പാലക്കാട് ജില്ലയിലെ തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ജില്ലയിലെ തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി മാറ്റണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നവീന കൃഷിരീതികള്‍ അവലംബിച്ചുകൊണ്ട് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കേര പദ്ധതി നിര്‍വഹണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


 പാലക്കാട് : ജില്ലയിലെ തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി മാറ്റണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നവീന കൃഷിരീതികള്‍ അവലംബിച്ചുകൊണ്ട് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കേര പദ്ധതി നിര്‍വഹണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കണം. കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാതെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. ശാസ്ത്രീയമായ കൃഷിരീതികള്‍ പിന്തുടരേണ്ടതിന്റെ പ്രാധാന്യവും മന്ത്രി സൂചിപ്പിച്ചു.

കേരളത്തിലെ കാര്‍ഷിക മേഖലയുടെ സുസ്ഥിര വളര്‍ച്ചയും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിച്ചുകൊണ്ടുള്ള കൃഷിരീതികളിലൂടെ വരുമാന വര്‍ദ്ധനവും ലക്ഷ്യമിട്ട് ലോകബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേര. മാറുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കാനും കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനവും മൂല്യവര്‍ദ്ധനയും വിപണനവും വര്‍ദ്ധിപ്പിക്കാനും കര്‍ഷകര്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കാനുമാണ് കേര പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.
കാര്‍ഷിക പാരിസ്ഥിതിക യൂണിറ്റുകള്‍ അടിസ്ഥാനമാക്കി ഓരോ പ്രദേശങ്ങള്‍ക്കും അനുസൃതമായ കൃഷിരീതികള്‍ നടപ്പിലാക്കാനും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായവും കേര പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നുണ്ട്. റബര്‍, കാപ്പി, ഏലം തുടങ്ങിയ വിളകളുടെ പുനരുജ്ജീവനത്തിനും കര്‍ഷക ഉത്പാദക കമ്പനികള്‍, അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍, അഗ്രി പാര്‍ക്കുകള്‍ എന്നിവയുടെ സമഗ്ര വികസനത്തിനുമായി പ്രത്യേക പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (IRRI), കേരള കാര്‍ഷിക സര്‍വകലാശാല, വ്യവസായ വാണിജ്യ വകുപ്പ്, ജലസേചന വകുപ്പ്, കിന്‍ഫ്ര, സ്റ്റാര്‍ട്ടപ്പ് മിഷന്‍, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്, മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ്, സ്‌പൈസസ് ബോര്‍ഡ്, കോഫി ബോര്‍ഡ്, റബര്‍ ബോര്‍ഡ്, വിഎഫ്പിസികെ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കൃഷിവകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേര പ്രൊക്യുര്‍മെന്റ് ഓഫീസര്‍ സുരേഷ് തമ്പി കേര പദ്ധതികള്‍ അവലോകനം ചെയ്തു. കേര സെല്‍ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ കെ.എ.യു ആന്റ് കോര്‍ഡിനേറ്റര്‍ ഡോ. എസ്. ലത കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനായുള്ള നെല്‍കൃഷി സമ്പ്രദായം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. 'സ്ട്രെങ്ത്‌നിങ് അഗ്രിബിസിനസ് ആന്‍ഡ് ദി ഫുഡ് സിസ്റ്റം, അഗ്രി ബേസ്ഡ് എസ്.എം.ഇ., അഗ്രിടെക് സ്റ്റാര്‍ട്ടപ്സ് ആന്‍ഡ് ഫുഡ് പാര്‍ക്‌സ്' എന്ന വിഷയത്തില്‍ കേര പ്ലാന്റേഷന്‍ സ്‌പെഷ്യലിസ്റ്റ് ആര്‍.എസ്. ആഞ്ജിത്തും 'ഉത്പാദക സഖ്യങ്ങള്‍: അവസരങ്ങളും സാധ്യതകളും' എന്ന വിഷയത്തെക്കുറിച്ച് തൃശ്ശൂര്‍ ആര്‍.പി.എം.യു റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ പി. ഉണ്ണിരാജനും ക്ലാസെടുത്തു.


പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അധ്യക്ഷനായി. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ മുഖ്യാതിഥിയായി. കേര സെല്‍ കോര്‍ഡിനേറ്റര്‍ ഡോ.എസ്.ലത, ജില്ലാ കൃഷി ഓഫീസര്‍ അറുമുഖ പ്രസാദ്, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ എന്‍. ഷീല., ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എം.ഗിരീഷ്., അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയര്‍ പി. അരുണ്‍., കേര റീജിയണല്‍ പ്രൊജക്ട്് ഡയറക്ടര്‍ ഉണ്ണിരാജന്‍, ജോസഫ് ജോണ്‍ തേറാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.