യുവതലമുറ അവസരങ്ങൾ ലഹരിയാക്കണം: മന്ത്രി എം ലിജു

യുവതലമുറ ജീവിതത്തിലെ അവസരങ്ങളെ ലഹരിയാക്കണമെന്നും ലഹരിവസ്തുക്കൾ ജീവിതത്തിന്റെ ഭാഗമാക്കരുതെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 30 കോളജുകളെ 'ഡ്രഗ് ഫ്രീ ക്യാമ്പസുകളായി' പ്രഖ്യാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ഓഡിറ്റോറിയത്തിൽ

 

യുവതലമുറ ജീവിതത്തിലെ അവസരങ്ങളെ ലഹരിയാക്കണമെന്നും ലഹരിവസ്തുക്കൾ ജീവിതത്തിന്റെ ഭാഗമാക്കരുതെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 30 കോളജുകളെ 'ഡ്രഗ് ഫ്രീ ക്യാമ്പസുകളായി' പ്രഖ്യാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി എക്‌സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'മയങ്ങില്ല കേരളം' ക്യാമ്പയിനോടനുബന്ധിച്ചായിരുന്നുഡ്രഗ് ഫ്രീ ക്യാമ്പസ് പ്രഖ്യാപനം.

ബോധവൽക്കരണം, എൻഫോഴ്‌സ്‌മെന്റ്, ഡി-അഡിക്ഷൻ, പുനരധിവാസം എന്നീ നാല് മേഖലകൾ കേന്ദ്രീകരിച്ചാണ് എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെ ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നത്. കഴിഞ്ഞ 125 ദിവസത്തിനിടെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി 60000ത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. ലഹരി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി അറിയിക്കാൻ 'പീപ്പിൾസ് ഐ' മൊബൈൽ ആപ്പും കൗൺസലിങ്ങിനും വോളന്റിയർ രജിസ്‌ട്രേഷനുമായി 'മയങ്ങില്ല കേരളം' പോർട്ടലും സജ്ജമാക്കിയിട്ടുണ്ടെന്നും എല്ലാവരും ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 14 ജില്ലകളിലും വിമുക്തി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇത് താലൂക്കുകളിലേക്കും വ്യാപിപ്പിക്കും. ചികിത്സയ്ക്ക് ശേഷം ലഹരിയിൽ നിന്ന് മുക്തരാകുന്നവരെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് പ്രത്യേക ശ്രദ്ധ നൽകുമെന്നും വ്യക്തിഗത പുനരധിവാസത്തിന് പരിഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മികച്ച ആന്റി നാർക്കോട്ടിക് ക്ലബ്ബ് പ്രവർത്തനം നടത്തുന്ന മാർ ഇവാനിയോസ് കോളജിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

മയക്കുമരുന്ന് വ്യാപനത്തിന്റെ ഏറ്റവും വലിയ ഇരകൾ വിദ്യാർഥികളും ചെറുപ്പക്കാരുമാണെന്ന് മന്ത്രി റോജി എം. ജോൺ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. മയക്കുമരുന്നിനോട് പൂർണമായും 'നോ' പറയണമെന്നും സ്വന്തം ലക്ഷ്യങ്ങളെയും സ്വപ്നങ്ങളെയും ജീവിതത്തിലെ ലഹരിയാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളെ 'ഡ്രഗ് ഫ്രീ' ക്യാമ്പസുകളാക്കി മാറ്റാനുള്ള ഉത്തരവാദിത്വം വിദ്യാർഥികൾ തന്നെ ഏറ്റെടുക്കണമെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

തിരുവനന്തപുരം മാർ ഇവാനിയോസ്, ഗവ കോളേജ് നെടുമങ്ങാട്, കൊല്ലം എസ് എൻ കോളേജ്, സെന്റ് ഗ്രിഗോറിയസ് കൊട്ടാരക്കര, ആലപ്പുഴ സെന്റ് ജോസഫ്, പത്തനംതിട്ട സെന്റ് തോമസ്, കോട്ടയം സി എം എസ്, ഇടുക്കി ഗവ കോളേജ് മൂന്നാർ, ശാന്തിഗിരി തൊടുപുഴ, എറണാകുളം മഹാരാജാസ്, സെന്റ് തെരേസാസ്, പാലക്കാട് വിക്ടോറിയ, ഗവ കോളേജ് അട്ടപ്പാടി, തൃശൂർ സെന്റ് തോമസ്, വയനാട് സെന്റ് മേരീസ്, ഗവ എഞ്ചിനിയറിങ് മാനന്തവാടി, കോഴിക്കോട് ദേവഗിരി, ഫാറൂഖ്, കണ്ണൂർ നിർമ്മലഗിരി, കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ്, കാസർകോട് ഗവ കോളേജ് തുടങ്ങി സംസ്ഥാനത്തെ പ്രധാനപ്പെട്ട 30 കോളേജുകളെയാണ് ആദ്യ ഘട്ടത്തിൽ ഡ്രഗ് ഫ്രീ ക്യാമ്പസുകളായി പ്രഖ്യാപിച്ചത്.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർമാരെ ചടങ്ങിൽ മന്ത്രിമാർ ആദരിച്ചു. മാർ ഇവാനിയോസ് കോളേജ് ഡ്രഗ് ഫ്രീ ക്യാമ്പസ് ബ്രാൻഡ് അംബാസഡറും ദേശീയ വോളിബോൾ താരവുമായ ഷോൺ ടി ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു സ്വാഗതം ആശംസിച്ചു. മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മീര ജോർജ്, ബർസാർ ഫാ. തോമസ് കയ്യാലയ്ക്കൽ, വാർഡ് കൗൺസിലർ ത്രേസ്യാമ്മ തോമസ്, ദക്ഷിണ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണർ ആർ ഗോപകുമാർ, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ സന്നിഹിതരായി.