പുരാവസ്തു പുരാരേഖ മ്യൂസിയങ്ങൾ ചരിത്ര സത്യങ്ങളുടെ പ്രകാശ ഗോപുരങ്ങൾ: മന്ത്രി കടന്നപ്പള്ളി
കേരളത്തിന്റെ സമ്പന്നമായ ചരിത്ര പൈതൃകത്തിന്റെ സംരക്ഷകരാണ് പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പുകളെന്നും ചരിത്ര സത്യങ്ങളുടെ നേർസാക്ഷ്യങ്ങളുടെ സൂക്ഷിപ്പു കേന്ദ്രങ്ങളെന്ന നിലയിൽ ഇവർ ചരിത്ര സത്യങ്ങളിലേക്ക് വെളിച്ചം ചൊരിയുന്ന പ്രകാശഗോപുരങ്ങളും അതിന്റെ കാവൽപ്പുരകളുമാണെന്നും പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു
കേരളത്തിന്റെ സമ്പന്നമായ ചരിത്ര പൈതൃകത്തിന്റെ സംരക്ഷകരാണ് പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പുകളെന്നും ചരിത്ര സത്യങ്ങളുടെ നേർസാക്ഷ്യങ്ങളുടെ സൂക്ഷിപ്പു കേന്ദ്രങ്ങളെന്ന നിലയിൽ ഇവർ ചരിത്ര സത്യങ്ങളിലേക്ക് വെളിച്ചം ചൊരിയുന്ന പ്രകാശഗോപുരങ്ങളും അതിന്റെ കാവൽപ്പുരകളുമാണെന്നും പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ഇന്റർനാഷണൽ ആർക്കൈവ്സ് ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
ചരിത്രം സൃഷ്ടിച്ച മഹാരഥന്മാരെപ്പോലും ചരിത്രത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് ഇതിന്റെ പ്രാധാന്യമേറെയാണ്. ഇത്തരത്തിൽ ശരിയായ ചരിത്രാവബോധം നൽകുന്നതോടൊപ്പം കാലത്തിന്റെ മാറ്റത്തെ അഭിസംബോധനചെയ്യും വിധം ഈ മൂന്നു വകുപ്പുകളുടെ പ്രവർത്തനങ്ങളെ പുനഃസംഘാടനം ചെയ്യാനും വിപുലപ്പെടുത്താനും ജനകീയവൽക്കരിക്കാനുമുള്ള ശ്രമങ്ങളാണ് കഴിഞ്ഞ 10 വർഷങ്ങളായി സർക്കാർ നടത്തിവരുന്നത്.
നമ്മുടെ നാടിനെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ചരിത്ര സാംസ്‌കാരിക ഘടകങ്ങളെ കണ്ടെത്തി, പഠന ഗവേഷണ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ സാധാരണ ജനങ്ങളിലെത്തിച്ച പ്രവർത്തന നിരതമായ 10 വർഷങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ലോകത്തുതന്നെ ഏറ്റവും കൂടുതൽ താളിയോല ശേഖരമുളളത് നമ്മുടെ സംസ്ഥാന പുരാരേഖാ വകുപ്പിന്റെ കൈവശമാണ്. ഒരു കോടിയിലധികം വരുന്ന ഈ പൈതൃക രേഖാ സമ്പത്തും അവയിലുൾക്കൊളളുന്ന അമൂല്യമായ അറിവുകളും സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടും വിധം അവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ തയ്യാറാക്കിയ പദ്ധതിയാണ് 'ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റർ'. വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളിൽ സൂക്ഷിക്കുന്ന ഈ രേഖകളെ പഠന ഗവേഷണങ്ങൾക്കായി സൗകര്യപ്രദമായ ഒരു കേന്ദ്രത്തിൽ ലഭ്യമാക്കുകയും അവിടെ രേഖകളുടെ സംരക്ഷണത്തിനും സൗകര്യമൊരുക്കുകയും ചെയ്യുക എന്നത് ലക്ഷ്യമായിരുന്നു.
പ്രസ്തുത പദ്ധതിക്ക് ഉചിതമായ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. വിദഗ്ധ സമിതിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തെ ഏറ്റവും പഴയ സർവ്വകലാശാലയായ കേരള സർവ്വകലാശാലയുടെ ഏറ്റവും പഴക്കമുള്ള ഡിപ്പാർട്ടുമെന്റുകളിലൊന്നായ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയുടെ സമീപത്ത് താളിയോല രേഖാ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് ഉചിതമായിരിക്കും എന്ന് കണ്ടെത്തി. കേരള യൂണിവേഴ്‌സിറ്റിയും സംസ്ഥാന പുരാരേഖാ വകുപ്പും ചേർന്നുളള ഒരു സംയുക്ത പദ്ധതിയായി ഇത് ആവിഷ്‌ക്കരിക്കുകയും സ്ഥലം യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നും അതിനുവേണ്ട ലഭിക്കുകയും ചെയ്തു.
2021 ജനുവരി 7ന് മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതിയുടെ ആദ്യഘട്ടമാണ് ഇവിടെ പൂർത്തീകരിക്കപ്പെട്ടത്. അഞ്ച് കോടി അൻപത്തിയാറ് ലക്ഷം രൂപ ചെലവിട്ട് പണികൾ പൂർത്തിയാക്കിയ ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റർ കെട്ടിടം നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
തുടർന്നുളള രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കുള്ള ഫണ്ടും ഇതിനകം അനുവദിച്ചിട്ടുണ്ട്. താളിയോലരേഖകൾ ഈ മന്ദിരത്തിലേക്ക് മാറ്റി പഠന ഗവേണ കേന്ദ്രം സജ്ജീകരിക്കുന്ന പ്രവൃത്തിയാണ് ഇനി പൂർത്തിയാക്കാനുള്ളത്. അത് എത്രയും വേഗം പൂർത്തിയാക്കി ഈ ഗവേഷണ കേന്ദ്രം പ്രവർത്തന സജ്ജമാക്കുന്നതാണ്.
ചരിത്ര വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും ചിരകാലാഭിലാഷമായിരുന്ന ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റർ പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയിൽ പദ്ധതിക്കായി പണിതീർത്ത മന്ദിരം നാടിന് സമർപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു.കേരള സർവ്വകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ വിശിഷ്ടാതിഥിയായി. രജിസ്ട്രാർ-ഇൻ-ചാർജ് രശ്മി ആർ, സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി രജനി എം, സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, മ്യൂസിയം & മൃഗശാലാ വകുപ്പ് ഡയറക്ടർ പി.എസ്. മഞ്ജുളാദേവി, ഓറിയൻറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് & മാനുസ്‌ക്രിപ്റ്റ് ലൈബ്രറി മേധാവി അസിസ്റ്റന്റ് പ്രൊഫ നൗഷാദ് എസ്., കേരള സർവകലാശാല ഗവേഷക യൂണിയൻ ചെയർപേഴ്‌സൺ അമർനാഥ് എസ്.വി എന്നിവർ സംബന്ധിച്ചു. സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടർ പാർവ്വതി എസ് സ്വാഗതമാശംസിച്ചു. പുരാരേഖകളുടെ ശാസ്ത്രീയ സംരക്ഷണത്തിനും ഡിജിറ്റലൈസേഷനും ഗവേഷണ പ്രവർത്തനങ്ങൾക്കും പുതിയ ദിശാബോധം നൽകുക എന്നതാണ് ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്ററിന്റെ ലക്ഷ്യം.