന്ദ്രദൗത്യം, ന്യൂ ജനറേഷൻ ലോഞ്ച് വെഹിക്കിൾ തുടങ്ങിയ ഐഎസ്ആർഒ പദ്ധതികൾ രാജ്യത്ത് പുതിയ നിക്ഷേപ-വ്യവസായ സാധ്യതകൾ സൃഷ്ടിക്കുകയാണെന്നും, അവ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കേരളത്തിലെ എയ്റോസ്പേസ് ആവാസവ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

പ്രതിരോധ എയ്റോസ്പേസ് മേഖലയിലും സംസ്ഥാനത്തിന് വലിയ സാധ്യതകളാണുള്ളത്. ബിഎടിഎൽ യുടെ രണ്ടാം യൂണിറ്റ് യാഥാർഥ്യമാകുന്നതോടെ പ്രതിരോധ മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ കേരളത്തിന് കഴിയുമെന്നും യോഗം വിലയിരുത്തി. ഭൂമിയുടെ ലഭ്യത, പൊതു ടെസ്റ്റിങ് സൗകര്യങ്ങൾ, നൈപുണ്യ വികസനം, സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണ, തദ്ദേശീയ നിർമാണം, വ്യവസായ-അക്കാദമിക് സഹകരണം, കയറ്റുമതി പ്രോത്സാഹനം, നിക്ഷേപ സൗകര്യവൽക്കരണം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. പൊതുവായ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുക, സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, ടെസ്റ്റിങ് ലബോറട്ടറികൾ സ്ഥാപിക്കുക, കേരളത്തിൽ എയ്റോസ്പേസ് നിർമാണത്തിന് അനുകൂലമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ നിർദേശങ്ങളും വ്യവസായ പ്രതിനിധികൾ മുന്നോട്ടുവച്ചു.

യോഗത്തിൽ ഉയർന്നുവന്ന എല്ലാ നിർദേശങ്ങളും സർക്കാർ ഗൗരവമായി പരിശോധിച്ച് സമയബന്ധിതമായി ആവശ്യമായ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പുനൽകി.