മലയാളി സംരംഭകര്‍ കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറാകണം: മന്ത്രി പി. രാജീവ്

കേരളത്തിന്‍റെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും പുതിയ വ്യാവസായിക നയവും ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമാണെന്ന് വ്യവസായ, കയര്‍, നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.

 

തിരുവനനന്തപുരം: കേരളത്തിന്‍റെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും പുതിയ വ്യാവസായിക നയവും ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമാണെന്ന് വ്യവസായ, കയര്‍, നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ 2024 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ വ്യാവസായിക അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും മലയാളി സംരംഭകര്‍ ഇവിടെ നിക്ഷേപിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

139 രാജ്യങ്ങളില്‍ മലയാളികളുടെ നേതൃത്വത്തില്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ ആഭ്യന്തര മൂലധന നിക്ഷേപങ്ങള്‍ക്കുള്ള ഏറ്റവും നല്ല സ്ഥലമായ കേരളത്തില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയമാണിത്. ഉയര്‍ന്നു വരുന്ന വ്യവസായ മേഖലകളില്‍ വിദേശ ആഭ്യന്തര മൂലധന നിക്ഷേപങ്ങള്‍ക്കുള്ള ഏറ്റവും നല്ല സ്ഥലമായി കേരളത്തെ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വ്യവസായ വികസനത്തിനുള്ള പശ്ചാത്തലസൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐബിഎം കൊച്ചിയില്‍ ഒരു ജനറേറ്റീവ് എഐ ഇന്നൊവേഷന്‍ സെന്‍റര്‍ തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ 3000 തൊഴിലവസരം സാധ്യമാക്കിയെന്നത് കേരളത്തിലെ മനുഷ്യവിഭവശേഷിയുടെ തെളിവാണ്.

ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തിയെന്നത് ശ്രദ്ധേയമാണ്. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വ്യവസായങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ കേരളം 28-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ പുതിയ വ്യവസായ നയവും പരിഷ്കാരങ്ങളും നടപ്പാക്കിയതിലൂടെ സംസ്ഥാനത്തിന് ഒന്നാം സ്ഥാനത്ത് എത്താനായെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ സര്‍വകലാശാലകളും വിദ്യാഭ്യാസ രീതികളും സാങ്കേതിക മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവയാണ്. കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ പോലെയുള്ള നവീനാശയങ്ങളിലൂടെ വിദ്യാഭ്യാസത്തിനിടെ തന്നെ പണം നേടുന്നതിനും ഇന്‍റേണ്‍ഷിപ്പും തൊഴില്‍ നൈപുണ്യവും നേടുന്നതിനും സാധിക്കും. ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴില്‍ശക്തി രൂപപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ചുള്ള നൂതനമായ വിദ്യാഭ്യാസ ആശയങ്ങളുടെ പ്രതിഫലനമാണിത്.

വൈജ്ഞാനികാധിഷ്ഠിത വ്യവസായമാണ് കേരളം പ്രോത്സാഹിപ്പിക്കുന്നത്. കേരള യൂണിവേഴ്സിറ്റിയില്‍ മാത്രം 48 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പിജി യ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നത് കേരളത്തിന്‍റെ സാധ്യതകളെ അടിവരയിടുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനുള്ള അനുമതിക്കായി 80 താല്പര്യപത്രം നിലവില്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യവിഭവശേഷിയിലും കേരളം മുന്‍പന്തിയിലാണ്. മികച്ച തൊഴില്‍ വൈദഗ്ധ്യമുള്ള യുവജനങ്ങള്‍ കേരളത്തിന് മുതല്‍ക്കൂട്ടാണ്. കേരളത്തില്‍ ഒരു ദിവസം ശരാശരി ഒരു പുതിയ കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഒരാള്‍ക്ക് നേരിട്ട് നിയമനം ലഭിക്കുമ്പോള്‍ അഞ്ച് പേര്‍ക്ക് നേരിട്ടല്ലാതെ തൊഴില്‍ ലഭ്യമാകുന്ന സാഹചര്യം കേരളത്തിലുണ്ട്. രാജ്യത്തെ മെഡിക്കല്‍ ഉപകരണ വ്യവസായത്തിന്‍റെ മൊത്തം വിറ്റുവരവിന്‍റെ 24 ശതമാനവും കേരളത്തിന്‍റെ സംഭാവനയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന വ്യവസായ വകുപ്പിന്‍റെ വ്യാവസായികനയം സാധ്യതകളെയും വെല്ലുവിളികളെയും കോര്‍ത്തിണക്കിയുള്ള പുതിയ വ്യവസായ നയം സംസ്ഥാനം ആവിഷ്കരിച്ചു. മനുഷ്യര്‍ക്കും പ്രകൃതിക്കും പ്രഥമ പരിഗണന നല്‍കുന്ന പ്രകൃതി, മനുഷ്യര്‍, വ്യവസായം എന്നതാണ് അതിന്‍റെ കാതല്‍. എഐ, ബ്ലോക്ക് ചെയിന്‍ ടെക്നോളജി, ബിഗ് ഡാറ്റ അനാലിസിസ്, മെഷീന്‍ ലേണിംഗ്, ബഹിരാകാശം, പ്രതിരോധം, ഐടി തുടങ്ങി 22 മുന്‍ഗണനാ മേഖലകളിലെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലാണ് സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

2025 ഫെബ്രുവരി 21,22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന നിക്ഷേപ ഉച്ചകോടിക്ക് മുന്നോടിയായി ഡിസംബര്‍ 18 ന് തിരുവനന്തപുരത്ത് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതകള്‍ അതിലൂടെ തുറന്നു കിട്ടുമെന്നും അദ്ദേഹം അറിയിച്ചു.
 
സംസ്ഥാനത്തിന്‍റെ വ്യാവസായിക, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായകമാകുന്ന വ്യാവസായിക പദ്ധതികളെക്കുറിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് വിശദീകരിച്ചു.കെഎസ്ഐഡിസി എംഡി എസ് ഹരികിഷോറും പരിപാടിയില്‍ പങ്കെടുത്തു.