ആസൂത്രണത്തോടെയുള്ള നഗര വികസനമാണ് ആവശ്യം; മന്ത്രി ഒ. ജെ ജനീഷ്
വലിയ രീതിയിൽ കാഴ്ചയിൽ കാണുന്ന വികസനങ്ങൾ മാത്രമല്ല കുടിവെള്ള ലഭ്യത ഉൾപ്പെടെയുള്ള പ്രശ്നങ്ങളും സമൂഹത്തിലെ മുൻഗണന ക്രമം നിശ്ചയിക്കപ്പെടേണ്ടുന്ന വിഭാഗങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഉൾപ്പടെ നമ്മുടെ ആസൂത്രണത്തിന്റെ ഭാഗമായി കടന്നുവരേണ്ടതാണെന്ന് കായികം,
തൃശ്ശൂർ: വലിയ രീതിയിൽ കാഴ്ചയിൽ കാണുന്ന വികസനങ്ങൾ മാത്രമല്ല കുടിവെള്ള ലഭ്യത ഉൾപ്പെടെയുള്ള പ്രശ്നങ്ങളും സമൂഹത്തിലെ മുൻഗണന ക്രമം നിശ്ചയിക്കപ്പെടേണ്ടുന്ന വിഭാഗങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഉൾപ്പടെ നമ്മുടെ ആസൂത്രണത്തിന്റെ ഭാഗമായി കടന്നുവരേണ്ടതാണെന്ന് കായികം, യുവജനക്ഷേമം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ . ജെ ജനീഷ് പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ മുളങ്കുന്നത്ത്കാവ് കിലയിലെ സ്വരാജ് ഓഡിറ്റോറിയത്തിൽ നടന്ന പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-2032) അഭിപ്രായ രൂപീകരണ ജില്ലാ തല യോഗം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസൂത്രണത്തോടെയുള്ള നഗര വികസനമാണ് ആവശ്യം.ജില്ലയുടെ പൊതുവായ വികസന കാര്യങ്ങൾ സംബന്ധിച്ച് ഏകോപനത്തോടെ ശാസ്ത്രീയമായി മുന്നോട്ട് പോകേണ്ട സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. താത്കാലികമായ കാര്യങ്ങളെ മുൻനിർത്തിയല്ലാതെ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ തയ്യാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജന പങ്കാളിത്തം ഉറപ്പാക്കി പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-32) രൂപീകരണത്തിന്റെ ഭാഗമായി ജില്ലാ തല യോഗങ്ങൾ നടന്നു വരുന്നു. പദ്ധതി രൂപീകരണത്തിന്റെ ദിശാസൂചകമായ സമീപനരേഖയുമായി ബന്ധപ്പെട്ട വികസന കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതിനായാണ് ജില്ലാതല യോഗങ്ങൾ ചേരുന്നത്.
സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ശ്രീധർ രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.രാജൻ. ജെ പല്ലൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് , സംസ്ഥാന ആസൂത്രണ ബോർഡ് അംഗം വരുൺ സന്തോഷ് , സംസ്ഥാന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര, ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർപേഴ്സൺ ചെയർമാൻ എം.പി. ജാക്സൺ തുടങ്ങിയവർ സംസാരിച്ചു.
അഭിപ്രായ രൂപീകരണത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ ആസൂത്രണബോർഡ് ശ്രദ്ധ ചെലുത്തേണ്ടുന്ന വിവിധ വിഷയങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവരുടെ പ്രതികരണങ്ങൾ അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പി പി ബാലൻ ചർച്ചയുടെ ക്രോഡീകരണം നടത്തി .
ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതവും ജില്ലാ പ്ലാനിംഗ് ഓഫീസർ എ ഡി ജോസഫ് നന്ദിയും പറഞ്ഞു.
അസിസ്റ്റന്റ് കലക്ടർ എ. സി പ്രീതി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ആസൂത്രണ ബോർഡ് അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ജില്ലാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.