പെട്രോൾ പമ്പുകളിൽ എഥനോൾ അളവ് പരിശോധന; ക്രമക്കേട് കണ്ടാൽ നിയമനടപടിയെന്ന് മന്ത്രി അനൂപ് ജേക്കബ്

പെട്രോളിൽ നിശ്ചിത പരിധിയിൽ കൂടുതൽ എഥനോൾ കലർത്തി വിൽപന നടത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്

 

പെട്രോളിൽ നിശ്ചിത പരിധിയിൽ കൂടുതൽ എഥനോൾ കലർത്തി വിൽപന നടത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും കണ്ണൂരിലുമായി ഒമ്പതു പമ്പിൽനിന്ന് സാമ്പിൾ ശേഖരിച്ചു.  കർണാടകയിലെ ചില പമ്പിൽ അളവിൽ കൂടുതൽ എഥനോൾ കലർത്തിയ ഇന്ധനം വിൽപന നടത്തിയതായി കണ്ടെത്തിയതിനു പിന്നാലെയാണ് കേരളത്തിലും സർക്കാർ പരിശോധനയ്ക്ക് ഉത്തരവിട്ടത്. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഇന്ധനം ഉറപ്പാക്കാനും ഇന്ധനത്തിലെ മായംചേർക്കലും മറ്റ് ക്രമക്കേടുകളും തടയാനുമാണു നടപടിയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പരിശോധനയിൽ അളവിൽ കൂടുതൽ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളത്ത് മൂന്നും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടു വീതവും പമ്പുകളിലാണു പരിശോധന നടന്നത്. പരിശോധന വൈകിട്ടു ആറുമണിവരെ തുടർന്നു. പമ്പിലെ സെയിൽസ് മാനേജറുടെ സാന്നിധ്യത്തിൽ നിയമപ്രകാരമുള്ള നടപടി പൂർത്തിയാക്കി ആറു സാമ്പിളുകൾ ശേഖരിച്ചു. തുടർന്ന് സാമ്പിൾ ശേഖരണവുമായി ബന്ധപ്പെട്ട മഹസർ നടപടികളും പൂർത്തിയാക്കി. ഇന്ധന കമ്പനി പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

ഒരോ പമ്പിൽനിന്നും ഒരു ലിറ്റർ വീതമുള്ള ആറു കാനുകളിലാണു സീൽ ചെയ്ത് സാമ്പിൾ ശേഖരിച്ചത്. ഇതിൽ രണ്ടു കാനുകൾ റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറികളിൽ നിശ്ചിത ഗുണനിലവാര പരിശോധനക്കായി നൽകും. രണ്ടുകാനുകൾ സിവിൽ സപ്ളൈസ് ഓഫീസിൽ സൂക്ഷിക്കും. രണ്ടെണ്ണം സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കാനായി പമ്പിന്റെ ലൈസൻസിയെ  ഏൽപ്പിച്ചു.

എഥനോളിന്റെ അളവ് നിശ്ചിത പരിധിക്കുള്ളിലാണോ, ഇന്ധനം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു  പ്രധാനമായും പരിശോധിക്കുന്നത്. പത്തുദിവസത്തിനകം ഫലം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ നിലവിൽ പെട്രോളിൽ അനുവദനീയമായതിലധികം എഥനോൾ കലർത്തിയതായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും കർണാടകയിൽ കണ്ടെത്തിയ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിലാണു പരിശോധന നടത്തുന്നതെന്നു മന്ത്രി അറിയിച്ചു.

2005 ലെ മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈസ്പീഡ് ഡീസൽ (റെഗുലേഷൻ ഓഫ് സപ്ലൈ, ഡിസ്ട്രിബ്യൂഷൻ ആൻഡ് പ്രിവൻഷൻ ഓഫ് മാൽപ്രാക്ടീസസ്) നിയമം എട്ടാം വകുപ്പിലെയും 2024 മേയ് മൂന്നിന് നിലവിൽവന്ന ഭേദഗതിയിലെയും വ്യവസ്ഥകൾ അനുസരിച്ചാണ് സാമ്പിൾ ശേഖരണം നടത്തിയത്.

പരിശോധനാ നടപടികളിൽ ഓയിൽ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യവും ഉറപ്പാക്കിയിരുന്നു. സാമ്പിൾ ശേഖരണത്തിനായി പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ അംഗീകരിച്ച പ്രത്യേക കുപ്പികളാണ് എത്തിച്ചത്. സാമ്പിളുകളുടെ ഗുണനിലവാരത്തിൽ മാറ്റം വരാതെയും പരിശോധനാഫലത്തിന്റെ വിശ്വാസ്യത ഉറപ്പാക്കിയും ശേഖരണവും കൈമാറ്റവും നടത്തുന്നതിനാണു പ്രത്യേക ക്രമീകരണം.

സാമ്പിളുകൾ നിശ്ചിത നടപടിക്രമങ്ങൾ പൂർത്തിയാക്കി അംഗീകൃത ലബോറട്ടറിയിലേക്ക് അയയ്ക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യഘട്ടത്തിൽ നിശ്ചയിച്ച പമ്പുകളിൽ മാത്രമല്ല, ക്രമക്കേട് കണ്ടെത്തിയാൽ, വിവിധ ജില്ലകളിലെ പെട്രോൾ പമ്പുകളിൽ പരിശോധന നടത്താനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനം.

എറണാകുളത്ത് ചെമ്പുമുക്കിലും ഇരുമ്പനത്തുമുള്ള രണ്ടു പമ്പുകളിലും തിരുവനന്തപുരത്ത് വഴയിലയിലും കവടിയാറിലുമുള്ള പമ്പുകളിലുമായിരുന്നു പരിശോധന. കോഴിക്കോട് എൻജിഒ ക്വാർട്ടേഴ്സിനും സരോവരം പാർക്കിനും സമീപമുള്ള രണ്ടു പമ്പുകളിലുമാണു പരിശോധന നടത്തിയത്. കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ കണ്ണോത്തുംചാലിലും വാരത്തുമുള്ള രണ്ടു പമ്പുകളിൽ പരിശോധന നടന്നു.