ഡിജിറ്റൽ സാക്ഷരതയില്ലാതെ മുന്നോട്ടുപോകാനാകില്ല: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് സമൂഹത്തെ സജ്ജമാക്കേണ്ടത് ഭരണാധികാരികളുടെയും കമ്മ്യൂണിറ്റി ലീഡർമാരുടെയും ചുമതലയാണെന്ന് വിവരസാങ്കേതികവിദ്യ, നിർമിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് സമൂഹത്തെ സജ്ജമാക്കേണ്ടത് ഭരണാധികാരികളുടെയും കമ്മ്യൂണിറ്റി ലീഡർമാരുടെയും ചുമതലയാണെന്ന് വിവരസാങ്കേതികവിദ്യ, നിർമിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഡിജിറ്റൽ യുഗത്തിൽ സാക്ഷരതയും സാങ്കേതിക അറിവും ഇല്ലാതെ ജനങ്ങൾക്ക് ഇനി മുന്നോട്ടു പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ സുരക്ഷാ ബോധവൽക്കരണത്തിനായി കേരള സ്റ്റേറ്റ് ഐടി മിഷന്റെയും ഐസിടി അക്കാദമിയുടെയും സഹകരണത്തോടെ വകുപ്പ് നടപ്പിലാക്കുന്ന സൈബർ ജാഗ്രത കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി സാങ്കേതികവിദ്യയെ ഉപയോഗിക്കാൻ തുടങ്ങിയതോടെ നിരവധി പ്രശ്‌നങ്ങളും കെണികളും ഉയർന്നുവരുന്നുണ്ട്. ഇന്ന് ജനജീവിതം ടെക്‌നോളജി അസിസ്റ്റഡ് ആയി മാറി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. കൃത്യമായ ധാരണയില്ലെങ്കിൽ വലിയ ചൂഷണങ്ങൾക്കും കെണികൾക്കും ഇരയാകുമെന്നും മന്ത്രി പറഞ്ഞു.
ടെക്‌നോളജി സുരക്ഷിതമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് സാധാരണക്കാരെ ചൂഷണം ചെയ്യാനുള്ള മാർഗമായി മാറും. ഈ സാഹചര്യത്തിലാണ് സർക്കാർ ഡിജിറ്റൽ സുരക്ഷ മുൻനിർത്തി വിപുലമായ കാമ്പയിനുകളുമായി മുന്നോട്ടു പോകുന്നത്. സൈബർ ജാഗ്രത വളരെ പ്രധാനപ്പെട്ടതാണെന്നും മറ്റു വകുപ്പ് മന്ത്രിമാർ ഉൾപ്പെടെ എല്ലാവരും കൈകോർത്ത് നടത്തേണ്ട ഇത്തരം പദ്ധതികൾ സമൂഹത്തിന് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരും സമൂഹവും കൈകോർക്കുന്ന ഒരു വലിയ ജനകീയ കൂട്ടായ്മയായിട്ടാണ് ഈ കാമ്പയിൻ വിഭാവനം ചെയ്തിരിക്കുന്നതെന്ന് അധ്യക്ഷനായ മന്ത്രി സി പി ജോൺ പറഞ്ഞു. കേവലം അക്ഷരജ്ഞാനം കൊണ്ട് മാത്രം ജീവിക്കാൻ കഴിയാത്ത വിജ്ഞാന സമൂഹത്തിൽ സൈബർ അറിവ് അത്യാവശ്യമാണ്. ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും സുരക്ഷാ മാർഗങ്ങളെക്കുറിച്ചും കൃത്യമായ ധാരണയില്ലാത്തതിനാൽ നിരവധിയാളുകൾ കെണിയിൽ അകപ്പെടുന്ന സാഹചര്യത്തിലാണ് ഈ ബോധവൽക്കരണ യജ്ഞം ആരംഭിച്ചിട്ടുള്ളത്. സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾ, ചെറുപ്പക്കാർ, വീട്ടമ്മമാർ എന്നിവരെ വോളന്റിയർമാരായും ആയിരക്കണക്കിന് ആളുകളെ പദ്ധതിയുടെ അംബാസഡർമാരായും പങ്കാളികളാക്കി ജനങ്ങളിലേക്ക് നേരിട്ട് സൈബർ സുരക്ഷാ വിവരങ്ങൾ എത്തിക്കും. 25 വർഷം മുൻപ് മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ച ചരിത്രപ്രസിദ്ധമായ 'അക്ഷയ' പദ്ധതിയുടെ മാതൃകയിലാണ് ഈ കാമ്പയിൻ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സൈബർ ജാഗ്രതാ സെയ്ഫ്‌ടെക് കാമ്പയിന്റെ പോർട്ടൽ പ്രകാശനം മന്ത്രി റോജി എം ജോണും ഭാഗ്യമുദ്ര 'കിയോ' യുടെ പ്രകാശനം മന്ത്രി എൻ ഷംസുദ്ദീനും അംബാസഡർമാരെ ക്ഷണിച്ചുകൊണ്ടുള്ള വീഡിയോയുടെ പ്രകാശനം മന്ത്രി ബിന്ദു കൃഷ്ണയും നിർവഹിച്ചു.
വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു മുഖ്യപ്രഭാഷണം നടത്തി. ഐടി മിഷൻ ഡയറക്ടർ സച്ചിൻ കുമാർ യാദവ് സ്വാഗതം ആശംസിച്ചു. ഇന്നവേഷൻ ആൻഡ് റിസർച്ച് മേധാവി ആൽഫ എസ് എസ്, ഐസിടി അക്കാദമി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുരളീധരൻ മന്നിങ്ങൽ തുടങ്ങിയവർ സന്നിഹിതരായി.
സാമ്പത്തിക തട്ടിപ്പ്, ഫിഷിംഗ്, വ്യക്തിത്വ മോഷണം, വ്യാജവിവര പ്രചരണം, സൈബർ ബുള്ളിയിങ് തുടങ്ങിയ ഓൺലൈൻ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സ്‌കൂളുകൾ, കോളേജുകൾ, കുടുംബശ്രീ, ഐസിഡിഎസ്, അങ്കണവാടികൾ തുടങ്ങിയ ശൃംഖലകളിലൂടെയാണ് പ്രവർത്തനം. സ്‌കൂളുകൾ, കോളേജുകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സെയ്ഫ്‌ടെക് ക്ലബ്ബുകൾ സ്ഥാപിക്കും. ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലും കുറഞ്ഞത് ഒരു കമ്മ്യൂണിറ്റി അംബാസഡർ ഉണ്ടായിരിക്കും.