മലയാളികള്‍ക്ക് തൊഴില്‍ കിട്ടുന്ന സംരംഭങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന : മന്ത്രി പി രാജീവ്

കൊച്ചി: മലയാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കെഎസ്ഐഡിസി കൊച്ചിയില്‍ സംഘടിപ്പിച്ച ഭക്ഷ്യസംസ്ക്കരണ-സാങ്കേതിക മേഖലയ്ക്കായുള്ള കേരള ഫുഡ്ടെക് കോണ്‍ക്ലേവ് 2024 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കൊച്ചി: മലയാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കെഎസ്ഐഡിസി കൊച്ചിയില്‍ സംഘടിപ്പിച്ച ഭക്ഷ്യസംസ്ക്കരണ-സാങ്കേതിക മേഖലയ്ക്കായുള്ള കേരള ഫുഡ്ടെക് കോണ്‍ക്ലേവ് 2024 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍കിട ഉത്പാദന വ്യവസായത്തില്‍ കേരളത്തിന് അവസരങ്ങള്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് പി രാജീവ് പറഞ്ഞു. നമ്മുടെ നാട്ടുകാര്‍ക്ക് പരമാവധി തൊഴിലവസരം നല്‍കുകയെന്നതാണ് സര്‍ക്കാരിന്‍റെ മുന്‍ഗണന. അതിനാല്‍ തന്നെയാണ് ഭക്ഷ്യസംസ്ക്കരണ-സാങ്കേതിക മേഖലയില്‍ എംഎസ്എംഇകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നത്.

ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായമന്നതാണ് സര്‍ക്കാരിന്‍റെ നയം. സംരംഭകരുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന രീതിയിലേക്ക് വ്യവസായവകുപ്പ് സ്വയം പരിവര്‍ത്തനം ചെയ്തു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായവകുപ്പ് നിരവധി പദ്ധതികളും ചട്ടഭേദഗതികളും കൊണ്ടു വന്നിട്ടുണ്ട്. ഇതെക്കുറിച്ച് സംരംഭകര്‍ക്കിടയില്‍ അവബോധം ഉണ്ടാകണം.
എംഎസ്എംഇ ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നു. ഏത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും സംരംഭങ്ങള്‍ക്ക് പദ്ധതിയില്‍ ചേരാം. പ്രീമിയത്തിന്‍റെ പകുതി സര്‍ക്കാര്‍ അടയ്ക്കുന്ന വിധത്തിലാണ് ഇതിന്‍റെ സംവിധാനമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായങ്ങള്‍ക്ക ആവശ്യമായ നൈപുണ്യ ശേഷിയുള്ള തൊഴിലാളികളാണ് ഇന്ന് ആവശ്യം. അതിനു വേണ്ടിയാണ് കാമ്പസ് വ്യവസായപാര്‍ക്കുകള്‍ ആരംഭിക്കാന്‍ പോകുന്നത്. ഇതിനു പുറമെ 27 സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. സംരംഭക വര്‍ഷം പദ്ധതി പ്രകാരം 2,75,000 സംരംഭങ്ങളാണ് തുടങ്ങിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിക്ഷേപക സംഗമങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഫെബ്രുവരിയില്‍ നടക്കുന്ന നിക്ഷേപക സംഗമം കോടികളുടെ സ്ഥിതിവിവരക്കണക്കുകളേക്കാള്‍ പദ്ധതികള്‍ നടപ്പാക്കുമെന്നതിന്‍റെ ഉറപ്പായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സൂക്ഷ്മ ഭക്ഷ്യസംസ്ക്കര യൂണിറ്റുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ലക്ഷ്യത്തിനപ്പുറത്തേക്ക് കേരളം പോയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2500 യൂണിറ്റുകളെന്നതിനപ്പുറം 2548 യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഗുണമേډയാണ് ഭക്ഷ്യസംസ്ക്കരണ സംരംഭങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. പ്രവാസികള്‍ വഴി ഏറ്റവുമധികം നിക്ഷേപ സാധ്യതയുള്ള മേഖലയാണിത്. സംരംഭങ്ങള്‍ തുടങ്ങാനും പ്രവാസികള്‍ക്ക് മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

എംഎസ്എംഇകള്‍ക്ക് നല്‍കുന്ന വിവിധ പദ്ധതികളെക്കുറിച്ചും സഹായങ്ങളെക്കുറിച്ചും കെഎസ്ഐഡിസി എംഡിയും വ്യവസായവകുപ്പ് ഡയറക്ടറുമായ എസ് ഹരികിഷോര്‍ സ്വാഗത പ്രസംഗത്തില്‍ വിശദീകരിച്ചു. കെഎസ്ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്‍റണി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ഹരികൃഷ്ണന്‍ എംപിഇഡിഎ വൈസ് ചെയര്‍മാനും ബേബി മറൈന്‍ ഇന്‍റര്‍നാഷണല്‍ മാനേജിംഗ് പാര്‍ട്ണറുമായ അലക്സ് കെ നൈനാന്‍ തുടങ്ങിയര്‍ സംസാരിച്ചു.

ഭക്ഷ്യസംസ്ക്കരണത്തിലെ സുസ്ഥിര ശീലങ്ങളും നൂതനത്വവും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടന്നു. ഏറ്റവുമധികം നൂതനത്വത്തിന് സാധ്യതയുള്ള മേഖലയാണ് ഭക്ഷ്യസംസ്ക്കരണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സിഎഫ്ആര്‍എ ഡീന്‍ ഡോ. കോമള്‍ ചൗഹാന്‍, വെള്ളാനിക്കര കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ പ്രൊഫസര്‍ ഡോ. കെ പി സൂധീര്‍, നീറ്റ ജെലാറ്റിന്‍ ഗവേഷണ വിഭാഗം മേധാവി ഡോ. അഭിലാഷ് പി കൈലാസ്, നാഷണല്‍ സ്മാള്‍ ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ ലിമിറ്റഡ് കേരള ഹെഡ് ഗ്രേസ് റെജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 കെഎസ്ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളക്കാരന്‍ നന്ദി അറിയിച്ചു.