ലഹരി വ്യാപനം തടയുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എക്‌സൈസ് വകുപ്പിനെ ശാക്തീകരിക്കും: മന്ത്രി എം. ലിജു
യുവാക്കളിലും വിദ്യാർത്ഥികളിലുമുള്ള ലഹരി വ്യാപനം തടയുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എക്‌സൈസ് വകുപ്പിനെ ശാക്തീകരിക്കുമെന്ന് എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു.
യുവാക്കളിലും വിദ്യാർത്ഥികളിലുമുള്ള ലഹരി വ്യാപനം തടയുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എക്‌സൈസ് വകുപ്പിനെ ശാക്തീകരിക്കുമെന്ന് എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. തൃശ്ശൂർ എക്‌സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ 66 സിവിൽ എക്‌സൈസ് ഓഫീസർമാരുടെ പാസ്സിംഗ് ഔട്ട് പരേഡിൽ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദീർഘകാല അടിസ്ഥാനത്തിലുള്ള സമഗ്രമായ മദ്യനയം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. പുതുതായി സർവ്വീസിലേക്ക് പ്രവേശിക്കുന്ന കേഡറ്റുകൾ കർമ്മ നിരതരും, സത്യസന്ധരും ആകേണ്ടതിനെക്കുറിച്ചും മന്ത്രി ഓർമ്മപ്പെടുത്തി.
പരിശീലനം പൂർത്തിയാക്കിയ 66 ട്രെയിനികളിൽ 41 ബിരുദധാരികളും, ഏഴ് ബിരുദാനന്തര ബിരുദധാരികളും, എട്ട് ബി.ടെക് ബിരുദധാരികളും, ഒരു എം.ബി.എ. ബിരുദധാരിയും, ഒരു ബി.എഡ്. ബിരുദധാരിയും, ആറ് ഡിപ്ലോമ ബിരുദധാരികളും ഉൾപ്പെടുന്നു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എക്‌സൈസ് അക്കാദമി കോംമ്പൗണ്ടിൽ ഫലവൃക്ഷതൈകൾ നട്ട് മന്ത്രി നിർവ്വഹിച്ചു. പരിശീലനത്തിന്റെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്കുള്ള പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു. അക്കാദമിയിലെ താൽക്കാലിക ജീവനക്കാരനായിരുന്ന അനീഷിന്റെ മരണാനന്തരമുള്ള ധനസഹായം അനീഷിന്റെ കുടുംബത്തിന് കൈമാറി.
ആയിരത്തോളം പേർ പങ്കെടുത്ത ചടങ്ങ് പ്രതികൂല കാലാവസ്ഥയിലും വർണ്ണാഭമായി. എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു, എക്‌സൈസ് അക്കാദമി ഡയറക്ടർ ടി.എം മജു എന്നിവർ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ ജോയിന്റ് ഡയറക്ടർ എച്ച്. കൃഷ്ണകുമാർ, തൃശ്ശൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ, ജനപ്രതിനിധികൾ, മറ്റു വകുപ്പുകളിലേയും എക്‌സൈസ് വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.