സംഭരണശാലകൾ ശാസ്ത്രീയമാക്കും: മന്ത്രി അനൂപ് ജേക്കബ്

   സപ്ലൈകോ, എൻ.എഫ്.എസ്.എയുടെ കീഴിലുള്ള എല്ലാ സംഭരണശാലകളും ശാസ്ത്രീയമാക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. നിലവിലുള്ള ഗോഡൗണുകളുടെ സ്ഥിതി പരിശോധിക്കാനും മന്ത്രി നിർദ്ദേശിച്ചു. നൂറുദിന കർമ്മപരിപാടിയുടെ വകുപ്പുതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

   സപ്ലൈകോ, എൻ.എഫ്.എസ്.എയുടെ കീഴിലുള്ള എല്ലാ സംഭരണശാലകളും ശാസ്ത്രീയമാക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. നിലവിലുള്ള ഗോഡൗണുകളുടെ സ്ഥിതി പരിശോധിക്കാനും മന്ത്രി നിർദ്ദേശിച്ചു. നൂറുദിന കർമ്മപരിപാടിയുടെ വകുപ്പുതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പല ഗോഡൗണുകളും അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനാൽ സാധനങ്ങൾ നശിച്ചുള്ള നഷ്ടം അധികമാണ്. 175 ഗോഡൗണുകളിൽ ഏഴെണ്ണം മാത്രമാണ് സപ്ലൈകോയ്ക്ക്  സ്വന്തമായുള്ളത്. പലതിനും കടമുറി സൗകര്യം മാത്രം. ഇവയിൽ ശാസ്ത്രീയമായ ഗോഡൗണുകളുടെ എണ്ണം അറിയിക്കാനും മന്ത്രി നിർദ്ദേശിച്ചു. നിലവിലുള്ള എൻ.എഫ്.എസ്.എ. ഗോഡൗണുകൾ സപ്ലൈകോയിൽ തുടരും. 318 തസ്തികകൾ ലഭ്യമാക്കാൻ ധനവകുപ്പുമായി ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

അപേക്ഷിക്കുന്ന അർഹരായ എല്ലാവർക്കും എഎവൈ മുൻഗണനാ കാർഡുകൾ നൽകും. അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടി. നിലവിൽ 24,427 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

ആറ് മാവേലി സൂപ്പർ സ്റ്റോറുകളും രണ്ട് സൂപ്പർ മാർക്കറ്റുകളും എറണാകുളം  വൈറ്റിലയിൽ കൺവീനിയന്റ് സ്റ്റോറും അടുത്തമാസം ആദ്യം പ്രവർത്തന സജ്ജമാകും. എല്ലാ പഞ്ചായത്തിലും മാവേലി സ്റ്റോറുകൾ ഉറപ്പാക്കും. അതിനായി പട്ടിക നൽകാനും മന്ത്രി നിർദ്ദേശിച്ചു.

സ്‌കൂൾ/ കോളജ് തലത്തിലുള്ള കൺസ്യൂമർ ക്ലബ്ബുകളുടെ മാർഗരേഖ പരിഷ്‌കരിക്കും. ക്ലബ്ബിന്റെ പ്രവർത്തനത്തെ തൂഫാൻ പോലുള്ള പരിപാടികളുമായി ബന്ധിപ്പിക്കും. നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന 1,000 പുതിയ ക്ലബ്ബുകളിൽ 41 എണ്ണം ആരംഭിച്ചു. ബാക്കി അടുത്തമാസം എട്ടിനകം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കൺസ്യൂമർ ക്ലബ്ബുകൾ സജീവമാക്കാനുള്ള പ്രവർത്തനങ്ങളെപ്പറ്റി റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശിച്ചു.

നിലവിലുള്ള 147ന് പുറമെ, 28 ഉന്നതികളിലേക്ക് കൂടി ഭക്ഷ്യധാന്യങ്ങൾ എത്തിക്കും. അവർക്കെല്ലാം ആഗസ്റ്റിലെ റേഷൻ വിതരണം വാതിൽപ്പടിയായി എത്തിക്കും. സംസ്ഥാനതല ഫ്ലാഗ്ഓഫ് കാസർഗോഡ് നടത്തും.

ഒരുവർഷം കൊണ്ട് ഓട്ടോറിക്ഷകളുടെ മീറ്റർ വെരിഫിക്കേഷൻ 15 കിലോമീറ്റർ പരിധിക്കുള്ളിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈനായി ബുക്ക് ചെയ്യാനുള്ള പോർട്ടൽ കൈകാര്യം ചെയ്യാൻ ഓട്ടോതൊഴിലകളികൾക്കായി ലീഗൽ മെട്രോളജി വകുപ്പ് ബോധവൽക്കരണം നടത്തും.

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ്, ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ. ഹിമ, സപ്ലൈകോ എം.ഡി. ജയകൃഷ്ണൻ വി. മോഹൻ, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, റേഷൻ കൺട്രോളർ മോഹൻ കുമാർ, പാഡി മാനേജർ സീനു ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.