പ്രകൃതിയെ അറിഞ്ഞും കണ്ടും വളരാനുള്ള സാഹചര്യം വരുംതലമുറക്ക് ഒരുക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

പ്രകൃതിയെ അറിഞ്ഞും കണ്ടും വളരാനുള്ള സാഹചര്യം വരുംതലമുറക്ക് ഒരുക്കിനല്‍കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനം, വന്യജീവി വകുപ്പ് സമൂഹ്യ വനവത്കരണ വിഭാഗം ഉത്തര മേഖല ഡിവിഷന്റെ നേതൃത്വത്തില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍ നിര്‍മിച്ച ശലഭോദ്യാനവും നക്ഷത്ര വനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

കോഴിക്കോട് : പ്രകൃതിയെ അറിഞ്ഞും കണ്ടും വളരാനുള്ള സാഹചര്യം വരുംതലമുറക്ക് ഒരുക്കിനല്‍കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനം, വന്യജീവി വകുപ്പ് സമൂഹ്യ വനവത്കരണ വിഭാഗം ഉത്തര മേഖല ഡിവിഷന്റെ നേതൃത്വത്തില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍ നിര്‍മിച്ച ശലഭോദ്യാനവും നക്ഷത്ര വനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും നഗര സൗന്ദര്യവത്കരണത്തിന്റെയും ഭാഗമായി പ്രകൃതിപഠനത്തിന് ഉതകുന്ന ശലഭോദ്യാനം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഒരുക്കുകയാണ്. ആദ്യഘട്ടത്തില്‍ മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജും ഗുരുവയൂരപ്പന്‍ കോളേജുമാണ് ഇടം നേടിയത്. രണ്ടാം ഘട്ടത്തില്‍ ഫാറൂഖ് കോളേജിലും ശലഭ്യോദ്യാനം നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു.

പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ശോഭീന്ദ്രന്റെ സ്മരണാര്‍ഥം നിര്‍മിച്ച ശലഭോദ്യാനത്തിന് 'ശോഭീന്ദ്രം' എന്നാണ് പേരിട്ടത്. കോളേജ് നേച്ചര്‍ ക്ലബിന്റെയും ഭൂമിത്രസേന ക്ലബിന്റെയും നേതൃത്വത്തില്‍ വനം വകുപ്പിന്റെ സഹകരണത്തോടെയാണ് ഇത് നിര്‍മിച്ചത്.

ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ ഈസ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ വി എസ് ബോധികൃഷ്ണ മുഖ്യാതിഥിയായി. ആര്‍ കീര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ ശോഭീന്ദ്രന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം ഗുരുവായൂരപ്പന്‍ കോളേജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. രജനി, പി ധനേഷ് കുമാര്‍, ഡോ. കെ അനൂപ്, എ പി ഇംതിയാസ്, സത്യപ്രഭ, ആര്‍ സന്തോഷ് കുമാര്‍, ഡോ. കെ സുധീര്‍, കോളേജ് മാനേജര്‍ രവീന്ദ്ര വര്‍മരാജ, കെ എന്‍ ദിവ്യ, തച്ചോലത്ത് ഗോപാലന്‍ മണാശ്ശേരി, കെ നീതു എന്നിവര്‍ സംസാരിച്ചു.