ശബരിമല മണ്ഡലമകരവിളക്ക് തീർത്ഥാടനം: മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് സർവ സജ്ജമെന്ന് മന്ത്രി കെ എം ഷാജി

: മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ ഭരണകൂടങ്ങളും പൂർണ്ണ സജ്ജമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും വകുപ്പ് മേധാവികളെയും ഉൾപ്പെടുത്തി നടത്തിയ അവലോകന യോഗത്തിലറിയിച്ചതാണിത്.

 

പത്തനംതിട്ട : മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ ഭരണകൂടങ്ങളും പൂർണ്ണ സജ്ജമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും വകുപ്പ് മേധാവികളെയും ഉൾപ്പെടുത്തി നടത്തിയ അവലോകന യോഗത്തിലറിയിച്ചതാണിത്.
തീർത്ഥാടകർക്ക് പരമാവധി മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കാൻ വകുപ്പ് നേരിട്ട് താഴെത്തട്ടിൽ ഇടപെടൽ നടത്തുകയാണ്. തീർത്ഥാടന പാതകളിലെ ഇടത്താവളങ്ങളെ കേവലം വിശ്രമകേന്ദ്രങ്ങൾ മാത്രം ആക്കാതെ വിവരങ്ങൾ നൽകുന്ന ഇൻഫർമേഷൻ സെന്ററുകളാക്കി മാറ്റാനാണ് ശ്രമം. വിവിധ കേന്ദ്രങ്ങളിലേക്കുള്ള ദൂരം, യാത്രാസൗകര്യങ്ങൾ, എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകൾ, സമീപത്തെ ആശുപത്രികൾ, ഭക്ഷണശാലകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ നിന്ന് ലഭ്യമാക്കാനുള്ള ക്രമീകരണം നടത്തും. 

കൂടാതെ, തീർത്ഥാടകർക്ക് തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും വേഗത്തിൽ അറിയിക്കുന്നതിനും അടിയന്തര സേവനങ്ങൾ ഉറപ്പാക്കുന്നതിനും എല്ലാ ഇടത്താവളങ്ങളിലും ക്യു.ആർ കോഡ് സംവിധാനം ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. ഇടത്താവളങ്ങളിൽ തീർത്ഥാടകർ പ്രധാനമായും നേരിടുന്ന ഫോൺ ചാർജിങ് പ്രതിസന്ധി പരിഹരിക്കാൻ സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തി ഓരോ കേന്ദ്രത്തിലും മതിയായ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുവാൻ ശ്രമം നടക്കുകയാണ്. ഇടത്താവളങ്ങളിലും തീർത്ഥാടന പാതകളിലും സൗജന്യ ഇന്റർനെറ്റ് സൗകര്യം നൽകുന്നതിനായി സർവീസ് പ്രൊവൈഡർമാരുമായി ചർച്ച നടത്തും.

കുടിവെള്ള വിതരണം, തെരുവ് വിളക്കുകൾ, കൃത്യമായ മാലിന്യ സംസ്‌കരണം എന്നിവ ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തീർത്ഥാടന പാതയിലെ പൊതു ശൗചാലയങ്ങൾ, ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ എന്നിവ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തും. കുളിക്കടവുകളിൽ അപകട മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും ബാരിക്കേഡുകളും ഉറപ്പാക്കാൻ സംയുക്ത പരിശോധനകൾ നടത്തും.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പമ്പയിൽ നടക്കുന്ന ഉന്നതതല അവലോകന യോഗത്തിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്നും, മുൻവർഷങ്ങളിലെ അനുഭവങ്ങൾ ഉൾക്കൊണ്ട് പരാതിരഹിതവും മാതൃകാപരവുമായ തീർത്ഥാടന കാലം സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
പന്തളം ഉൾപ്പെടെയുള്ള പ്രധാന ഇടത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും റോഡരികിലെ  കൈയേറ്റങ്ങളും  അനധികൃത പാർക്കിംഗ് നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കും. അപകടസാധ്യതയുള്ള കുളിക്കടവുകളും മറ്റ് പ്രദേശങ്ങളും പരിശോധിച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ പോലീസ് സഹായകേന്ദ്രങ്ങൾക്കും മൊബൈൽ ശുചിമുറികൾക്കും സൗകര്യമൊരുക്കുന്നതും പരിഗണിക്കും.

ശബരിമലയോട് ഏറ്റവും അടുത്തുള്ള പെരുനാട്, വെച്ചൂച്ചിറ, നാറാണമ്മൂഴി, വടശ്ശേരിക്കര, പഴവങ്ങാടി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പഴകുളം മധു എം എൽ എ പറഞ്ഞു. ശബരിമലയിലേക്കുള്ള പ്രധാന പാതകളുടെ ഇരുവശങ്ങളിലുമുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് തീർഥാടകരുടെ വരവ് വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്. ഈ പഞ്ചായത്തുകൾക്ക് ആവശ്യമായ അധിക പിന്തുണയും ഏകോപനവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തീർഥാടന കാലയളവിൽ ആറന്മുള ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വ സംവിധാനങ്ങളും കാര്യക്ഷമമായി ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ ഏകോപിതമായി പ്രവർത്തിക്കണമെന്ന് അബിൻ വർക്കി എം എൽ എ പറഞ്ഞു. തീർഥാടകരുടെ സഞ്ചാരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അധിക തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സൗകര്യങ്ങൾ മുൻകൂട്ടി സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പന്തളം ഇടത്താവളത്തിൽ തീർഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് സി വി ശാന്തകുമാർ എം എൽ എ പറഞ്ഞു.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഏകോപിതമായ മേൽനോട്ടം ഉറപ്പാക്കുമെന്ന് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ പറഞ്ഞു. ഇടത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തും. ശുചിത്വം, ശുചിമുറികൾ, കുടിവെള്ളം, മാലിന്യസംസ്‌കരണം, വൈദ്യുതി, ചാർജിങ് സൗകര്യങ്ങൾ എന്നിവ പ്രത്യേകം പരിശോധിച്ച് പോരായ്മകൾ പരിഹരിക്കുമെന്നും അവർ വ്യക്തമാക്കി.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാമ്പത്തികവും ഭരണപരവുമായ പിന്തുണ സർക്കാർ ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അഭ്യർത്ഥിച്ചു.യോഗത്തിൽ പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ശബരിമല ഇടത്താവളങ്ങളിലെ ഒരുക്കങ്ങളും അവലോകനം ചെയ്തു. പത്തനംതിട്ട ജില്ലയിലെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 13 ഇടത്താവളങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള എട്ട് ഇടത്താവളങ്ങളിലും മാലിന്യസംസ്‌കരണം, കുടിവെള്ളം, ശുചിമുറികൾ എന്നിവയുടെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ഇടത്താവളങ്ങളിൽ കൂടുതൽ മൊബൈൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.തീർഥാടന കാലയളവിലെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളിൽ അധിക ശുചിമുറികൾ, മാലിന്യസംസ്‌കരണ സംവിധാനങ്ങൾ, കുടിവെള്ള സൗകര്യങ്ങൾ, ഗതാഗത ക്രമീകരണങ്ങൾ എന്നിവ ഒരുക്കാനും യോഗത്തിൽ നിർദേശം നൽകി.ജില്ലാ പോലീസ് മേധാവി ആർ അനന്ദ്, ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര, തദ്ദേശസ്ഥാപന അധ്യക്ഷർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.