പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായുള്ള ഭവനപദ്ധതിയിൽ ആദ്യ രണ്ട് ഗഡു ധനസഹായം ഉടൻ: മന്ത്രി കെ എ തുളസി

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 1,000 കോടി രൂപയുടെ പുതിയ ഭവനപദ്ധതിയിൽ ഗുണഭോക്താക്കൾക്കുള്ള ആദ്യ രണ്ട് ഗഡു ധനസഹായം ഉടൻ വിതരണം ചെയ്യുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക

 


കൊല്ലം : പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 1,000 കോടി രൂപയുടെ പുതിയ ഭവനപദ്ധതിയിൽ ഗുണഭോക്താക്കൾക്കുള്ള ആദ്യ രണ്ട് ഗഡു ധനസഹായം ഉടൻ വിതരണം ചെയ്യുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. പട്ടികവർഗ വികസന വകുപ്പിന് കീഴിൽ അമൃതകുളത്ത് പെൺകുട്ടികൾക്കായുള്ള പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

ഭവനപദ്ധതി അപേക്ഷകരിൽ ഏറ്റവും അർഹരായ മുപ്പത്തി രണ്ടായിരത്തോളം ഗുണഭോക്താക്കൾക്ക് ഡിസംബർ, ഫെബ്രുവരി മാസങ്ങളിലായി ആദ്യ രണ്ട് ഗഡുക്കൾ വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. 50 പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യമുള്ളതാണ് അമൃതകുളത്തെ ഹോസ്റ്റൽ എന്നും ഇത് കൊല്ലത്ത് പഠിക്കാനെത്തുന്ന നിരവധി പെൺകുട്ടികൾക്ക് പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർക്കിടയിലെ അഴിമതിയും ക്രമക്കേടും വച്ചുപൊറുപ്പിക്കില്ല. സർക്കാർ നയങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനം നടത്തുന്ന ജീവനക്കാർ എത്ര സ്വാധീനമുള്ളവരാണെങ്കിലും അവർ ആ സ്ഥാനത്തുണ്ടാകില്ല. ചിലർക്കെതിരെ ഇതിനോടകം അച്ചടക്ക നടപടി സ്വീകരിച്ചു കഴിഞ്ഞു. നന്നായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ നിന്ന് കൂടുതൽ വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ടുവരണമെന്ന് ചടങ്ങിൽ അധ്യക്ഷനായ വിഷ്ണു മോഹൻ എംഎൽഎ പറഞ്ഞു. ഈ സർക്കാർ ആവിഷ്കരിച്ച ഭവന നിർമാണ പദ്ധതി, ദാക്ഷായണി സ്വയം തൊഴിൽ സഹായ പദ്ധതി തുടങ്ങിയവയെല്ലാം പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് സർക്കാർ നൽകുന്ന കരുതലിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് മാസം കൊണ്ടുതന്നെ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടാനായിട്ടുണ്ടെന്ന് മേയർ എ കെ ഹഫീസ് പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാ ദേവി, കൊല്ലം കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വിൻസി ബൈജു, കൗൺസിലർമാരായ ജയലക്ഷ്മി ജെ, ധന്യ എസ്, ജില്ലാ കലക്ടർ ആനി ജൂല തോമസ്, പട്ടികവർഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (പബ്ലിസിറ്റി) എസ് എ നജീം,ജില്ലാ പ്ലാനിങ് ഓഫീസർ ഉല്ലാസ് ജി, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ പി ഷാജി, ജില്ലാ പട്ടികവർഗ വികസന ഓഫീസർ രാഘവൻ കെ വി, പി ഡബ്ല്യു ഡി ബിൽഡിങ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീജ എം എസ്  തുടങ്ങിയവർ പങ്കെടുത്തു.