സാംസ്‌കാരിക കേരളത്തിന്റെ വളർച്ചയ്ക്ക് കലോത്സവങ്ങൾ ശക്തിയാകണം; മന്ത്രി ഒ.ആർ.കേളു
സാംസ്‌കാരിക കേരളത്തിന്റെ വളർച്ചയ്ക്ക് കലോത്സവങ്ങൾ ശക്തിയാകണമെന്ന് പട്ടികജാതിപട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. 2024-25 വർഷത്തെ കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കാസർഗോട് : സാംസ്‌കാരിക കേരളത്തിന്റെ വളർച്ചയ്ക്ക് കലോത്സവങ്ങൾ ശക്തിയാകണമെന്ന് പട്ടികജാതിപട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. 2024-25 വർഷത്തെ കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിനും രാജ്യത്തിനും മാതൃകയായ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യമുള്ള സംസ്ഥാനമാണ് കേരളം.
ഒട്ടനവധി കലാകാരന്മാരും സാംസ്‌കാരിക നായകന്മാരും രൂപപ്പെടുത്തിയതാണ് നമ്മുടെ നാട്. നമ്മെ വിട്ടുപിരിഞ്ഞ സാംസ്‌കാരിക പ്രതിഭകൾക്ക് പകരമായി പുതിയ എഴുത്തുകാരെയും വിമർശകരെയും നിരൂപകരെയും കലാകാരന്മാരെയും വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കല നാടിനും സമൂഹത്തിനും വലിയ സംഭാവന നൽകുന്ന ശക്തിയാണെന്നും സമൂഹത്തിൽ മൂല്യച്യുതികൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ സാംസ്‌കാരിക കേരളത്തിന്റെ വളർച്ചയ്ക്ക് സഹായകമായ രീതിയിൽ സമൂഹത്തെ മുന്നോട്ടുകൊണ്ടുവരാൻ കലോത്സവങ്ങൾക്ക് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.
ഫെബ്രുവരി നാല് മുതൽ എട്ട് വരെ പടന്നക്കാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ കണ്ണൂർ സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ നന്ദജ് ബാബു അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരൻ പി.വി.ഷാജികുമാർ മുഖ്യാതിഥിയായി. കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. കെ.കെ.ഷാജു ആമുഖ ഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ആർ.ഷൈനി, നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് മാനേജർ കെ. രാമനാഥൻ, പ്രിൻസിപ്പൽ ടി.ദിനേശ്, കണ്ണൂർ സർവകലാശാല ഡി.എസ്.എസ് ഡോ. കെ.വി സുജിത്, സിൻഡിക്കേറ്റ് അംഗം എം.സുകുമാരൻ, സംഘാടക സമിതി കൺവീനർ കെ.പ്രണവ്, ''പ്രകമ്പനം''ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. യൂണിയൻ ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ സ്വാഗതവും വൈസ് ചെയർപേഴ്‌സൺ ദിൽജിത് നന്ദിയും പറഞ്ഞു.