വിദ്യാര്‍ത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക ലക്ഷ്യം: മന്ത്രി ഒ. ആര്‍ കേളു

വിദ്യാര്‍ത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വളര്‍ത്തിയെടുക്കുകയും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി - പട്ടികവര്‍ഗ്ഗ - പിന്നാക്കക്ഷേമ   വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ ഗവ വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

വയനാട് :  വിദ്യാര്‍ത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വളര്‍ത്തിയെടുക്കുകയും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി - പട്ടികവര്‍ഗ്ഗ - പിന്നാക്കക്ഷേമ   വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ ഗവ വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യം ഉറപ്പാക്കി  മികവിന്റെ പാതയിലാണ്. ഒന്നിച്ച്  ഒന്നായ് ഒന്നാവാം എന്ന ആപ്തവാക്യവുമായി  പ്രാഥമിക വിദ്യാഭ്യാസത്തിനായി സ്‌കൂള്‍ അങ്കണത്തിലേക്ക് എത്തിയ മുഴുവന്‍ കുരുന്നുകള്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു. വിദ്യാലയങ്ങളില്‍ പഠനം തുടരുന്ന കുട്ടികളുടെ പഠനശേഷിയും ഹാജറും അധ്യാപകര്‍ കൃത്യമായി പരിശോധിക്കണം. കുട്ടികള്‍ സ്‌കൂളിലെത്തുന്നത് ഉറപ്പാക്കാന്‍   രക്ഷിതാക്കൾ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ കണ്ണ് നിറഞ്ഞ് സ്‌കൂളുകളിലേക്ക് കടന്ന് വരുന്ന കാഴ്ചയാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നത്.

 എന്നാല്‍ ഇന്ന് കുട്ടികള്‍ ചെറുപുഞ്ചിരിയോടെയാണ് സ്‌കൂളുകളിലേക്ക് എത്തുന്നത്. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍മാര്‍ അഡ്വ ടി.ജെ ഐസക്ക് പാഠപുസ്തകം വിതരണം ചെയ്തു. എല്‍.എസ്.എസ്, യു.എസ് എസ്, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മൊമന്റോ കൈമാറി. എം.പി പ്രിയങ്കാഗാന്ധിയുടെ സന്ദേശം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍ യോഗത്തില്‍  വായിച്ചു.  

പ്രവേശനോത്സവത്തിനെത്തിയവരെ വരവേല്‍ക്കാന്‍  സ്വാഗത നൃത്തം അരങ്ങേറി.  കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഒ. സരോജിനി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുജീബ് കോയംതൊടി, എ.പി മുസ്തഫ, രാജാറാണി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ ഷിബു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.