പെട്രോളില്‍ എഥനോളിന്റെ അളവ് എത്ര?
ശുദ്ധമായ പെട്രോള്‍ സാമ്പിള്‍ ലഭ്യമാക്കണം; കേന്ദ്രമന്ത്രിമാര്‍ക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

എക്‌സാമിനേഴ്‌സ് ലബോറട്ടറികള്‍ക്ക് കൈമാറുകയും
 
സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവ കൈമാറുന്നതില്‍നിന്ന് പിന്മാറുകയായിരുന്നു

തിരുവനന്തപുരം:  സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോള്‍ മിശ്രിതത്തിന്റെ അളവ് പരിശോധിക്കാന്‍ ശുദ്ധമായ പെട്രോളിന്റെ സാംപിള്‍ നല്‍കാന്‍ കൂട്ടാക്കാതെ എണ്ണക്കമ്പനികള്‍. ഈ സാഹചര്യത്തില്‍ എണ്ണക്കമ്പനികളില്‍നിന്ന് 100 ശതമാനം ശുദ്ധമായ പെട്രോള്‍ സാംപിളുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ചു.

തുടക്കത്തില്‍ സാംപിളുകള്‍ നല്‍കാമെന്ന് കമ്പനികള്‍ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവ കൈമാറുന്നതില്‍നിന്ന് പിന്മാറുകയായിരുന്നുവെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. 

എഥനോള്‍ മിശ്രിതം വാഹനങ്ങളുടെ എന്‍ജിനുകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളില്‍നിന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ വിവിധ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്ന് പെട്രോള്‍ സാമ്പിളുകള്‍ ശേഖരിച്ചു. സിവില്‍ സപ്ലൈസ് വകുപ്പ് നിശ്ചിത പ്രോട്ടോക്കോള്‍ പാലിച്ചാണു സാമ്പിളുകള്‍ ശേഖരിച്ചത്. 

പരിശോധനയ്ക്കായി ഇവ സംസ്ഥാന കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറികള്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ശേഖരിച്ച സാമ്പിളുകളിലെ എഥനോള്‍ അളവ് കൃത്യമായി നിര്‍ണയിക്കുന്നതിനും ക്രോസ് മാച്ചിങ് നടത്തുന്നതിനും 100 ശതമാനം ശുദ്ധമായ പെട്രോള്‍ സാമ്പിളുകള്‍ അനിവാര്യമാണെന്നാണു ലബോറട്ടറി അധികൃതര്‍ അറിയിച്ചത്.