വിദ്യാർഥികൾ അഭിരുചിക്കനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കണം : മന്ത്രി എൻ ഷംസുദ്ദീൻ

വിദ്യാഭ്യാസരംഗത്ത് അതിവേഗത്തിലുള്ള മാറ്റമാണ് ഉണ്ടാവുന്നതെന്നും വിദ്യാർഥികൾ അഭിരുചിക്കനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ.

 

കോഴിക്കോട് : വിദ്യാഭ്യാസരംഗത്ത് അതിവേഗത്തിലുള്ള മാറ്റമാണ് ഉണ്ടാവുന്നതെന്നും വിദ്യാർഥികൾ അഭിരുചിക്കനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ ജില്ലയിലെ വിദ്യാലയങ്ങളെയും വിദ്യാർഥികളെയും സയൻസ് ഇൻസ്പയർ അവാർഡ് ജേതാക്കളെയും ആദരിക്കാൻ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച 'വിക്‌ടോറിയ 2026' പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

സ്വന്തം കഴിവുകളും പരിമിതികളും മനസ്സിലാക്കിയാവണം കോഴ്‌സുകൾ തിരഞ്ഞെടുക്കേണ്ടത്. വിദ്യാഭ്യാസ രംഗത്ത് ആഗോള തലത്തിലാണ് വിദ്യാർഥികൾ മത്സരിക്കുന്നത്. അതിനനുസരിച്ച് ലോകോത്തര നിലവാരത്തിൽ വിദ്യാലയങ്ങളെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. വിദ്യാഭ്യാസ രംഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ക്രിയാത്മകമായി ഇടപെടാൻ സാധിക്കും. ഇത്തരം പ്രവർത്തനങ്ങളും പരിശ്രമങ്ങളുമാണ് തലമുറകൾക്ക് പ്രയോജനപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് മെമോറിയൽ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ അധ്യക്ഷയായി. അഡ്വ. ഫൈസൽ ബാബു എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, സ്ഥിരം സമിതി അധ്യക്ഷരായ മുനീർ എരവത്ത്, ബാലാമണി ടീച്ചർ, ബൽക്കീസ് ടീച്ചർ, റീമ കുന്നുമ്മൽ, സെക്രട്ടറി വി കെ മുരളി, അംഗങ്ങളായ കെ കെ ഹനീഫ, രാജേഷ് ജോസ്, പി ജി മുഹമ്മദ്, മിസ്ഹബ് കീഴരിയൂർ, പി സി ഷീബ, രാധിക ചിറയിൽ, സുബിന, അഞ്ജിത സനൂപ്, ഡി.ഡി.ഇ ഇൻ-ചാർജ് പി ഗീത, ആർ.ഡി.ഡി ഇൻ-ചാർജ് സുജാത ബേബി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു കെ അബ്ദുൽ നാസർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കൺവീനർ പി മുജീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.