സപ്ലൈകോയുടെ വിപണിയിടപെടൽ സാധാരണക്കാരന് ആശ്വാസം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
സപ്ലൈകോ ഓണം മെഗാ ട്രേഡ്ഫയറിന് കോഴിക്കോട് ബീച്ചിൽ തുടക്കം .ഫെയർ ഓഗസ്റ്റ് 25 വരെ അധികച്ചെലവിന്റെ ഉത്സവകാലത്ത് സപ്ലൈകോ നടത്തുന്ന വിപണിയിടപെടൽ സാധാരണക്കാർക്ക് താങ്ങാവുകയാണെന്ന് വ്യവസായം,
കോഴിക്കോട് : സപ്ലൈകോ ഓണം മെഗാ ട്രേഡ്ഫയറിന് കോഴിക്കോട് ബീച്ചിൽ തുടക്കം .ഫെയർ ഓഗസ്റ്റ് 25 വരെ അധികച്ചെലവിന്റെ ഉത്സവകാലത്ത് സപ്ലൈകോ നടത്തുന്ന വിപണിയിടപെടൽ സാധാരണക്കാർക്ക് താങ്ങാവുകയാണെന്ന് വ്യവസായം, വിവരസാങ്കേതിക, നിർമ്മിത ബുദ്ധി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഓണം 2026 സപ്ലൈകോ മെഗാട്രേഡ് ഫെയറിന്റെ ജില്ലാതല ഉദ്ഘാടനവും ആദ്യ വിൽപനയും കോഴിക്കോട് ബീച്ചിൽ ഓപ്പൺ സ്റ്റേജിന് മുൻവശത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിത്യോപയോഗ വസ്തുക്കൾ മിതമായ വിലയ്ക്കാണ് സ്റ്റാളുകളിൽ ഒരുക്കിയിട്ടുള്ളത്. ഒട്ടേറെ പുതുമകളോടെയാണ് ഇത്തവണ ട്രേഡ്‌ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളതെന്നും സ്റ്റാളുകൾ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
ചടങ്ങിൽ അഡ്വ. ഫൈസൽ ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ഒ സദാശിവൻ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൗൺസിലർമാരായ എൻ പി സൗഫിയ, സഫറി വെള്ളയിൽ, സപ്ലൈകോ മാനേജിങ് ഡയറക്ടർ വി എം ജയകൃഷ്ണൻ, ജനറൽ മാനേജർ എം യു ബിജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഓണക്കാലത്ത് മിതമായ വിലയിൽ ഉത്പന്നങ്ങൾ നൽകുന്നതിനു പുറമെ മികച്ച ഷോപിംഗ് അനുഭവം കൂടി നൽകുന്നതാണ് സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ. തിരുവനന്തപുരം, എറണാകുളം ജില്ലകളിലും മെഗാ ട്രേഡ് ഫെയർ സംഘടിപ്പിക്കുന്നുണ്ട്. സ്വകാര്യ, സർക്കാർ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ കൂടി ഇത്തവണ ഉൾപ്പെടുത്തിയാണ് ഇത്തവണ ട്രേഡ്‌ഫെയർ സംഘടിപ്പിക്കുന്നത്.
4000 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ജർമ്മൻ ഹാങ്കർ സ്ട്രക്ചറിൽ, എയർകണ്ടീഷൻഡ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‌വെയറുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25 വരെ രാവിലെ 10 മുതൽ വൈകീട്ട് ഒമ്പത് വരെയാണ് മെഗാ ട്രേഡ് ഫെയർ പ്രവർത്തിക്കുക. സംസ്ഥാനത്തെ മറ്റു 11 ജില്ലകളിലും പ്രധാന സ്ഥലങ്ങളിൽ സപ്ലൈകോയുടെ ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 14-ന് തുടങ്ങി 25ന് അവസാനിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോ ഫെയറുകൾ ഓഗസ്റ്റ് 21 മുതൽ 25 വരെ നടത്തും.
*ഓണക്കിറ്റുകളും ഓണം ഗിഫ്റ്റ് കാർഡും* ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ഭക്ഷ്യ വസ്തുക്കളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കുന്നുണ്ട്. അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് സപ്ലൈകോ വിൽപന ശാലകളിൽ ലഭിക്കും. പരമാവധി വിൽപന വില 1280 രൂപയുള്ള ഈ കിറ്റ് 280 രൂപ വിലക്കുറവിലാണ് ഉപഭോക്താവിന് ലഭിക്കുക. 25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് പരമാവധി വിൽപന വിലയിൽ നിന്നും 380 രൂപ കുറച്ച് 1500 രൂപയ്ക്കും, മുപ്പതിനങ്ങളടങ്ങിയ പ്രീമിയം ഓണാഘോഷ കിറ്റായ തിരുവോണം കിറ്റ് 540 രൂപ വിലക്കുറവിൽ 2000 രൂപയ്ക്കുമാണ് സപ്ലൈകോ നൽകുന്നത്. ഇതിനുപുറമേ പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞൾപൊടി തുടങ്ങി ഒമ്പത് പ്രീമിയം ശബരി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ശബരി സിഗ്‌നേച്ചർ കിറ്റ് 75 രൂപയിലധികം വിലക്കുറവിൽ 299 രൂപയ്ക്കാണ് സപ്ലൈകോ വില്പനശാലകളിൽ വിൽക്കുന്നത്. കൂടാതെ ഗിഫ്റ്റ് കാർഡുകളും സപ്ലൈകോ പുറത്തിറക്കിയിട്ടുണ്ട്. 500, 1000 രൂപ മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് ഔട്ട്‌ലെറ്റിൽ നിന്ന് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങാം.