അക്കാദമിക രംഗത്ത് മാത്രമല്ല, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല മികവ് പുലര്‍ത്തുന്നു: മന്ത്രി ബിന്ദു കൃഷ്ണ

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല അക്കാദമിക രംഗത്ത് മാത്രമല്ല, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്നുവെന്ന് തൊഴില്‍, വനിതാ-ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ. സര്‍വകലാശാല സംഘടിപ്പിക്കുന്ന മൂന്നാമത് സംസ്ഥാന കലോത്സവത്തിന്റെ ലോഗോ പ്രകാശനം  കൊല്ലം പ്രസ് ക്ലബ്ബില്‍  നിര്‍വഹിക്കുകയായിരുന്നു മന്ത്രി

 

കൊല്ലം :ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല അക്കാദമിക രംഗത്ത് മാത്രമല്ല, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്നുവെന്ന് തൊഴില്‍, വനിതാ-ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ. സര്‍വകലാശാല സംഘടിപ്പിക്കുന്ന മൂന്നാമത് സംസ്ഥാന കലോത്സവത്തിന്റെ ലോഗോ പ്രകാശനം  കൊല്ലം പ്രസ് ക്ലബ്ബില്‍  നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം കേവലം അറിവ് നേടുന്നതിനുള്ള പ്രക്രിയ മാത്രമല്ല, ഓരോ വ്യക്തിയുടെയും കഴിവുകളും അഭിരുചികളും വികസിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ്. 'വിദ്യാഭ്യാസം എല്ലാവര്‍ക്കും' എന്നതാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല മുന്നോട്ടുവയ്ക്കുന്ന ആശയമെന്നും മന്ത്രി പറഞ്ഞു.

ലോഗോ രൂപകല്‍പനാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കണ്ണൂര്‍ പിലാത്തറ സെന്റ്. ജോസഫ് കോളേജ് ലേണര്‍ സപ്പോര്‍ട്ട് സെന്ററിലെ ചരിത്ര ബിരുദ വിദ്യാര്‍ഥിയായ വി അരുണ്‍ രമേശിനെ ചടങ്ങില്‍ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. വയലിന്റെ രൂപഘടനയും അതിന് താഴെയായി ചിത്രശലഭം പറന്നുയരുന്നതിന്റെ പ്രതീകാത്മകതയുമാണ് ലോഗോയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കലയുടെ സ്വാതന്ത്ര്യത്തെയും സര്‍ഗാത്മകതയുടെ ചിറകുകളെയും ആശയം പ്രതിനിധീകരിക്കുന്നു. വിവിധ കലാരൂപങ്ങളുടെ വൈവിധ്യവും സംഗമവും സൂചിപ്പിക്കുന്ന വര്‍ണവിന്യാസവും ലോഗോയ്ക്ക് സവിശേഷമായ ആകര്‍ഷണം നല്‍കുന്നു.

സംസ്ഥാന കലോത്സവം ഡിസംബര്‍ 27, 28, 29 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നടക്കും. അഞ്ച് പ്രാദേശിക കേന്ദ്രങ്ങളിലായി നവംബര്‍ 21, 22 തീയതികളില്‍ റീജണല്‍ കലോത്സവത്തിന്റെ സാഹിത്യ രചനാമത്സരങ്ങളും 28, 29 തീയതികളില്‍ വ്യക്തിഗത സ്റ്റേജ് ഇനങ്ങളും അരങ്ങേറും. സാഹിത്യരചനാ മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്കും വ്യക്തിഗത സ്റ്റേജ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്കുമാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ഇതുവരെ 98 സാഹിത്യ-വ്യക്തിഗത മത്സരങ്ങളിലായി നാലായിരത്തില്‍പ്പരം വിദ്യാര്‍ഥികള്‍ റീജണല്‍ കലോത്സവത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റീജണല്‍ കലോത്സവ രജിസ്‌ട്രേഷന്‍ നവംബര്‍ 18 വരെ തുടരും. സംസ്ഥാന കലോത്സവത്തില്‍ 130 മത്സരയിനങ്ങളില്‍ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.

വൈസ് ചാന്‍സലര്‍ ഡോ.വി പി ജഗതിരാജ് ലോഗോ പ്രകാശന ചടങ്ങില്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ കല്ലട ഗിരീഷ്, ഡോ.പി സുല്‍ഫി, ഡോ. ജോണ്‍ ജോസഫ്, എം കെ ശ്രീനിവാസന്‍, ഡോ. സി രാജേഷ്, ഡോ. എസ് ജയപ്രകാശ്, അജിത കുമാരി, ഡോ.ജി എസ് ഷീനു, ജോയല്‍ ജോണ്‍ ജോസഫ്, രജിസ്ട്രാര്‍ ഡോ.അഭിലാഷ് ബാബു, ഫിനാന്‍സ് ഓഫീസര്‍ എം എസ് ശരണ്യ, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.അനന്ത എസ് രശ്മി, സൈബര്‍ കണ്‍ട്രോളര്‍ ടി ബിജുമോന്‍, അക്കാദമിക് ഡയറക്ടര്‍ ഡോ.സോഫിയ രാജന്‍, മറ്റ് ഓഫീസര്‍മാര്‍, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.