രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ പൊതുജനാരോഗ്യ മേഖലയെ ആശ്രയിക്കുന്നത് കേരളത്തിൽ : മന്ത്രി പി രാജീവ്

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പൊതുജനാരോഗ്യ മേഖലയെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജനത കേരളത്തിലേതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി മെഡിക്കൽ കോളേജിലെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ആശുപത്രികളിലെ മികച്ച സേവനത്തിന് തെളിവാണ് വർധിച്ചുവരുന്ന ജനപങ്കാളിത്തം. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 11 കോടി ആളുകളാണ് ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. കൂടാതെ, ഐ.പി വിഭാഗത്തിലായി ഒന്നേകാൽ ലക്ഷത്തോളം ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ തന്നെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ സംവിധാനമുള്ള ഏക സർക്കാർ ആശുപത്രി കേരളത്തിലാണെന്നും അപകടങ്ങളിൽ തലയ്ക്ക് പരിക്കേൽക്കുന്നവർക്ക് ആവശ്യമായ ന്യൂറോ സർജറി സൗകര്യങ്ങൾ ഇപ്പോൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ആരോഗ്യവകുപ്പിലാണ്. പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനായി മാത്രം 90 തസ്തികകൾ പുതുതായി സൃഷ്ടിച്ചു, കൂടുതൽ തസ്തികകൾ സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. 

കിഫ്ബി മുഖേന 286.66 കോടി രൂപ ചെലവഴിച്ചാണ് കളമശ്ശേരിയിൽ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. കൊച്ചിൻ ക്യാൻസർ സെന്ററിലും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തുന്ന രോഗികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി രണ്ട് പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾ കൂടി അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.