സംസ്ഥാനത്തെ 50 ബഡ്സ് സ്‌കൂളുകളെ മോഡൽ സ്‌കൂളുകളായി ഉയർത്തും: മന്ത്രി കെ എം ഷാജി
: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി സംസ്ഥാനത്തെ 50 ബഡ്സ് സ്‌കൂളുകളെ 'മോഡൽ ബഡ്സ് സ്‌കൂളുകളായി ഉയർത്തുമെന്ന് മന്ത്രി കെ എം ഷാജി.
കൊല്ലം : പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി സംസ്ഥാനത്തെ 50 ബഡ്സ് സ്‌കൂളുകളെ 'മോഡൽ ബഡ്സ് സ്‌കൂളുകളായി ഉയർത്തുമെന്ന് മന്ത്രി കെ എം ഷാജി. ഈ സ്‌കൂളുകളിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുമെന്നും ഇതിനായുള്ള പട്ടിക തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു സാംസ്‌കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച ബഡ്‌സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബഡ്സ് സ്‌കൂളുകളുടെ പ്രവർത്തനം സർക്കാർ നിർവഹിക്കുന്ന ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. ഓട്ടിസം ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പിന്തുണയ്ക്കുക എന്നത് സാമൂഹികമായ അനിവാര്യതയാണ്. പ്രത്യേകിച്ച്, ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിക്കുന്ന അമ്മമാരുടെ കരുതലായി മാറാൻ ഇത്തരം സ്‌കൂളുകൾക്ക് കഴിയുന്നു എന്നത് പരിഗണിക്കപ്പെടേണ്ടതാണ്.
തുച്ഛമായ ആനുകൂല്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ബഡ്സ് സ്‌കൂൾ അധ്യാപകർക്ക് ആവശ്യമായ പരിരക്ഷ നൽകുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലിംഗസമത്വത്തേക്കാൾ ഉപരിയായി ലിംഗനീതിക്കാണ് പ്രാധാന്യം നൽകേണ്ടത്. സ്ത്രീകൾ പുരുഷ•ാരേക്കാൾ മികച്ച ബുദ്ധിവൈഭവവും ബിസിനസ് പാടവവും ഉള്ളവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വനിതാ ശാക്തീകരണ ശൃംഖലയായി കേരളത്തിലെ കുടുംബശ്രീയെ മാറ്റിയെടുക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് മന്ത്രി പറഞ്ഞു. മേയർ എ കെ ഹഫീസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ വി വിഘനേശ്വരി പദ്ധതി വിശദീകരണം അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ - ജി സരസ്വതി/ നഗര ആസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കൂടി ആയ ഡിവിഷൻ കൗൺസിലർ കുരുവിള ജോസഫ്, കുടുംബ ശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി രാജ് , ജില്ലാമിഷൻ കോർഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ, അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർ എ.അനീസ എന്നിവർ സംസാരിച്ചു.