യോഗ ജാതിമതങ്ങൾക്ക് അതീതമായ ചികിത്സാശാസ്ത്രമെന്ന് മന്ത്രി കെ. മുരളീധരൻ
അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ നാച്ചുറോപതി ആൻഡ് യോഗ മെഡിക്കൽ ഗ്രാജുവേറ്റ്സ് അസോസിയേഷൻ (INYGMA) സംഘടിപ്പിച്ച വാർഷിക ദേശീയ യോഗ ഉച്ചകോടിയായ ‘യോഗ മെഡ് 2026’ വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്നു. കേരള സർക്കാരിന്റെ ആരോഗ്യ–ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ നാച്ചുറോപതി ആൻഡ് യോഗ മെഡിക്കൽ ഗ്രാജുവേറ്റ്സ് അസോസിയേഷൻ (INYGMA) സംഘടിപ്പിച്ച വാർഷിക ദേശീയ യോഗ ഉച്ചകോടിയായ ‘യോഗ മെഡ് 2026’ വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്നു. കേരള സർക്കാരിന്റെ ആരോഗ്യ–ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗ മതത്തിനും ജാതിക്കും അതീതമാണെന്നും ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഒരുപോലെ ഗുണം ചെയ്യുന്ന യഥാർത്ഥ ചികിത്സാരീതിയാണെന്നും എല്ലാവരും ജീവിതത്തിൽ അനുഭവിച്ചറിയേണ്ട ഒന്നാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സ്വാഗതപ്രസംഗം INYGMA ദേശീയ വൈസ് പ്രസിഡന്റ് ഡോ. ദിനേശ് കർത്ത നിർവഹിച്ചു. ദേശീയ കോ-ഓർഡിനേറ്റർ ഡോ. സിജിത്ത് ശ്രീധർ മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. സ്വീകരണ സമിതി ചെയർമാൻ ഡോ. ബാബു ജോസഫ് അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ അംഗം ഡോ. ഷിംജി പി. നായർ,ഡോ മേഴ്സി എന്നിവർ വിശിഷ്ടാതിഥികൾ ആയി പങ്കെടുത്തു. നന്ദിപ്രസംഗം സ്വീകരണ സമിതി വൈസ് ചെയർമാൻ ഡോ. ശ്യാംകുമാർ സി.പി. നിർവഹിച്ചു. ദേശീയ ഗാനത്തോടെയാണ് പരിപാടി സമാപിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 300 പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിവിധ വിഷയങ്ങളിൽ ശാസ്ത്രീയ സെമിനാറുകൾ നടന്നു. യോഗ തെറാപ്പിയുടെയും നാച്ചുറോപതിയുടെയും ആരോഗ്യഗുണങ്ങൾ എന്ന വിഷയത്തിൽ ഡോ. കെ. ആർ. ജയകുമാർ പ്രഭാഷണം നടത്തി. ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗയുടെ പങ്ക് എന്ന വിഷയത്തിൽ ഡോ. അരുണ്‍ തുളസി ക്ലാസെടുത്തു. തുടർന്ന് “പ്രതിസന്ധികളിൽ നിന്ന് സന്തുലിതാവസ്ഥയിലേക്ക്: യോഗയെ ആസ്പദമാക്കിയ കേസ് പഠനം” എന്ന വിഷയത്തിൽ ഡോ. തൃഷ്‌ണ ദേവരാജൻ പ്രഭാഷണം നടത്തി.
പോസ്റ്റർ അവതരണ മത്സരത്തിലെ വിജയികൾ അവരുടെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാപന സെഷനിൽ “ആരോഗ്യപരിപാലനത്തിന് സുസ്ഥിരമായ സമീപനമായി യോഗയും നാച്ചുറോപതിയും” എന്ന വിഷയത്തിൽ ഡോ. സുജിൻ ഹെർബർട്ട് പ്രഭാഷണം നടത്തി. യോഗ, നാച്ചുറോപതി, ഗവേഷണം, തെളിവാധിഷ്ഠിത ചികിത്സ എന്നിവയെ ഏകോപിപ്പിക്കുന്നതിൽ ഇത്തരം സെമിനാറുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.